Tuesday, 28 February 2017

മണ്ടക്കാട്ട് ഭഗവതി ക്ഷേത്രം :---



മണ്ടക്കാട്ട് ഭഗവതി ക്ഷേത്രം :---
🌺 🌺 🌺 🌺 🌺 🌺 🌺 🌺 🌺 🌺 🌺 🌺 സര്‍വമന്ത്രയന്ത്രതന്ത്ര സ്വരൂപിണിയും വരദായിനിയുമായ മണ്ടക്കാട്ട് ഭഗവതി കുടികൊള്ളുന്ന ക്ഷേത്രമാണ് കന്യാകുമാരിയിലെ അഴകിയമണ്ഡപത്തിനടുത്തുള്ള മണ്ടക്കാട്ടമ്മന്‍ ക്ഷേത്രം. വൈഷ്ണവാംശ ശക്തിയാണ് ഇവിടെ പ്രതിഷ്ഠ. പ്രധാന ഉത്സവമായ കൊടയ്ക്ക് സ്ത്രീകള്‍ ധാരാളമായി എത്തുന്നതു കൊണ്ട് സ്ത്രീകളുടെ ശബരിമല എന്ന പേരിലും ഇവിടെ അറിയപ്പെടുന്നു. ആദിപരാശക്തിയുടെ പ്രതിഷ്ഠയാണിവിടുത്തേത്.
പൊങ്കാലയും കടല്‍ കാണലും...
മണ്ടക്കാട് ക്ഷേത്രാചാരപ്രകാരം ഭഗവതിയെ ദര്‍ശിക്കാന്‍ വരുന്നവര്‍ നിശ്ഛയമായും പൊങ്കാലയിടണം. പൊങ്കാലയ്ക്കുള്ള സാധനങ്ങളെല്ലാം അന്പലത്തിനടുത്തുള്ള കടകളില്‍ നിന്ന് കിട്ടും. പൊങ്കാല നിവേദിക്കുന്നതും ഭക്തര്‍ തന്നെയാണ്. ചെറിയ ഇലക്കീറിന്‍ പൊങ്കാലയുടെ ഒരംശം വച്ച് ആരതികഴിഞ്ഞ് നിവേദ്യം സമര്‍പ്പിച്ചു കഴിഞ്ഞു. പൊങ്കാലയിട്ട് നിവേദ്യം സമര്‍പ്പിച്ച് കഴിഞ്ഞാല്‍ "കടല്‍ കാണുക' എന്ന ചടങ്ങുണ്ട്. അന്പലത്തിന്‍റെ പിന്‍ഭാഗത്തുള്ള വഴിയിലൂടെ നേരെ നടന്നാല്‍ കടല്‍ക്കരയിലെത്തും. കടല്‍ വെള്ളത്തില്‍ കാല്‍ നനച്ചു കഴിഞ്ഞാല്‍ ഭക്തര്‍ക്ക് തിരിച്ച് പോകാം.
വളരെ വിചിത്രമായ മറ്റൊരു ആചാരമാണ് മീന്‍ കറിയുണ്ടാക്കല്‍. ഭക്തര്‍ അവിടെ നിന്ന് വാങ്ങിയ മീനുപയോഗിച്ച് അവിടെ വച്ച് തന്നെ മീന്‍കറിയുണ്ടാക്കിക്കഴിക്കുന്നു.
ഐതീഹ്യം...
ക്ഷേത്രോല്‍പത്തിയുമായി ബന്ധപ്പെട്ട് പ്രധാനമായും രണ്ട് ഐതീഹ്യങ്ങളാണ് നിലവിലുള്ളത്.പനന്തേങ്ങ പരസ്പരം എറിഞ്ഞ് കളിക്കുന്ന ഒരു കളിയാണ് കട്ടയടി. ഒരിക്കല്‍ കുറച്ച് ഇടയന്‍മാര്‍ ഈ കളി കളിച്ച് കൊണ്ടിരിക്കേ അരികിലുള്ള ഒരു ചിതല്‍പ്പുറ്റില്‍ത്തട്ടി അതില്‍ നിന്ന് രക്തപ്രവാഹമുണ്ടായി. ദേവി വല്മീകരൂപത്തില്‍ ഇവിടെ ആവിര്‍ഭവിച്ചിരിക്കുകയാണ് എന്ന് ഒരാള്‍ ഉറഞ്ഞുതുള്ളി പറഞ്ഞു.പൊട്ടിയ പുറ്റിന്‍റെ വിടവ് ചന്ദനം കൊണ്ട് അടച്ചു. അപ്പോള്‍ രക്തപ്രവാഹം നിലച്ചു. പിന്നീട് മുതല്‍ അമ്മന് മുറയ്ക്ക് പൂജ ആരംഭിച്ചു. പൂജ ആരംഭിച്ചതോടെ പുറ്റ ക്രമേണ വളരാന്‍ തുടങ്ങി. ഇപ്പോഴത് ചെറിയ പര്‍വ്വതം പോലെയായിക്കഴിഞ്ഞു. ഉത്സവദിവസങ്ങളില്‍ ദൂരദിക്കുകളില്‍ നിന്നുപോലും ആളുകള്‍ മണ്ടക്കാട്ടമ്മന്‍റെ ദര്‍ശനത്തിനായി എത്തിച്ചേരുന്നു.ആയിരത്തി ഇരുന്നൂറോളം കൊല്ലം പഴക്കം വരുന്നതാണ് അന്പലവുമായി ബന്ധപ്പെട്ട മറ്റൊത്ധ ഐതീഹ്യം. മഹാവിഷ്ണുവിന്‍റെ അനുചരന്‍മാരിലൊരാള്‍ മണ്ടെക്കാട്ട് എത്തിയിരുന്നു. അദ്ദേഹം അന്ന് പൂജ ചെയ്യാന്‍ തെരഞ്ഞെടുത്ത സ്ഥലത്താണത്രെ ശക്തിയുടെ അന്പലം പണി ചെയ്തത്.
മഹാവിഷ്ണുവിന്‍റെ ചക്രം സ്ഥാപിച്ച് ആരാധിച്ച ശിഷ്യന് പൂജ കഴിഞ്ഞ് ചക്രമെടുക്കാനായില്ല. തുടര്‍ന്ന് അദ്ദേഹം ദേവീ പ്രീതിക്കായി പ്രാര്‍ത്ഥിച്ചു. പ്രാര്‍ത്ഥന കേട്ട് പ്രത്യക്ഷപ്പെട്ട ശക്തി ആ സ്ഥലം തനിക്കിഷ്ടമായെന്നും അവിടെ തന്നെ വച്ച് പൂജിക്കണമെന്നും ആജ്ഞാപിച്ചു. അതനുസരിച്ച് അവിടെ കഴിഞ്ഞ മഹാവിഷ്ണുവിന്‍റെ ശിഷ്യന്‍ ഒരിക്കല്‍ ഭൂമിദേവിയെ പ്രതീപ്പെടുത്തി സമാധിയുമായി. അതു വഴി കാളവണ്ടിയില്‍ പോയ രണ്ട് വ്യാപാരികള്‍ വിശപ്പകറ്റാന്‍ സമീപത്തെ വീടുകളില്‍ ചെന്നു. അവര്‍ ആ വ്യാപാരികളെ അമ്മന്‍ സന്നിധിയിലേയ്ക്ക് കൊണ്ടു വന്നു. അപ്പോള്‍ കുളിച്ചു ശുദ്ധിയോടെ വന്നാല്‍ ആഹാരം ലഭിക്കുമെന്ന അശരീരിയാണ് അവര്‍ കേട്ടത്. അതനുസരിച്ച് തിരിച്ചെത്തിയ വ്യാപാരികള്‍ക്ക് രണ്ട് വാഴയിലയില്‍ ഭക്ഷണം കിട്ടി. ആഹാരശേഷം ഉറങ്ങിയ അവര്‍ക്ക് തിരിച്ചു പോകുന്നതിനു മുന്പ് ദേവീ ദര്‍ശനവും ലഭിച്ചു.വ്യാപാരികള്‍ അവരുടെ പണസഞ്ചികള്‍ ദേവീ സന്നിധിയില്‍ ഉപേക്ഷിച്ചാണ് സ്ഥലം വിട്ടത്. അടുത്ത ദിവസം തിരുവിതാംകോട് സംസ്ഥാന മഹാരാജാവിന്‍റെ സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ട് ഇക്കാര്യങ്ങള്‍ ദേവി വിവരിച്ചെന്നും ആ സ്ഥലത്ത് തനിക്കായി ഒരു അന്പലം പണിയാന്‍ ആവശ്യപ്പെടുകയും ചെയ്തു. അങ്ങനെ രാജാവ് ദേവീ കല്‍പന പ്രകാരം നിര്‍മ്മിച്ചതാണ് മണ്ടയ്ക്കാട് ക്ഷേത്രമെന്നാണ് ഐതീഹ്യം.
കൊട മഹോത്സവം...
മണ്ടക്കാട് കൊട എന്നാല്‍ ഭഗവതിയുടെ പരിവാരങ്ങളായ ഭൂതഗണങ്ങള്‍ക്ക് ബലി കൊടുക്കുന്ന ചടങ്ങാണ് കൊട. കുംഭമാസത്തിലെ ഒടുവിലത്തെ ചൊവ്വാഴ്ചയാണ് കൊട. അന്ന് ഏകാദശിയാണെങ്കില്‍ കൊട അതിന് മുന്‍പിലത്തെ ചൊവ്വാഴ്ച നടത്തുന്നു.സാധാരണ ക്ഷേത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി നക്ഷത്രം നോക്കിയല്ല ഇത് നടക്കുന്നത്. കൊട മഹോത്സവത്തിന് 17 ദിവസം മുന്‍പ് വത്ധന്ന ഞായാറാഴ്ച കൊടിയേറി പത്തു ദിവസത്തെ ഉത്സവവുമുണ്ട്. അത് അവസാനിക്കുന്നതും ചൊവ്വാഴ്ചയാണ്. അതിനു ശേഷവും വത്ധന്ന അടുത്ത ചൊവ്വാഴ്ചയാണ് എട്ടാം കൊടയെന്ന പേരില്‍ അഘോഷിക്കുന്നത്."വലിയ പടുക്ക' എന്നൊരു ചടങ്ങും അന്ന് നടക്കുന്നു. ധാരാളം മലരും, പഴവും, അട, വട, അപ്പം, തിരളി മുതലായവയുണ്ടാക്കി ദേവിക്ക് സമര്‍പ്പിക്കുന്നു.തിങ്കളാഴ്ച രാത്രി വെള്ളിപ്പല്ലക്കില്‍ എഴുന്നള്ളത്തും ചക്രതീവെട്ടി ഊരുവലവും കഴിഞ്ഞാല്‍ ചൊവ്വാഴ്ച പുലര്‍ച്ചെവരെ നട തുടര്‍ന്നിരിക്കും. പിന്നീട് നടയടച്ചാല്‍ വൈകിട്ട് അഞ്ചു മണിയ്ക്കേ വീണ്ടും തുറക്കൂ. അര്‍ദ്ധരാത്രിയോടയാണ് കൊടയുടെ ചടങ്ങുകള്‍ ആരംഭിക്കുന്നത്. ഒരു മണിയോടെ നടക്കുന്ന ഒടുക്കു പൂജയോടെ ഉല്‍സവത്തിന് കൊടിയിറങ്ങും.ഭഗവതിക്ക് മുന്നില്‍ ചോറും വിഭവങ്ങളും ഒരുക്കുന്ന ചടങ്ങാണ് ഒടുക്ക്. ശാസ്താംകോവിലിലാണ് ഒടുക്കിനുള്ള വിഭവങ്ങള്‍ തയ്യാറാക്കുന്നത്. ഒന്‍പത് മണ്‍പാത്രങ്ങളിലായി നിറച്ച നിവേദ്യം ഒറ്റവെള്ളത്തുണികൊണ്ട് മൂടിയാണ് ദേവിസമക്ഷം എഴുന്നള്ളിക്കുന്നത്. ഗുരുക്കന്‍മാര്‍ വായ് മൂടിക്കെട്ടിയ കുടങ്ങളുമായി എഴുന്നള്ളുന്പോള്‍ നാഗസ്വരവും വെളിച്ചപ്പാടും അകന്പടിയായി ഉണ്ടാകും.
ക്ഷേത്രപരിസരം ഈ സമയം മൗനമായ ദേവി പ്രാര്‍ത്ഥനയാല്‍ മുഴുകും. എത്ര ആള്‍ത്തിരക്കുണ്ടെങ്കിലും എഴുന്നള്ളിപ്പ് സമയത്ത് ആരും സംസാരിക്കില്ല. ഒടുക്കിന് ശേഷം കുരുതി നടക്കും.നേരത്തെ ജന്തുബലിയാണ് നടന്നിരുന്നത്. ഇത് പിന്നീട് നിര്‍ത്തലാക്കി. ഇപ്പോള്‍ കുന്പളങ്ങ വെട്ടിമുറിച്ച് മഞ്ഞളും ചുണ്ണാന്പും കലക്കിയ നീര് തെളിച്ചാണ് കുരുതി നടത്തുന്നത്. കുരുതി കഴിഞ്ഞ് ദീപാരാധനയോടെ നടയടയ്ക്കും.

Saturday, 25 February 2017

വിക്രമാദിത്യന്റെ സദസ്സിലെ മുഖ്യപണ്ഡിതനായിരുന്നവരരുചി

ഐതിഹ്യപ്രകാരം വിക്രമാദിത്യന്റെ സദസ്സിലെ മുഖ്യപണ്ഡിതനായിരുന്നവരരുചി എന്ന ബ്രാഹ്മണന് പറയ സമുദായത്തിൽ‌പ്പെട്ട ഭാര്യയിലുണ്ടായ പന്ത്രണ്ട് മക്കളാണ് പറയിപെറ്റ പന്തിരുകുലം എന്നറിയപ്പെടുന്നത്. സമൂഹത്തിലെ വിവിധ ജാതിമതസ്ഥർ എടുത്തുവളർത്തിയ പന്ത്രണ്ടുകുട്ടികളും അവരവരുടെ കർമ്മമണ്ഡലങ്ങളിൽ അതിവിദഗ്ദ്ധരും ദൈവജ്ഞരുമായിരുന്നുവെന്നുംഐതിഹ്യകഥകൾ പറയുന്നു. എല്ലാവരും തുല്യരാണെന്നും സകല ജാതിമതസ്ഥരും ഒരേ മാതാപിതാക്കളുടെ മക്കളാണെന്നുമുള്ള മഹത്തായ സന്ദേശമാണ് ഈ ഐതിഹ്യം നല്കുന്നത്.

കൊട്ടാരത്തിൽ ശങ്കുണ്ണി രചിച്ചഐതിഹ്യമാല എന്ന ഗ്രന്ഥത്തിലാണ് ഇതേക്കുറിച്ച് രേഖപ്പെടുത്തിയിരിക്കുന്നത്. [1] ചരിത്ര ഗവേഷകനായ ബാലകൃഷ്ണക്കുറുപ്പിന്റെ അഭിപ്രായത്തിൽ[2], ഈ ഐതിഹ്യം പ്രചരിപ്പിക്കുന്നത് നമ്പൂതിരിമാരാണ്. ചാലൂക്യരുടെ പിൻ‍ബലത്തോടെമലബാറിലേയ്ക്ക് കുടിയേറിപ്പാർത്ത ഇവരിൽ വലിയ ഒരു വിഭാഗവും ഭൃഗുവംശരായ അഗ്നിഹോത്രികൾ ആയിരുന്നു. തങ്ങൾ മലബാറിലെത്തുന്നതിനുമുൻപ് വ്യത്യസ്ത സംസ്കാരങ്ങളിലുള്ള ഭിന്നസമുദായങ്ങളുമായും ഇടപഴകിയെന്നും ഇവിടെയും അതു സാധ്യമാണ് എന്നു കാണിക്കാനും തദ്ദേശിയരുടെ എതിർപ്പിനെ തണുപ്പിക്കാനുള്ള ഒരു അടവായിട്ടാണ് ഇത് പ്രചരിപ്പിച്ചത് എന്ന് ചരിത്ര ഗവേഷകനായ ബാലകൃഷ്ണക്കുറുപ്പ് അഭിപ്രായപ്പെടുന്നു. [3]

കഥ

ഉജ്ജയിനിയിലെ (മധ്യപ്രദേശ്‌) രാജാവായിരുന്ന വിക്രമാദിത്യന്റെസദസ്സിലെ പണ്ഡിതശ്രേഷ്ഠനായിരുന്നു വരരുചിഎന്ന ബ്രാഹ്മണൻ[4]. എ.ഡി. മൂന്നാം നൂറ്റാണ്ടിലാണ് വരരുചി ജീവിച്ചിരുന്നത് എന്നാണ് വിശ്വാസം[4]. ഒരിക്കൽ വിക്രമാദിത്യമഹാരാജാവ്‌ തന്റെ സദസ്സിലെ പണ്ഡിതരോടായി "രാമായണത്തിലെ ഏറ്റവും ശ്രേഷ്ഠമായ ശ്ലോകം ഏതാണ്‌?" എന്ന ചോദ്യം ചോദിച്ചു. പണ്ഡിതശ്രേഷ്ഠനായ വരരുചിക്കും അതിനുള്ള ഉത്തരം കണ്ടെത്താനായില്ല. അദ്ദേഹം കൂടുതൽ സമയം ആവശ്യപ്പെട്ട്‌, ഉത്തരം കണ്ടെത്താനായി യാത്രതുടങ്ങി. വിക്രമാദിത്യൻവരരുചിക്ക് ഉത്തരം കണ്ടെത്താനായി 41 ദിവസത്തെ അവധി നൽകി.[4]നാൽപ്പതാം ദിവസം വനത്തിലൂടെയുള്ള യാത്രാമദ്ധ്യേ, അദ്ദേഹം ഒരു ആൽമരച്ചുവട്ടിലിരിക്കേ ഉറങ്ങിപ്പോയി. ഉറങ്ങുന്നതിനു മുമ്പ് വനദേവതമാരോട് പ്രാർത്ഥിച്ചാണ്‌ കിടന്നത്. വരരുചിയുടെ ഭാഗ്യത്തിന്‌ ആ ആൽമരം വനദേവതമാരുടെ വീടായിരുന്നു. അവർ അടുത്തുള്ള പറയി വീട്ടിൽ പ്രസവത്തിനു പോകാനായി കൂട്ടുകാരായ ദേവതമാർ വിളിച്ചിട്ടും പോവാതെ വരരുചിക്ക് കൂട്ടിരുന്നു. വരരുചി ഉണർന്നപ്പോഴേക്കും പ്രസവത്തിനു പോയിരുന്നവർ വന്നിരുന്ന് വനദേവതമാരോട് സംസാരിക്കുന്നത് കേൾക്കാനിടയായി. ആ പറയിക്കുണ്ടായ പെൺകുഞ്ഞിന്റെ ഭാവി ഭർത്താവാരായിരിക്കും എന്ന കൂട്ടുകാരുടെ ചോദ്യത്തിന്‌ “മാം വിദ്ധി” എന്നത് പോലും അറിയാത്ത ഈ വരരുചിയായിരിക്കും എന്നായിരുന്നു വനദേവതമാർ പറഞ്ഞത്‌. രാമായണം,അയോദ്ധ്യാകാണ്ഡത്തിലെ



രാമം ദശരഥം വിദ്ധി, മാം വിദ്ധി ജനകാത്മജാം
അയോദ്ധ്യാമടവീം വിദ്ധി, ഗച്ഛ തഥാ യഥാ സുഖം



എന്ന ശ്ലോകത്തെപ്പറ്റിയായിരുന്നു വനദേവതമാർ പറഞ്ഞത്. ഇതു കേട്ട് സന്തോഷിച്ച വരരുചി വിക്രമാദിത്യ സദസ്സിൽ എത്തുകയും ഈ ശ്ലോകം എട്ടു വിധത്തിൽ വ്യാഖ്യാനിക്കുകയും ചെയ്തു. സുമിത്ര വനവാസത്തിനു മുൻപ് ലക്ഷ്മണനെഉപദേശിക്കുന്നതാണ് ഈ ശ്ലോകം.രാമനെദശരഥനായും, സീതയെഅമ്മയായും അടവിയെ (വനത്തെ)അയോദ്ധ്യ ആയും കരുതുക എന്നതാണ് ഈ വരികളുടെ അർത്ഥം. ഇതിൽ ഏറ്റവും ശ്രേഷ്ഠമായത് സീതയെ അമ്മയായി കരുതുക എന്ന “മാം വിദ്ധി ജനകാത്മജാം” എന്ന വരിയാണ്. തന്റെ പ്രശ്നത്തിനു പരിഹാരം ലഭിച്ചെങ്കിലും, വനദേവതമാരുടെ ഭാവി പ്രവചനം കേട്ട്‌ പരിഭ്രാന്തനായ വരരുചി ആ പെൺകുഞ്ഞിനെ എങ്ങനെയെങ്കിലും നശിപ്പിക്കാൻ തീരുമാനിച്ചു. ഈ പെൺകുഞ്ഞ്‌ ജീവിച്ചിരിക്കുന്നത്‌ രാജ്യത്തിന്‌ ആപത്താണ്‌ എന്ന് അദ്ദേഹം വിക്രമാദിത്യ മഹാരാജാവിനെ ധരിപ്പിച്ചു. ഈ ദുരവസ്ഥ ഒഴിവാക്കാനായി ആ പെൺകുഞ്ഞിനെ നെറ്റിയിൽ തീപന്തം തറച്ച്‌ വാഴത്തട(വാഴപ്പിണ്ടി) കൊണ്ടുണ്ടാക്കിയ ചങ്ങാടത്തിൽ നദിയിലൊഴുക്കിയാൽ മതി എന്ന് നിർദ്ദേശിക്കുകയും ചെയ്തു. രാജകൽപനപ്രകാരം ഭടന്മാർ വരരുചിയുടെ ഇംഗിതം നടപ്പാക്കി.

അന്യജാതിയിൽ പെട്ട ഒരു പെൺകുട്ടിയെ വിവാഹം കഴിക്കുന്നത് ഒഴിവാക്കാൻ വരരുചി തെക്കോട്ട് സഞ്ചരിച്ച് കേരളത്തിൽ എത്തി. വർഷങ്ങൾകഴിഞ്ഞ്‌ തന്റെ യാത്രക്കിടയിൽ വരരുചി ഒരുബ്രാഹ്മണഗൃഹത്തിലെത്തി.ആതിഥേയൻ അദ്ദേഹത്തെ പ്രാതലിനു ക്ഷണിക്കുകയും പ്രാതൽകഴിക്കാൻ തീരുമാനിച്ച വരരുചി സ്നാനത്തിനായി പുറപ്പെടുകയും ചെയ്തു. കുളിക്കാൻ പോകുന്നതിനു മുൻപായി ആ ബ്രാഹ്മണന്റെ ബുദ്ധിശക്തി ഒന്നു പരീക്ഷിക്കാൻ തീരുമാനിച്ച വരരുചി കുറേ ആവശ്യങ്ങൾ മുന്നോട്ടുവച്ചു. കുളികഴിഞ്ഞെത്തുമ്പോൾ തനിക്കുവീരാളിപ്പട്ടു വേണം എന്നതായിരുന്നു ഒന്നാമത്തെ ആവശ്യം. അതിനുപുറമേ താൻ കഴിക്കുന്നതിനു മുൻപായി നൂറു പേർക്ക്‌ ഭക്ഷണം നൽകണമെന്നും, ഭക്ഷണത്തിന്‌ നൂറ്റൊന്നു കറിയുണ്ടാവണമെന്നും, ഭക്ഷണം കഴിഞ്ഞാൽ തനിക്കു മൂന്നു പേരെ തിന്നണമെന്നും, അതുകഴിഞ്ഞാൽ നാലുപേർ തന്നെ ചുമക്കണമെന്നും വരരുചി ആവശ്യപ്പെട്ടു. വ്യവസ്ഥകൾ കേട്ട്‌ സ്തബ്ധനായി നിന്ന ബ്രാഹ്മണനോട്‌ വ്യവസ്ഥകൾ അംഗീകരിച്ചിരിക്കുന്നുവെന്നും കുളികഴിഞ്ഞെത്തുമ്പോഴേക്കും എല്ലാം തയ്യാറാക്കാം എന്നും പറയാനായി ഇതു കേട്ടു ഉള്ളിൽ നിന്നിരുന്ന അദ്ദേഹത്തിന്റെ പുത്രി ആവശ്യപ്പെട്ടു.

വളരെ ബുദ്ധിമതിയായ ആ യുവതിക്ക്‌ വരരുചിയുടെ ആവശ്യങ്ങളുടെ പൊരുൾ മനസ്സിലായിരുന്നു. വീരാളിപ്പട്ടു വേണമെന്നു പറഞ്ഞതിന്റെ സാരം ചീന്തൽകോണകം വേണമെന്നാണ്. നൂറു പേർക്കു ഭക്ഷണം കൊടുക്കണമെന്നു പറഞ്ഞതിന്റെ സാരം അദ്ദേഹത്തിനു വൈശ്വദേവം(വൈശ്യം) കഴിക്കണമെന്നാണ്. വൈശ്യം കൊണ്ടു നൂറു ദേവതമാരുടെ പ്രീതിയുണ്ടാകുന്നതിനാലാണ് അങ്ങനെ പറഞ്ഞത്. പിന്നെ നൂറ്റെട്ടു കൂട്ടാൻ പറഞ്ഞതിന്റെ സാരംഇഞ്ചിക്കറി വേണമെന്നാണ്. ഇഞ്ചിക്കറി ഉണ്ടായാൽ നൂറ്റെട്ടു കൂട്ടം കൂട്ടാന്റെ ഫലമുണ്ടെന്നാണ് വെച്ചിരിക്കുന്നത്. പിന്നെ അദ്ദേഹത്തിനു മൂന്നുപേരെ തിന്നണമെന്നു പറഞ്ഞതിന്റെ സാരംവെറ്റില, അടയ്ക്ക, ചുണ്ണാമ്പ്‌ എന്നിവ കൂട്ടി മുറുക്കണമെന്നാണ്. പിന്നെ അദ്ദേഹത്തെ നാലുപേരു ചുമക്കണമെന്നു പറഞ്ഞതിന്റെ സാരം ഊണു കഴിഞ്ഞാൽ കുറച്ചു കിടക്കണം. അതിനൊരു കട്ടിലു വേണം എന്നാണെന്നും യുവതി അച്ഛനു വിവരിച്ചുകൊടുത്തു.

യുവതിയുടെ ബുദ്ധിസാമർത്ഥ്യത്തിൽ ആകൃഷ്ടനായ വരരുചി അവളെ വിവാഹം കഴിക്കാനാഗ്രഹിക്കുകയും യുവതിയുടെ പിതാവ്‌ ആ ആഗ്രഹം നടത്തിക്കൊടുക്കുകയും ചെയ്തു.നാളുകൾക്കു ശേഷം വരരുചി തന്റെ ഭാര്യയുടെ നെറ്റിയിൽഒരു മുറിവിന്റെ പാട്‌ കാണാനിടയായി. അതിന്റെ പിന്നിലെ കഥയെപ്പറ്റി ചോദിച്ച വരരുചിക്ക്‌, ആ യുവതി ആ ബ്രാഹ്മണന്റെ സ്വന്തം പുത്രിയല്ലെന്നും അവളെ അദ്ദേഹം എടുത്തുവളർത്തിയതാണെന്നും മനസ്സിലായി. അപ്പോൾ വരരുചി പഴയ കഥകൾ ഓർമ്മിക്കുകയും വനദേവതമാരുടെ പ്രവചനം ശരിയായി എന്ന് മനസ്സിലാക്കുകയും ചെയ്തു. സ്വന്തമായി സമുദാ‍യത്തിൽ നിന്ന് ഭ്രഷ്ട് കൽപ്പിച്ച വരരുചി താൻ ചെയ്ത പാപങ്ങൾക്കുപ്രായശ്ചിത്തമായി പത്നിയോടൊത്ത്‌തീർഥയാത്രയ്ക്കൂ പോകാൻ തീരുമാനിച്ചു.

ഈ യാത്രയ്ക്കിടയിൽ വരരുചിയുടെ ഭാര്യ ഗർഭിണിയാകുകയും ഒരു കുട്ടിയെ പ്രസവിക്കുകയും ചെയ്തു. ഈ വിവരം അറിഞ്ഞ വരരുചി കുട്ടിക്കു വായ ഉണ്ടോ എന്നു ചോദിക്കുകയും ഭാര്യ ഉണ്ട്‌ എന്നു മറുപടി നൽകുകയും ചെയ്തു. എന്നാൽ കുട്ടിയെ അവിടെ ഉപേക്ഷിച്ച്‌ പോകാം എന്നായിരുന്നു വരരുചിയുടെ നിർദ്ദേശം. തന്റെ ആദ്യ ശിശുവിനെ ഉപേക്ഷിക്കാൻ മടിച്ചുനിന്ന ഭാര്യയോട്‌, വായ കീറിയ ഈശ്വരൻ വായ്ക്ക് ഇരയും കൽപിച്ചിട്ടുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

യാത്രയിൽ വരരുചിക്കും പത്നിക്കുമായി വീണ്ടും കുട്ടികൾ ജനിച്ചു. ഇതേ പ്രവൃത്തി അവരുടെ പതിനൊന്നാമത്തെ കുട്ടിയുടെ കാര്യത്തിൽ വരെ ആവർത്തിക്കപ്പെട്ടു. അതിനാൽ ഇനിയുള്ള കുട്ടിയെ നഷ്ടപ്പെടരുത്‌ എന്ന ആഗ്രഹത്തിൽ, കുട്ടിക്കു വായുണ്ടോ എന്ന ചോദ്യത്തിന്‌ ആ അമ്മ ഇല്ല എന്നു മറുപടി നൽകി. എന്നാൽ കുട്ടിയെ എടുത്തോളൂ എന്ന് വരരുചി നിർദ്ദേശിച്ചു. വരരുചിയുടെ പത്നിയുടെ പാതിവൃത്യത്തിന്റെ ശക്തിയാൽ അത്ഭുതകരമായി ആ കുട്ടിയുടെ വായ അപ്രത്യക്ഷമായി. ആ ശിശുവിനെ വരരുചി ഒരു മലയുടെ മുകളിൽ പ്രതിഷ്ഠിക്കുകയും അവൻ പിന്നീടു "വായില്ലാക്കുന്നിലപ്പൻ" എന്ന് അറിയപ്പെടുകയും ചെയ്തു.

ഈ സന്തതിപരമ്പരയിലെ ബാക്കി പതിനൊന്നു കുട്ടികളേയും സമൂഹത്തിന്റെ പല തട്ടുകളിലുള്ള വ്യക്തികൾ എടുത്തുവളർത്തി. ബ്രാഹ്മണനായ വരരുചിക്കും പറയ സമുദായത്തിൽ ജനിച്ച അദ്ദേഹത്തിന്റെ ഭാര്യയ്ക്കും ജനിച്ച സന്തതിപരമ്പരയാണു പറയിപെറ്റ പന്തിരുകുലം എന്ന് അറിയപ്പെടുന്നത്‌

നമഃശിവായ എന്ന അത്ഭുതമന്ത്രം

നമഃശിവായ എന്ന അത്ഭുതമന്ത്രം

നമഃശിവായ: നമ്മളെല്ലാം സ്ഥിരമായി ജപിക്കുന്ന മന്ത്രമാണ് നമഃശിവായ. ഈ അഞ്ചക്ഷരങ്ങളിൽ ഒളിഞ്ഞും തെളിഞ്ഞുമിരിക്കുന്ന പ്രപഞ്ചശക്തിയെ തിരിച്ചറിഞ്ഞാണോ നിങ്ങൾ മന്ത്രജപം നടത്താറുള്ളത്? നമഃശിവായ എന്ന മന്ത്രത്തിലെ അഞ്ചക്ഷരങ്ങളുടെ പൊരുൾ എന്താണെന്നു പരിശോധിക്കുകയാണിവിടെ.

യജുർവേദത്തിലെ ശ്രീ രുദ്രചക്ര സ്തോത്രത്തിൽ നിന്നുമെടുത്തിട്ടുള്ള മന്ത്രമാണിത്, അഞ്ചക്ഷരങ്ങളുള്ളതിനാൽ പഞ്ചാക്ഷരി എന്ന പേരിലാണ് ഈ അത്ഭുതമന്ത്രം അറിയപ്പെടുന്നത്.

വേദങ്ങളുടെ അന്തഃസത്തയിൽ പരാമർശിച്ചിരിക്കുന്ന പരമശിവന്‍റെ ഏറ്റവും പരിപാവനവും സുപ്രസിദ്ധവുമായ നാമമത്രേ നമഃശിവായ. ന ഭഗവാൻ തന്നിൽ ഒളിപ്പിച്ചിരിക്കുന്ന ലാളിത്യത്തെയും, മ പ്രപഞ്ചത്തെയും കുറിക്കുന്നു. ശി ശിവനെ പ്രതിനിധീകരിക്കുന്നു. വ എന്നാൽ ഭഗവാന്‍റെ തുറന്ന ലാളിത്യം. യ എന്നാൽ ആത്മാവ്. ഈ അഞ്ചക്ഷരങ്ങൾ തന്നെയാണ് പ്രപഞ്ചശക്തികളായ പഞ്ചഭൂതങ്ങളേയും പ്രതിനിധാനം ചെയ്യുന്നത്. ന എന്നാൽ ഭൂമി. മ എന്നാൽ ജലം. ശി എന്നാൽ അഗ്നി. വ എന്നാൽ വായു. യ എന്നാൽ ആകാശം. മന്ത്രങ്ങളിൽ അന്തർലീനമായ ശക്തിയും, അർഥവും തിരിച്ചറിഞ്ഞു ജപിച്ചാൽ പൂര്‍ണ്ണ ഫലപ്രാപ്തിയുണ്ടാകും.

നമഃശിവായ കാലാതീതമായ മന്ത്രമാണ്. മറ്റു പല മന്ത്രങ്ങളും സന്ധ്യാസമയങ്ങളിൽ ജപിക്കുമ്പോഴാണു ഫലസിദ്ധിയുണ്ടാകുന്നതെങ്കിൽ ഈ മന്ത്രം എപ്പോഴും ജപിക്കാവുന്നതാണ് (സന്ധ്യ എന്നാൽ പ്രഭാത, മധ്യാഹ്ന, സായാഹ്ന സന്ധ്യകൾ. ദിവസത്തിന്‍റെ തുടർച്ചയായ രണ്ടുഘട്ടങ്ങൾ കൂടിച്ചേരുന്ന സമയമാണ് സന്ധ്യ).

മഹാമൃത്യുഞ്ജയ മന്ത്രമുൾപ്പെടെയുള്ള ശൈവ മന്ത്രങ്ങൾ ജപിച്ചാൽ ലഭ്യമാകുന്ന ആത്മസാക്ഷാൽക്കാരമാണ് കേവലം ഈ അഞ്ചക്ഷരങ്ങളിൽ കുടികൊള്ളുന്നത്.

വൈക്കം ക്ഷേത്രത്തിന്റെ ഉദ്ഭവത്തെപ്പറ്റി രസകരമായ രണ്ട് ഐതിഹ്യകഥകളുണ്ട്:

ഐതിഹ്യം

വൈക്കം ക്ഷേത്രത്തിന്റെ ഉദ്ഭവത്തെപ്പറ്റി രസകരമായ രണ്ട് ഐതിഹ്യകഥകളുണ്ട്:

 ഒന്ന്, ശിവന്റെ ബ്രഹ്മഹത്യാപാപത്തെക്കുറിച്ചാണ്. ഒരിയ്ക്കൽ, അസത്യം പറഞ്ഞതിന് ശിവൻ ബ്രഹ്മാവിന്റെ തലകളിലൊന്ന് വെട്ടിമാറ്റി. തുടർന്ന് അദ്ദേഹത്തെ ബ്രഹ്മഹത്യാപാപം ബാധിച്ചു. പാപം തീർക്കാനായി ശിവനും പാർവ്വതിയും ഭിക്ഷാടനത്തിനിറങ്ങി.പന്ത്രണ്ട് വർഷം ഇരുവരും ഭിക്ഷാംദേഹികളായി അലഞ്ഞുതിരിഞ്ഞ് നടന്നു. പല സാധനങ്ങളും ഇക്കാലത്ത് അവർ സ്വന്തമാക്കി. എന്നാൽ ഭിക്ഷാപാത്രം നിറയുമ്പോൾ ശിവൻ അവയെല്ലാം തൃക്കണ്ണ് തുറന്ന് ഭസ്മമാക്കി. ഒടുവിൽ പന്ത്രണ്ട് വർഷം പൂർത്തിയായപ്പോൾ പതിവിന് വിപരീതമായി പാത്രം വയ്ക്കാം എന്ന് ശിവൻ പറഞ്ഞു. ഇത് നടന്ന സ്ഥലത്താണത്രേ ഇന്ന് വൈക്കം ക്ഷേത്രം ഇരിയ്ക്കുന്നത്! 'വയ്ക്കാം' വൈക്കമായതാണെന്നാണ് കഥ.

ചരിത്രകാരനായ ശ്രീധരമേനോൻ രേഖപ്പെടുത്തിയിട്ടുണ്ട്. ക്ഷേത്രം ഇന്ന് കാണുന്ന നിലയിൽ പുനർനിർമ്മിക്കപ്പെട്ടത് എ.ഡി. 1539-ലാണ്.


മറ്റൊരു ഐതിഹ്യം ഇങ്ങനെയാണ്:
 രാവണന്റെ സഹോദരനായ ഖരൻ മുത്തച്ഛനായ മാല്യവാനിൽനിന്ന് ശൈവവിദ്യ ഗ്രഹിച്ച് ചിദംബരത്ത് ചെന്ന് ശിവനെ ഭജിച്ച് തപസ്സിരുന്നു. തപസ്സിന്റെ കാലാവധി കഴിഞ്ഞപ്പോൾ പ്രത്യക്ഷപ്പെട്ട ശിവൻ അവന് മൂന്ന് ശിവലിംഗങ്ങൾ കൊടുത്തു. അവയിൽ ഒന്ന് വലത്തെ കയ്യിലും മറ്റേത് ഇടത്തെ കയ്യിലും ശേഷിച്ച ഒന്ന് വാകൊണ്ട് കടിച്ചും പിടിച്ച് ഖരൻ ആകാശമാർഗ്ഗേണ യാത്രയായി. യാത്ര കാരണം ക്ഷീണിച്ച അവൻ ഒരു സ്ഥലത്തെത്തിയപ്പോൾ അവിടെ വിശ്രമിയ്ക്കാൻ തീരുമാനിച്ചു. തുടർന്ന് മൂന്ന് ശിവലിംഗങ്ങളും ഇറക്കിവച്ച് ഖരൻ വിശ്രമിച്ചു. വിശ്രമത്തിനുശേഷം എഴുന്നേറ്റുപോകാൻ നിന്ന ഖരൻ ശിവലിംഗങ്ങൾ ഉറച്ചിരിയ്ക്കുന്നതായി കണ്ടു. അപ്പോൾത്തന്നെ ശിവന്റെ ഒരശരീരി മുഴങ്ങി: "ഇവിടെയാണ് ഞാൻ താമസിയ്ക്കാൻ കണ്ടുവച്ചിരിയ്ക്കുന്ന ഏറ്റവും ഉചിതമായ സ്ഥലം". തുടർന്ന് മൂന്ന് ശിവലിംഗങ്ങളും അവിടെയുണ്ടായിരുന്ന വ്യാഘ്രപാദൻ എന്ന മഹർഷിയെ ഏല്പിച്ച് ഖരൻ മുക്തി നേടി. ഖരൻ വലത്തെ കയ്യിൽ പിടിച്ചിരുന്ന ശിവലിംഗം വൈക്കത്തും ഇടത്തെ കയ്യിൽ പിടിച്ചിരുന്ന ശിവലിംഗം ഏറ്റുമാനൂരിലും വാകൊണ്ട് കടിച്ചുപിടിച്ച ശിവലിംഗം കടുത്തുരുത്തിയിലും പ്രതിഷ്ഠിച്ചു എന്നാണ് വിശ്വാസം.ഈ മൂന്നിടത്തും ഒരേ ദിവസം ദർശനം ഉച്ചയ്ക്കുമുമ്പ് നടത്തുന്നത് ഉത്തമമാണത്രേ. ഇന്നും പല ഭക്തരും ഈ രീതി തുടർന്നുവരുന്നുണ്ട്.
വ്യാഘ്രപാദൻ ഒരുപാടുകാലം മൂന്ന് ശിവലിംഗങ്ങളും പൂജിച്ച് കഴിച്ചുകൂട്ടി. ഒടുവിൽ ഒരു വൃശ്ചികമാസത്തിൽ കറുത്തപക്ഷത്തിലെ അഷ്ടമിദിവസം ഏഴരവെളുപ്പിന് സാക്ഷാൽ മഹാദേവൻ പാർവ്വതീസമേതനായി അദ്ദേഹത്തിന് ദർശനം നൽകി. ആ ദിവസമാണ് പ്രസിദ്ധമായ വൈക്കത്തഷ്ടമിയായി ആചരിച്ചുവരുന്നത്. വ്യാഘ്രപാദൻ പിന്നീട് പരശുരാമനെ വിളിച്ച് ശിവലിംഗങ്ങൾ ഉചിതമായ സ്ഥാനങ്ങളിൽ പ്രതിഷ്ഠിയ്ക്കാൻ നിർദ്ദേശിച്ചു. അദ്ദേഹമാണ് യഥാതഥം ക്ഷേത്രങ്ങളിൽ ശിവലിംഗങ്ങൾ പ്രതിഷ്ഠിച്ചത്. വിശ്വകർമ്മാവ് ഈ ക്ഷേത്രങ്ങൾ പണിതീർത്തു. അങ്ങനെ മൂന്ന് മഹാക്ഷേത്രങ്ങൾ പിറവിയെടുത്തു.




സാധാരണ ശ്രീകോവിലിൻറെ മൂന്നിരിട്ടി വലിപ്പമുണ്ട് ഇവിടുത്തെ വലിയ വട്ട ശ്രീകോവിലിന് . ശ്രീകോവിലിന് രണ്ടു ചുറ്റുണ്ട്. ഓരോ ചുറ്റിനും ആറു കരിങ്കൽപ്പടികൾ വീതവും. "പടിയാറും കടന്നവിടെ ചെല്ലുമ്പോൾ ശിവനെ കാണാകും ശിവശംഭോ" എന്ന വരികൽ ഇത് വ്യക്തമായി പറയുന്നുണ്ട്. രണ്ടടി ഉയരമുള്ള പീഠത്തിൽ ആറടിയോളം ഉയരമുള്ള മഹാലിംഗമാണ്.കിഴക്കോട്ടു ദർശനം. അഞ്ചു പൂജയും ശീവേലിയുമുണ്ട്. ആദ്യം പുറപ്പെടാശാന്തിയായിരുന്നു. രണ്ടു തന്ത്രിമാർ, മേയ്ക്കാടും ഭദ്രകാളി മറ്റപ്പള്ളിയും.

തിരുവൈക്കത്തപ്പൻ (ശിവൻ)
വൈക്കം ക്ഷേത്രത്തിലെ പ്രധാനപ്രതിഷ്ഠ. സദാശിവസങ്കല്പത്തിലുള്ളതാണ് ഈ പ്രതിഷ്ഠ. ശാന്തഭാവം നിറഞ്ഞ ഭഗവാൻ ഇവിടെ മഹാശിവലിംഗരൂപത്തിൽ കിഴക്കോട്ട് ദർശനമായി വാഴുന്നു. അനാദികാലം മുതലുള്ള പൂജകൾ ഏറ്റുവാങ്ങി സംതൃപ്തനായ ഭഗവാൻ ഇവിടെ ഒരു ദിവസം മൂന്ന് ഭാവങ്ങളിൽ ദർശനം നൽകുന്നു -
 രാവിലെ സകലമുനിഗണങ്ങളാലും വന്ദിതനും പ്രപഞ്ചത്തിന്റെ ആദിഗുരുവുമായ ദക്ഷിണാമൂർത്തിയായും

ഉച്ചയ്ക്ക് അർജുനനെ പരീക്ഷിച്ച് പാശുപതാസ്ത്രം നൽകി ശാന്തനാക്കാൻ അവതരിച്ച കിരാതമൂർത്തിയായും

വൈകീട്ട് കൈലാസത്തിലെ രത്നപീഠത്തിൽ വാമാംഗത്തിൽ പാർവ്വതീദേവിയെയും മടിയിൽ ഗണപതിയെയും സുബ്രഹ്മണ്യനെയും മടിയിലിരുത്തി ദർശനം നൽകുന്ന രാജരാജേശ്വരനായും.
രാവിലത്തെ ദർശനം കൊണ്ട് വിദ്യാലാഭവും, ഉച്ചയ്ക്കത്തെ ദർശനം കൊണ്ട് ശത്രുനാശവും, വൈകീട്ടത്തെ ദർശനം കൊണ്ട് കുടുംബസൗഖ്യവും ലഭിയ്ക്കുമെന്നാണ് വിശ്വാസം. എട്ട് ഏക്കറിലാണ് ക്ഷേത്രം നിൽക്കുന്നത് . കിഴക്കെ ഗോപുരം കടന്നാൽ ആനക്കൊട്ടിൽ. കരിങ്കൽ പാകിയ മുറ്റത്ത് 325 തിരിയിട്ട് കത്തിക്കാവുന്ന അശ്വഥാകൃതിയിലുള്ള വിളക്ക്. ഇതിൽ നെയ്യോ എണ്ണയോ ഒഴിച്ച് കത്തിക്കുന്ന ചടങ്ങാണ് ആലുവിളക്ക് തെളിയിക്കൽ.64 അടി ഉയരമുള്ള സ്വർണ്ണക്കൊടിമരം.

ഈ ശിവക്ഷേത്രത്തിൻറെ ഒരു പ്രത്യേകത വാതിൽ മാടത്തിലൂടെ കടന്നു പോകുമ്പോൾ കാണുന്ന ദാരുശില്പങ്ങളാണ്. രാമായണം കഥയാണവയിൽ കൊത്തിവച്ചിരിക്കുന്നത്. ‘മുപ്പരുമടക്കിവാഴും വൈക്കത്തു പെരും തൃക്കോവി- ലപ്പാ ഭഗവാനേ പോറ്റി മറ്റില്ലാശ്രയം‘. എന്ന് രാമപുരത്ത് വാരിയർ വൈക്കത്തപ്പനെ സ്തുതിച്ചിട്ടുണ്ട്. അന്നദാന പ്രഭുവായ വൈക്കത്തപ്പന്റെ ഏറ്റവും പ്രധാന വഴിപാട് "പ്രാതൽ" ആണ്. പിന്നീടുള്ള പ്രധാന വഴിപാടുകൾ ആനന്ദപ്രസാദം, സഹസ്രകലശം, ദ്രവ്യകലശം, ആയിരം കലശം, ആയിരക്കുടം, ക്ഷീരധാര, ജലധാര, ആലുവിളക്ക് എന്നിവയാണ്. 12 വർഷത്തിലൊരിക്കൽ ക്ഷേത്രാങ്കണത്തിൻറെ വടക്കു വശത്ത് നെടുമ്പുര കെട്ടി കളമെഴുത്തും പാട്ടും നടത്താറുണ്ട്. ഇതാണ് പ്രസിദ്ധമായ വടക്കും പുറത്ത് പാട്ട്. ഇതേ മട്ടിൽ മുമ്പ് തെക്കുംപുറത്ത് പാട്ടും ഉണ്ടായിരുന്നത്രെ.രണ്ട് ഉത്സവങ്ങളാണ് പ്രധാനപ്പെട്ടത്. വൃശ്‌ചികമാസത്തിലെ അഷ്ടമിയും (വൈക്കത്തഷ്ടമി) കുംഭമാസത്തിലെ മാശി അഷ്ടമിയും. ഇതുകൂടാതെ ശിവരാത്രി ചിറപ്പും ആഘോഷിക്കാറുണ്ട്. വൈക്കത്തഷ്ടമിയാണ് പ്രധാന ആഘോഷ ദിവസം. വ്യാഘ്രപാദമുനിക്ക് ഭഗവാൻ ദർശനം നൽകിയത് ഈ ദിനമാണെന്ന് കരുതുന്നു. ഭഗവാന്റെ അഷ്ടമി ദർശനത്തിനും ചടങ്ങുകൾക്കും പങ്കെടുക്കാൻ വേണ്ടി ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഭക്തജനങ്ങൾ എത്തിച്ചേരുന്നു.

Wednesday, 22 February 2017

ഐതിഹ്യം

ഐതിഹ്യം

പാഴൂർ പെരുംതൃക്കോവിലിന്റെ അങ്ങേക്കരയിലാണ് പാഴൂർ പടിപ്പുര. കുടുംബ പ്രശ്നത്തിനായി മലബാറുകാരനായ ഒരു നമ്പൂതിരി പാഴൂർ പടിപ്പുരയ്ക്കൽ വന്നു. പകൽ നാലുമണിയോടെയാണ്‌ അദ്ദേഹം പടിപ്പുരയിൽ എത്തിയത്‌. അവിടത്തെ ജ്യോത്സ്യരെ കണ്ട്‌ നമ്പൂതിരി തന്റെ ആഗമനോദ്ദേശ്യം അറിയിച്ചു. പ്രഥമദൃഷ്ട്യാ നമ്പൂതിരിയുടെ ആയുർഭാവത്തിലാണ്‌ ജ്യോത്സ്യർക്ക്‌ ആശങ്ക ജനിച്ചത്‌. അന്നു രാത്രി ഈ നമ്പൂതിരി മരിക്കും എന്ന് ലക്ഷണ പ്രകാരം ജ്യോത്സ്യർക്കു ബോധ്യം വന്നു. "സന്ധ്യയായില്ലേ, ഇന്നു വേണ്ട, നാളെ വരൂ, പ്രശ്നം വയ്ക്കാം" എന്നു പറഞ്ഞു ജ്യോത്സ്യർ നമ്പൂതിരിയെ മടക്കി അയച്ചു. നിരാശയോടെയാണെങ്കിലും നമ്പൂതിരി മടങ്ങിപ്പോന്നു. നമ്പൂതിരി ഇക്കരെ കടന്ന് പാറക്കെട്ടുകൾക്കിടയിൽക്കൂടി പുഴയിലിറങ്ങി കുളിച്ചു. നേരം സന്ധ്യയോടടുത്തിരുന്നു. പാറക്കൂട്ടങ്ങളിൽ നിന്നു അൽപം അകലെ കരയോടടുത്തു മണൽപ്പരപ്പിൽ ഒരു ശിവലിംഗം നമ്പൂതിരിയുടെ ദൃഷ്ടിയിൽ പെട്ടു. കുളി കഴിഞ്ഞു അടുത്തു ചെന്നു പരിശോധിച്ചപ്പോൾ വ്യക്തമായി. ശരിക്കും ശിവലിംഗം തന്നെ.
ഒരു നല്ല ശിവക്ഷേത്രം ഇവിടെ പണിയണമെന്ന് തീവ്രമായ ഒരാഗ്രഹം അദ്ദേഹത്തിന്റെ മനസ്സിൽ ഉരുത്തിരിഞ്ഞു. രാത്രിയിൽ അടുത്തുള്ള ഒരു നമ്പൂതിരിയില്ലത്തിൽ കഴിഞ്ഞു കൂടി. തച്ചുശാസ്ത്രം അറിയാമായിരുന്നതു കൊണ്ട്‌ അമ്പലത്തിന്റെ മാതൃക അദ്ദേഹം സ്വയം വരച്ചുണ്ടാക്കി. ശിവക്ഷേത്രം പണിയാനുള്ള മാർഗ്ഗം എന്താണെന്നായിരുന്നു രാത്രി മുഴുവൻ അദ്ദേഹത്തിന്റെ ചിന്ത. പിറ്റേന്ന് പ്രശ്നത്തിനായി നമ്പൂതിരി ജ്യോത്സ്യരെ സമീപിച്ചു. നമ്പൂതിരിയെ വീണ്ടും കാണാൻ ഇടയായതിൽ ജ്യോത്സ്യർക്ക്‌ വല്ലാത്ത അമ്പരപ്പാണ്‌ ഉണ്ടായത്‌. തന്റെ ശാസ്ത്രീയമായ അറിവ്‌ പിഴയ്ക്കാൻ എന്താണു കാരണം❓ പ്രശ്നകർമ്മങ്ങൾക്കു മുമ്പായി നമ്പൂതിരി ഇന്നലെ അനുഷ്ഠിച്ച പുണ്യകർമ്മം എന്താണെന്ന് ജ്യോത്സ്യർ സശ്രദ്ധം ചോദിച്ചു. തന്റെ മനസ്സിൽ ഉരുത്തിരിഞ്ഞ ശിവക്ഷേത്ര നിർമ്മാണ കാര്യം അദ്ദേഹം ജ്യോത്സ്യരെ ധരിപ്പിച്ചു. ജ്യോത്സ്യർക്കു സമാധാനമായി. ഭഗവാൻ മഹാദേവൻ അദ്ദേഹത്തിന്റെ ജീവൻ രക്ഷിച്ചു. തന്റെ ശാസ്ത്രീയമായ അറിവിനും ഉപരിയായിരുന്നു അത്‌. ശിവക്ഷേത്രം പണിയാനുള്ള എല്ലാ സഹായ സഹകരണങ്ങളും ചെയ്തുകൊണ്ട്‌ ജ്യോത്സ്യർ നമ്പൂതിരിയെ യാത്രയാക്കി.
ഒരു ഇടപ്രഭുവിന്റെ വധശിക്ഷയിൽ നിന്നു ഒരു ഹരിജൻ യുവാവിനെ രക്ഷിക്കാൻ യത്രാമധ്യേ നമ്പൂതിരിക്കു സാധിച്ചു. ക്ഷേത്ര നിർമ്മാണത്തിനുള്ള പണപ്പിരിവു കഴിഞ്ഞു നമ്പൂതിരി വീണ്ടും പാഴൂർ ദേശത്ത്‌ എത്തിയപ്പോൾ താൻ രക്ഷിച്ച ഹരിജൻ യുവാവിൽ നിന്നു നമ്പൂതിരിക്കു ഒരു നിധി കിട്ടാൻ ഇടയായി. അയാൾ മണ്ണു കിളച്ചപ്പോൾ കിട്ടിയ നിധി തന്റെ തമ്പുരാന്‌ എന്നു പറഞ്ഞ്‌ സൂക്ഷിച്ചു വെച്ചിരുന്നു. ക്ഷേത്ര നിർമ്മാണത്തിനു ആ നിധി മുഴുവനും പ്രയോജനപ്രദമായി.
ക്ഷേത്രത്തിന്റെ പടിഞ്ഞാറെ മതിലിനോട്‌ ചേർന്നു ഒരു പ്ലാവ്‌ ഉണ്ട്‌. ആ പ്ലാവിന്റെ ഇലകളെല്ലാം ഇരട്ട ഇലകളാണ്‌.പാഴൂർ ക്ഷേത്രത്തിലെ ഒരു ശാന്തിക്കാരൻ പാതാളത്തിൽ നിന്നു കുരു കൊണ്ടുവന്ന് നട്ടുപിടിപ്പിച്ചതാണ്‌ ഈ പ്ലാവ് എന്ന വിശ്വാസത്താൽ ഇതിനു 'പാതാള വരിക്ക' എന്നു പറയുന്നു.
കിഴക്കേ നാലമ്പലം-പെരുംതൃക്കോവിൽക്ഷേത്രം
ശിവരാത്രി
ആലുവാ ശിവരാത്രി പോലെതന്നെ പാഴൂർ ശിവരാത്രി പ്രസിദ്ധമാണ്. ക്ഷേത്രത്തിൽ കിഴക്കു ഭാഗത്തായി പരന്നു കിടക്കുന്ന മൂവാറ്റുപുഴ മണൽപ്പുറത്ത്‌ ശിവരാത്രി ദിവസം കൊണ്ടാടുന്നു. പുള്ളുവന്മാരും പുള്ളുവത്തികളും കൂട്ടം കൂട്ടമായി വന്ന് വീണ മീട്ടി നന്തുണി കൊട്ടി പാട്ടുപാടാറുണ്ട്. ധാരാളം ഭക്തജനങ്ങൾ പുള്ളുവന്മാരേക്കൊണ്ടും പുള്ളുവത്തികളെക്കൊണ്ടും പാട്ടു പാടിക്കുകയും വേണ്ട ദക്ഷിണ കൊടുക്കുകയും ചെയ്യുന്നു. അതുപോലെതന്നെ ക്ഷേത്രത്തിലും പ്രത്യേക പൂജകളും കലശാഭിഷേകങ്ങളും അന്നേ ദിവസം നടത്തുന്നു. ശിവനും പാർവ്വതിയും പുള്ളുവനും പുള്ളുവത്തിയും ആയി നടന്നിരുന്നു എന്നാണല്ലോ പുരാണം അതുകൊണ്ട്‌ അവർക്കു കൊടുക്കുന്ന ദക്ഷിണ ശിവനും പാർവ്വതിക്കും കൊടുക്കുന്നതായി ഭക്തജനം കരുതുന്നു.
  ശിവലിംഗ പ്രതിഷ്ഠ
മണ്ണുകൊണ്ടുള്ള ലിംഗമാണ് ഇവിടുത്തെ ശിവപ്രതിഷ്ഠ, അതിനാൽ അഭിക്ഷേകമില്ല. കുംഭത്തിലെ ശിവരാത്രി ആറാട്ടായി ആറുദിവസത്തെ ഉത്സവം. സ്വർണ്ണക്കുടത്തിൽ 12 1/2 നാഴി നെയ്യ് അഭിഷേകം നടത്തുന്നു. ഈ അഭിഷേകം കഴിഞ്ഞാൽ ലിംഗം തേച്ച് കഴുകാറുമില്ല. ഒരുനിലയോടുകൂടിയ ചെമ്പുമേഞ്ഞ വട്ടശ്രീകോവിലിൽ കിഴക്കോട്ട് ദർശനമായാണ് ഇവിടെ പ്രതിഷ്ഠ. സതീദേവിയുടെ ദേഹത്യാഗത്തിനുശേഷം ധ്യാനനിരതനായ ശിവന്റെ രൂപത്തിലാണ് പ്രതിഷ്ഠ. ശ്രീകോവിലിന് തെക്കുവശത്ത് ഒരു ചെറിയ മുറിയിൽ ഗണപതി, നാലമ്പലത്തിനുപുറത്ത് കന്നിമൂലയിൽ പ്രഭാസത്യകസമേതനായ ധർമ്മശാസ്താവ്, വായുകോണിൽ ഗോശാലകൃഷ്ണൻ, പരിവാരസമേതരായ നാഗങ്ങൾ എന്നിവർ ഉപദേവതകളായി വാഴുന്നു.

Tuesday, 21 February 2017

🕉കൊല്ലം വിഷാരിക്കാവ് 🕉

🕉കൊല്ലം വിഷാരിക്കാവ് 🕉


ഈ ഭദ്രകാളിക്ഷേത്രം ഇപ്പോൾ സ്ഥിതിചെയ്യുന്നത് ബ്രിട്ടീ‌ഷു മലബാറിൽ കുറുമ്പ്രനാടു താലൂക്കിൽ ചേർന്ന വിയ്യ്യൂരംശം മണ്ണമംഗലം ദേശത്തു പന്തലായിനി തീവണ്ടി സ്റ്റേ‌ഷന് ഒന്നരനാഴിക വടക്കുപടിഞ്ഞാറാണ്. ഇതു പണ്ടു തിരുവിതാംകൂറിൽ കൊല്ലത്തായിരുന്നു. അവിടെയിരുന്ന ഈ ക്ഷേത്രം ഇവിടെയായിത്തീർന്നതെങ്ങനെയെന്നും മറ്റും താഴെ പറയുന്നു.

പണ്ടു വൈശ്യജാതിക്കാരായ ഏതാനും കുടുംബക്കാർ പരദേശത്തുനിന്നു കൊല്ലത്തുവന്നു താമസിച്ചിരുന്നു. അവരുടെ പ്രധാന തൊഴിലുകൾ പട്ടുനെയ്ത്തും സ്വർണ്ണവ്യാപാരവുമായിരുന്നു. അതുകൊണ്ട് അവർ കാലക്രമേണ ധനവാന്മാരായിത്തീർന്നു.

അങ്ങനെയിരുന്ന കാലത്ത് അവരിൽ ഒരാൾ ശ്രീപോർക്കലിയിൽപ്പോയി ഭഗവതിയെസ്സേവിച്ചു താമസിച്ചു. അതിനി‌ഷ്ഠയോടുകൂടിയുള്ള സേവകൊണ്ടു ഭഗവതി അയാളെക്കുറിച്ച് ഏറ്റവും സന്തുഷ്ടയായി ഭവിക്കുകയാൽ ഒരു ദിവസം രാത്രിയിൽ അയാൾ ഉറങ്ങിക്കിടന്നിരുന്ന സമയം ആരോ അയാളുടെ അടുക്കൽ ചെന്നു. "നിന്റെ ഭക്തിവിശ്വാസാദികൾകൊണ്ടു ഞാനേറ്റവും പ്രസാദിച്ചിരിക്കുന്നു. ഇനി ഇപ്രകാരം കഠിനമായ തപസ്സുചെയ്തു നീ കഷ്ടപ്പെടണമെന്നില്ല. നിന്റെ തലയ്ക്കലിരിക്കുന്ന നാന്ദകം വാളെടുത്തു നിനക്കു സ്വദേശത്തേക്കു പോകാം. എന്റെ ആയുധംവെച്ചു പതിവായി എന്നെ പൂജിച്ചുകൊണ്ടിരുന്നാൽ നീ വിചാരിക്കുന്ന കാര്യങ്ങളെല്ലാം ഞാൻ സാധിപ്പിച്ചുതന്നുകൊള്ളാം. നീ വിചാരിക്കുന്ന സ്ഥലത്തു ഞാനുണ്ടെന്നു ദൃഢമായി വിശ്വസിച്ചുകൊള്ളുക" എന്നു പറഞ്ഞതായി അയാൾക്കു തോന്നി. അയാൾ പെട്ടെന്നു കണ്ണു തുറന്നുനോക്കിയസമയം ദുർന്നിരീക്ഷ്യമായ ഒരു തേജസ്സുമാത്രം കാണുകയും ഉടനെതന്നെ അതു മറഞ്ഞുപോവുകയും ചെയ്തു. അതു ദേവി തന്റെ അടുക്കൽ എഴുന്നള്ളി അരുളിച്ചെയ്തതുതന്നെയാണെന്ന് അയാൾ ദൃഢമായി വിശ്വസിക്കുകയും തലയ്ക്കൽ നോക്കിയപ്പോൾ ഒരു നാന്ദകം വാൾ അവിടെ ഇരിക്കുന്നതായി കാണുകയും ചെയ്തു.

അയാൾ കൊല്ലത്തു മടങ്ങിയെത്തിയതിന്റെ ശേ‌ഷം അവിടെ ഒരു ക്ഷേത്രം പണിയിച്ചു ഭഗവതിയെ പ്രതി‌ഷ്ഠിക്കുകയും പീഠത്തിന്മേൽ നാന്ദകം വാൾകൂടി വെച്ചു പതിവായി പൂജിച്ചു ഭഗവതിയെ ഭക്തിപൂർവ്വം സേവിച്ചുകൊണ്ടിരിക്കുകയും ചെയ്തു. ആ വൈശ്യൻ ഒരു വി‌ഷഹാരിയുമായിരുന്നു. അതിനാൽ അയാളുണ്ടാക്കിയ ക്ഷേത്രത്തിനും "വി‌ഷഹാരിക്കാവ്" എന്നു നാമം സിദ്ധിച്ചു. അതു ലോപിച്ചു കാലക്രമേണ "വി‌ഷാരിക്കാവ്" എന്നായിത്തീർന്നു. മുൻപേതന്നെ വലിയ ധനവാന്മാരായിരുന്ന വൈശ്യന്മാർക്കു ഭഗവതിയുടെ സാന്നിദ്ധ്യംകൂടിയുണ്ടായപ്പോൾ ധനം സംഖ്യയില്ലാതെ വർദ്ധിച്ചു. അവർ കപ്പലുകളും പത്തേമാരികളും പണിയിച്ച് അവരുടെ കച്ചവടം യൂറോപ്പുരാജ്യങ്ങൾ വരെ പ്രചരിപ്പിച്ചുതുടങ്ങി. അപ്പോഴേക്കും വി‌ഷഹാരിയും ദേവിയെസ്സേവിച്ചുകൊണ്ടുവന്ന ആളുമായ വൈശ്യനും ധനമെന്നപോലെതന്നെ അഹങ്കാരവും സീമാതീതമായി വർദ്ധിച്ചു. അതിനാലർ ക്രമേണ രാജാവിനെപ്പോലും കൂട്ടാക്കാതെയും രാജാവിനു ക്രമപ്രകാരം കൊടുക്കേണ്ടുന്ന നികുതിയും മറ്റും കൊടുക്കാതെയുമായി. മു‌ഷ്കന്മാരായ വൈശ്യന്മാരുടെ ധിക്കാരം ക്രമേണ രാജാവിനു ദുസ്സഹമായിത്തീർന്നു. അതിനാൽ കൊല്ലത്തു താമസിക്കുന്ന സകല വൈശ്യന്മാരും മൂന്നുദിവസത്തിനകം നാടുവിട്ടുപൊയ്ക്കൊള്ളണം" എന്നൊരു രാജകല്പന പുറപ്പെട്ടു. അപ്പോൾ വൈശ്യന്മാരാകപ്പാടെ പരിഭ്രാന്തഹൃദയരും വിഹ്വലരുമായിത്തീർന്നു. ഭഗവതിയെ പ്രതി‌ഷ്ഠിച്ചുസേവിച്ചുകൊണ്ടിരുന്നവരുൾപ്പെടെ എട്ടു കുടുംബക്കാർ കല്പന കേട്ട ക്ഷണത്തിൽ അവരുടെ സകല സ്ഥാവരജംഗമസ്വത്തുക്കളും പത്തേമാരികളിലാക്കിക്കൊണ്ടു സമുദ്രമാർഗ്ഗേണ വടക്കോട്ടു പുറപ്പെട്ടു. ഭഗവതിയെ സ്സേവിച്ചുകൊണ്ടിരുന്ന വൈശ്യൻ യാത്രയായ സമയം ആ ഭഗവതിയെ നാന്ദകം വാളിന്മേൽ ആവാഹിച്ചെടുത്തുകൊണ്ടാണ് പോയത്. ശേ‌ഷമുണ്ടായിരുന്ന കുടുംബക്കാർ അവരുടെ പൂർവ്വസ്ഥലമായ പാണ്ഡ്യരാജ്യത്തേക്കും പോയി.

വടക്കോട്ടു പോയവർ കരയോടു ചേർന്നു പത്തേമാരി ഓടിച്ചുപോയ സമയം ഒരു സ്ഥലത്തു പശുക്കളും പുലികളും ജാതിവൈരം കൂടാതെ ഒന്നിച്ചു മേഞ്ഞുകൊണ്ടുനിൽക്കുന്നതായിക്കണ്ടു. ഈ സ്ഥലം സമാധാനത്തോടുകൂടിത്താമസിക്കാൻ കൊള്ളാവുന്നതാണെന്നു നിശ്ചയിച്ച് അവർ പത്തേമാരികൾ അവിടെ അടുപ്പിച്ചു കരയ്ക്കിറങ്ങി. കടലോടടുത്തുള്ള ആ സ്ഥലം അക്കാലത്തു വലിയ വനപ്രദേശമായിരുന്നു.

അവർ കരയ്ക്കിറങ്ങിയതിന്റെശേ‌ഷം അവിടെയെല്ലാം ചുറ്റിനടന്നു ഭഗവതിക്കു ക്ഷേത്രവും അവർക്കു ഗൃഹങ്ങളും പണിയിക്കുന്നതിനു യോഗ്യങ്ങളായ സ്ഥലങ്ങൾ നോക്കിക്കണ്ടു നിശ്ചയിക്കുകയും ആ സ്ഥലങ്ങൾ കുറുമ്പ്രനാട്ടു രാജാവിന്റെ വകയായിരുന്നതിനാൽ രാജാവിനു പിടിപ്പതു വില കൊടുത്ത് അവ വാങ്ങുകയും ക്ഷേത്രവും ഗൃഹങ്ങളും പണിയിക്കുകയും ചെയ്തു. അമ്പലം, ശ്രീകോവിൽ, നാലമ്പലം, തിടപ്പള്ളി മുതലായവയോടുകൂടിയാണ് പണി കഴിപ്പിച്ചത്. അവിടെ കൊടുങ്ങലൂർ, തിരുമാന്ധാംകുന്നു മുതലായ സ്ഥലങ്ങളിലെപ്പോലെ കിഴക്കോട്ടു ദർശനമായി ശിവനെയും വടക്കോട്ടു ദർശനമായി ഭഗവതിയെയും മതിൽക്കകത്ത് ഉപദേവനായ ശാസ്താവിനെയും പ്രതി‌ഷ്ഠിച്ചു. പ്രതി‌ഷ്ഠ നടത്തിയതു പ്രസിദ്ധ മാന്ത്രികനും തന്ത്രിയുമായ കാട്ടുമാടസ്സു നമ്പൂരിയാണ്. എങ്കിലും പിന്നെയും ശാന്തി നിടത്തിയിരുന്നതു ഭഗവതിയെ സേവിച്ചുകൊണ്ടിരുന്ന ആ വൈശ്യനും അദ്ദേഹത്തിന്റെ കാലശേ‌ഷം തദുപദേശപ്രകാരം അദ്ദേഹത്തിന്റെ കുടുംബക്കാരുമായിരുന്നു. വൈശ്യന്മാർ എട്ടു കുടുംബക്കാരും ക്ഷേത്രത്തിനു സമീപം തന്നെ എട്ടു ഗൃഹങ്ങളിലായി താമസമുറപ്പിച്ചു. ഈ ക്ഷേത്രത്തിൽ അവർ ഊരാളന്മാരായിത്തീരുകയും ചെയ്തു.

ഈ വൈശ്യന്മാർ അവിടെ വന്നത് ആ ദേശത്തിനും മംഗലമായി പരിണമിച്ചു. അതിനാൽ ആ ദേശത്തിനു "വന്നമംഗലം" എന്നു നാമം സിദ്ധിച്ചു. ക്രമേണ "മണ്ണമംഗലം" എന്നായിത്തീർന്നു. ക്ഷേത്രത്തിനു പൂർവ്വസ്മരണ വിടാതെ അവർ "കൊല്ലം വി‌ഷാരിക്കാവ്" എന്നുതന്നെ പേരിട്ടു. അതിന് ഇപ്പോഴും ഭേദഗതി വന്നിട്ടുമില്ല. ഈ ക്ഷേത്രത്തിന്റെ കാരണഭൂതനായ വൈശ്യനു ശ്രീപോർക്കലിയിൽനിന്നു കിട്ടിയതും കൊല്ലത്തുനിന്നു ഭഗവതിയെ ആവാഹിച്ചു കൊണ്ടുപോന്നതുമായ നാന്ദകം വാൾ ഇവിടെ ഭഗവതിയെ പ്രതി‌ഷ്ഠിച്ചപ്പോൾതന്നെ ആ ശ്രീകോവിലകത്തു വെച്ചു. അത് ഇപ്പോഴും അവിടെത്തന്നെ ഇരിക്കുന്നുണ്ട്. അതിന് ഇതുവരെ യാതൊരു കേടും സംഭവിച്ചിട്ടില്ല. ഊരാളന്മാരായ എട്ടു കുടുംബക്കാരുടെ ക്ഷേത്രത്തിൽ വീട്ടുപേരുകൾ താഴെപ്പറയുന്നു. 1. കീഴേൽ വീട് 2. പാഴേൽ 3. എളേടത്ത് 4. ഈച്ചരാട്ടിൽ 5. പൊനത്തിൽ 6. നാണോത്ത് 7. എരോത്ത് 8. ഉമ്മച്ചിവീട്. ക്ഷേത്രത്തിൽ കൈകാര്യകർത്തൃത്വം ഒന്നു മുതൽ നാലു വീട്ടുകാർക്കാണ്. അവർക്കു കാരണവസ്ഥാനവുമുണ്ട്. ശേ‌ഷമുള്ള നാലു വീട്ടുകാരും ഇവരുടെ അനന്തരവരുടെ നിലയിലാണ് വർത്തിച്ചുപോരുന്നത്.

ഈ വൈശ്യന്മാർ പത്തേമാരികളിൽനിന്നു കരയ്ക്കിറങ്ങിയതിന്റെ ശേ‌ഷം ക്ഷേത്രത്തിനും വീടുകൾക്കും യോഗ്യമായ സ്ഥലം നോക്കി നിശ്ചയിക്കാൻ പോയവർ വെയിലത്തു ക്ഷീണിച്ചപ്പോൾ ഒരു അയിനിമരത്തിന്റെ ചുവട്ടിൽ ചെന്നിരുന്നു. ആ വൃക്ഷം ശാഖോപശാഖകൾകൊണ്ടു പന്തൽപോലെ പരന്നതായിരുന്നതിനാൽ അവർ അതിന് പന്തലായിനിഎന്നു പേരിട്ടു. അതിനാൽ ആ ദേശത്തിനും ആ പേരു സിദ്ധിച്ചു.

ഈ വൈശ്യന്മാർ എട്ടു കുടുംബക്കാർ മാത്രമായിരുന്നതിനാൽ അവർക്കു യഥാപൂർവ്വം പെൺകിടാങ്ങളെ വിവാഹം കഴിച്ചുകൊടുക്കുന്നതിനും മക്കത്തായം ആചരിക്കുന്നതിനും നിവൃത്തിയില്ലാതെയായിത്തീർന്നു. അതിനാൽ അവർ ചില നായർവീട്ടുകാരെ എണങ്ങാക്കിച്ചേർക്കുകയും മക്കത്തായമുപേക്ഷിച്ചു മരുമക്കത്തായം സ്വീകരിക്കുകയും ചെയ്തു.

വൈശ്യന്മാർ നായന്മാരായിത്തീർന്നപ്പോൾ ക്ഷേത്രത്തിൽ ശാന്തിക്ക് അവരായാൽപ്പോരെന്നു അവർക്കുതന്നെ തോന്നുകയാൽ ശാന്തിക്ക് അവർ ചാലോറ എന്ന് ഇല്ലപ്പേരായ ഒരു നമ്പൂരിയെ നിയമിച്ചു. നമ്പൂരി ശാന്തിയായപ്പോൾ അവിടെ സ്വല്പം ചില ഭേദഗതികൾ വരുത്തേണ്ടിവന്നു. ക്ഷേത്രത്തിൽ ഉഷപ ഉൾപ്പെടെ അഞ്ചു പൂജ പതിവുള്ളതിൽ ഭഗവതിക്കു മാത്രം ഉച്ചപ്പൂജയ്ക്കുള്ള നിവേദ്യം മദ്യവും മാംസവുമായിരുന്നു പതിവ്. നമ്പൂരി ശാന്തിയായപ്പോൾ അതു വേണ്ടെന്നു വെച്ചു. മദ്യമാംസങ്ങൾ നിവേദ്യമല്ലാതാവുകയും പൂജ നമ്പൂരിയാവുകയും ചെയ്തപ്പോൾ ഭഗവതിയുടെ ചൈതന്യവും വർദ്ധിച്ചു. മുൻപേതന്നെ ഉഗ്രമൂർത്തിയായ ഭഗവതി നമ്പൂരി യുടെ പൂജ നിമിത്തം അത്യുഗ്രയായിത്തീർന്നു. ദേവിക്കു "ഭയങ്കരി" എന്നുള്ള നാമം അപ്പോഴാണു യഥാർത്ഥമായിത്തീർന്നത്. ദർശനത്തിനായിച്ചെല്ലുന്നവർക്കു പകൽസമയത്തുപോലും ദേവിയുടെ നടയിൽപ്പോകാനെന്നല്ല, ക്ഷേത്രത്തിനകത്തു കടക്കാൻതന്നേയും എന്തോ വല്ലാത്ത ഒരു ഭയം ഉണ്ടായിത്തീർന്നു. അപ്പോൾ ഈ ഉഗ്രത സ്വല്പം കുറയ്ക്കണമെന്നു നിശ്ചയിച്ചു ഊരാളന്മാർ നമ്പൂരിയുടെ ശാന്തി വേണ്ടെന്നുവെയ്ക്കുകയും ശാക്തേയന്മാരായ "വട്ടോളി" മൂസ്സതിന്മാരെക്കൊണ്ടു ശാന്തി തുടങ്ങിക്കുകയും ചെയ്തു. അപ്പോൾ ദേവിയുടെ ഉഗ്രതയ്ക്കു സ്വല്പം ശമനം സംഭവിക്കുകയും ചെയ്തു. ഇപ്പോഴും ഈ ക്ഷേത്രത്തിൽ ശാന്തി നടത്തിവരുന്നതു വട്ടോളി മൂസ്സതിന്മാർ തന്നെയാണ്. എങ്കിലും ആണ്ടുതോറും മീനത്തിൽ തന്ത്രിയെ അവിടെ വരുത്തി, ഒരു ശുദ്ധികലശവും ബ്രാഹ്മണരെക്കൊണ്ടു മൂന്നുദിവസത്തെ പൂജയും ഇപ്പോഴും നടത്തിവരുന്നുണ്ട്.

ഈ ക്ഷേത്രത്തിൽ ആണ്ടുതോറും മീനമാസത്തിൽ എട്ടഹസ്സായിട്ട് ഒരുത്സവം നടന്നുവരുന്നുണ്ട്. അതിനു "കളിയാട്ടം" എന്നാണു പേരുപറഞ്ഞുവരുന്നത്. ഈ ഉത്സവം മറ്റു ക്ഷേത്രങ്ങളിലെപ്പോലെയൊന്നുമല്ല. ഇവിടെ ധ്വജമായി ഉപയോഗിക്കുന്നതു നാല്പത്തഞ്ചുകോൽ നീളമുള്ള ഒരു മുളയാണ്. മുള നാട്ടി അതിന്മേലാണ് കൊടിയേറ്റു കഴിക്കുന്നത്. കൊടിയേറിയാൽ എഴുന്നള്ളിക്കുന്നത് ആറു ദിവസം ലോഹനിർമ്മിതമായ ശീവേലിത്തിടമ്പും എഴാം ദിവസവും എട്ടാം ദിവസവും നാന്ദകം വാളുമാണ്. നാന്ദകം വാളെഴുന്നള്ളിക്കുന്നതിനുള്ള ആന പിടി തന്നെയായിരിക്കണമെന്നു നിർബന്ധമുണ്ട്. ഉത്സവകാലത്തു പ്രതിദിനം മൂന്നു ശീവേലിയും ക്ഷേത്രത്തിന്റെ ഊട്ടുപുരയിൽവെച്ചു ബ്രാഹ്മണർക്കും സാധുക്കൾക്കും സദ്യയും പതിവുണ്ട്. ഏഴാം ദിവസം വലിയവിളക്കിനും എട്ടാംദിവസം കാളിയാട്ടത്തിനും മാത്രമേ നാന്ദകംവാൾ ആനപ്പുറത്ത് എഴുന്നള്ളിക്കാറുള്ളൂ. നാന്ദകം വാളെടുത്ത് എഴുന്നള്ളിക്കുന്ന ആളിൽ ഭഗവതിയുടെ ആവാസമുണ്ടാകുമെന്നാണ് വിശ്വാസം. ആ ആൾ വാൾ പിടിച്ചുകൊണ്ട് ആനപ്പുറത്തിരുന്നു കലശലായി വിറയ്ക്കുകയും എഴുന്നള്ളിച്ചുകഴിഞ്ഞു താഴെയിറങ്ങി വാൾ ശ്രീകോവിലകത്തു കൊണ്ടുചെന്നു വെച്ചാലുടനെ ബോധംകെട്ടു വീഴുകയും ചെയ്യാറുണ്ട്. പിന്നെ വളരെനേരം കഴിഞ്ഞേ ആ ആൾക്കു ബോധം വീഴുകയുള്ളൂ.

ഇവിടെ ഉത്സവം മീനമാസത്തിലായിരിക്കണമെന്നല്ലാതെ കൊടിയേറ്റ് ഇന്നനാൾ, അല്ലെങ്കിൽ ഇന്ന തീയതി വേണമെന്നു നിർബന്ധമില്ല. അത് ആണ്ടുതോറും നിശ്ചയിച്ചു നടത്തുകയാണു പതിവ്. അതു നിശ്ചയിക്കാനുള്ള അവകാശവും അധികാരവും "പൊറ്റമൻ നമ്പീശൻ" എന്ന ആൾക്കാണ്. അവരുടെ കുടുംബത്തിൽ അതാതുകാലത്തു മൂപ്പായിട്ടുള്ള ആളാണ് അതു നിശ്ചയിക്കുന്നത്. എന്നാൽ അതു നാന്ദകം വാൾ കറകൂട്ടുവാനുള്ള മുഹൂർത്തമനുസരിചായിരിക്കണം. വാൾ കറകൂട്ടു വാനുള്ള മുഹൂർത്തം ജ്യോത്സ്യനെ വരുത്തി നോക്കിച്ചാണ് നിശ്ചയിക്കുന്നത്. ഞായർ, ചൊവ്വ, വെള്ളി ഈ ആഴ്ചകളിൽ ഏതെങ്കിലും ഒരു ദിവസമേ വാൾ കറകൂട്ടുവാൻ പാടുള്ളൂ. വാൾ കറകൂട്ടുക എന്നുപറഞ്ഞാൽ തേച്ചുമിനുക്കി തുരുമ്പു കളഞ്ഞ് എണ്ണ പുരട്ടിവെയ്ക്കുക എന്നാണർത്ഥം.

കാളിയാട്ടത്തിന്റെ പ്രധാന ക്രിയ നാന്ദകം വാൾ ആനപ്പുറത്ത് എഴുന്നള്ളിക്കുകയാണ്. ആ എഴുന്നള്ളത്തു പകൽ ഏകദേശം നാലുമണിക്ക് ആരംഭിക്കും. അതിനു കുട, ആലവട്ടം, വെൺചാമരം, തലയിൽക്കെട്ടു മുതലായ അലങ്കാരങ്ങളോടുകൂടിയ പതിനഞ്ചാനകളും പലവിധ വാദ്യമേളങ്ങളോടുകൂടിയ താളമേളങ്ങളുമുണ്ടായിരിക്കും. ആ എഴുന്നള്ളത്തു നടയിൽ സ്വല്പമകലെയായി നിൽക്കുന്ന പാലയുടെ ചുവട്ടിലെത്തുമ്പോൾ മേളം കലാശിക്കും. പിന്നെ അവിടെ കുറുപ്പിന്റെ നൃത്തമുണ്ട്. അതു കഴിഞ്ഞാൽ അവിടെനിന്ന് ഊരുചുറ്റലായി എഴുന്നള്ളിച്ചുപോകും. ഊരുചുറ്റൽ കഴിഞ്ഞു മടങ്ങിയെത്തിയാൽ ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയ്ക്കലും തെയ്യമ്പാടിക്കുറുപ്പിന്റെ നൃത്തമുണ്ട്. ഭഗവതി ഊരുചുറ്റാൻ എഴുന്നള്ളുന്ന സമയം ക്ഷേത്രത്തിന്റെ തെക്കുഭാഗത്തു മുന്നൂറ്റൻ (മുന്നൂറന്മാർ) എന്ന ജാതിക്കാരും കിഴക്കുഭാഗത്തു വ(മ)ണ്ണാന്മാരും അണിനിരന്നു കാവൽ നിൽക്കുക പതിവാണ്. നാന്ദകം വാൾ ഇറക്കിയെഴുന്നള്ളിക്കുന്നതുവരെ അവർ കാവൽ നിൽക്കും. ഇറക്കിയെഴുന്നള്ളിക്കുന്ന സമയത്തു വെളിച്ചപ്പാടു തുള്ളും. അതും കഴിഞ്ഞാൽ അരിയും പയറും മാംസവുംകൂടി പാകംചെയ്തു. കൊണ്ടുപോയി വടക്കുവശത്തുള്ള കോട്ടയിൽവെച്ചു ഭൂതങ്ങൾക്കു ബലികൊടുക്കും. ഇതിന് "അരിങ്ങാട്ട്" എന്നാണ് പേരു പറഞ്ഞുവരുന്നത്. അത് അന്യന്മാർക്കു കാണാൻ പാടില്ല. കോട്ടയെന്നു പറയപ്പെടുന്നത് ഏതാനും ഉന്നതവൃക്ഷങ്ങൾ നിൽക്കുന്ന ഒരു പറമ്പാണ്.

വി‌ഷാരിക്കാവിൽ ഭഗവതിയുടെ അത്ഭുതമാഹാത്മ്യങ്ങളെല്ലാം പറഞ്ഞവസാനിപ്പിക്കുന്ന കാര്യം അസാദ്ധ്യമാണ്. അതിനാൽ അവയിൽ ചിലതുമാത്രം താഴെ പറഞ്ഞുകൊള്ളുന്നു.

പണ്ടു "മൈസൂർ കടുവ" എന്നു പ്രസിദ്ധനായിരുന്ന ടിപ്പു സുൽത്താൻ മലബാറിനെ ആക്രമിച്ച കാലത്ത് അനേകം ഹിന്ദുക്ഷേത്രങ്ങൾ അഗ്നിക്കിരയാക്കി നശിപ്പിച്ചുവെങ്കിലും വി‌ഷാരിക്കാവിൽ ഭഗവതിയെക്കുറിച്ച് അയാൾക്ക് അവളരെ ഭക്തിയും വിശ്വാസവുമുണ്ടായിരുന്നു. അതിനാൽ അയാൾ ചില കാലങ്ങളിൽ ദർശനാർത്ഥം അവിടെ ചെല്ലുകയും ചെയ്തിരുന്നു. ഒരിക്കൽ സുൽത്താൻ ദർശനത്തിനായിച്ചെന്നസമയം ശാന്തിക്കാരൻ പ്രസാദം കൊടുക്കാനായി കൊണ്ടു ചെല്ലുകയും അപ്പോൾ സുൽത്താൻ "എനിക്കു ശാന്തിക്കാരന്റെ പ്രസാദം വേണ്ട; ദേവിതന്നെ എനിക്കു പ്രസാദം തരണം" എന്നു പറഞ്ഞു ശാന്തിക്കാരനോടു പ്രസാദം വാങ്ങാതെ തർക്കിച്ചു നിൽക്കുകയും ചെയ്തു. ആ സമയംഭഗവതിതന്നെ പ്രസാദമെടുത്തുകൊണ്ടു പ്രത്യക്ഷമായി അവിടെ എഴുന്നള്ളി. പ്രസാദം സുൽത്താന്റെ കൈയിലിട്ടുകൊടുത്തു. പ്രസാദം വാങ്ങിയതോടുകൂടി സുൽത്താൻ ബോധം കെട്ടു വീഴുകയും ദേവി അന്തർദ്ധാനം ചെയ്യുകയും ചെയ്തു. പിന്നെ മൂന്നേമുക്കാൽ നാഴികകഴിഞ്ഞപ്പോൾ സുൽത്താനു ബോധം വീണു. അപ്പോൾ അയാൾക്കു താൻ വിചാരിക്കുകയും പറയുകയും ചെയ്തത് അവിവേകമായിപ്പോയി എന്നു തോന്നുകയും ദേവിയെക്കുറിച്ചുള്ള ഭക്തിവിശ്വാസങ്ങൾ പൂർവ്വാധികം വർദ്ധിക്കുകയും ചെയ്തു. അതിനാൽ സുൽത്താൻ പ്രതിവത്സരം 342 രൂപവീതം സർവ്വമാന്യമായി ദേവസ്വത്തിലേക്കു കൊടുത്തുവന്നിരുന്നു. പിന്നീടു ടിപ്പുവിന്റെ രാജ്യം ബ്രിട്ടീ‌ഷു ഗവൺമെന്റിന്റെ അധീനതയിലായപ്പോൾ ആ സംഖ്യ ആ ഗവൺമെന്റു സർവ്വമാന്യമായി ഭൂനികുതിവകയിൽ വിട്ടുകൊടുത്തു. ആ സ്ഥിതിയിൽ ഇന്നും നടന്നു വരുന്നു.

ഒരിക്കൽ ചില ക്ഷേത്രകാര്യങ്ങൾ പെട്ടെന്നു നടത്തേണ്ടതായും തൽക്കാലം ദേവസ്വത്തിൽ പണം ചുരുക്കമായും വരികയാൽ ഊരാളന്മാർ ചിങ്ങപുരത്തു കൃ‌ഷ്ണപട്ടർ എന്നൊരാളോട് ഏതാനും രൂപ കടംവാങ്ങി. ആ സംഖ്യ അവധിക്കു കൊടുത്തുതീർക്കാത്തതിനാൽ പട്ടർ അന്യായം കൊടുത്ത് ഊരാളന്മാരുടെ മേലും ദേവസ്വംവക സ്വത്തുക്കളിന്മേലും സ്ഥാപിച്ചു വിധി സമ്പാദിച്ചു. ഊരാളന്മാരെ വാറണ്ടിൽ പിടിക്കാൻ പലപ്രാവശ്യം ശ്രമിച്ചിട്ടും സാധിച്ചില്ല. ഒടുക്കം പട്ടർ കാളിയാട്ട ദിവസം നാന്ദകം വാളെഴുന്നള്ളിക്കുന്ന ആനയ്ക്കു കെട്ടിക്കുന്നതും ദേവസ്വംവകയുമായ സ്വർണ്ണത്തലയിൽക്കെട്ടു ജപ്തി ചെയ്യിക്കാമെന്നു നിശ്ചയിച്ച് ആമ്യനോടുകൂടി എട്ടാമുത്സവദിവസം ക്ഷേത്രസന്നിധിയിലെത്തി. എഴുന്നള്ളിപ്പു പുറത്തുവന്നപ്പോഴേക്കും പട്ടർക്ക് അവിടെ നിൽക്കാൻ വയ്യാതെയായി. അദ്ദേഹം ഒരു ഭ്രാന്തനെപ്പോലെ അവിടെനിന്ന് ഓടി. അപ്പോൾ ആരോ പിന്നാലെ ഓടിച്ചെന്ന് ഊക്കോടുകൂടി പുറത്ത് ഒന്നടിച്ചതായി അദ്ദേഹത്തിനു തോന്നി. അദ്ദേഹം പിന്നെയും ഓടുകയും പടിഞ്ഞാറേവശത്തുള്ള ചിറയുടെ വക്കത്തു ചെന്നപ്പോൾ ബോധംകെട്ട് അവിടെ വീഴുകയും ഉടനെ ചോര ശർദ്ദിച്ചു തുടങ്ങുകയും മാത്രയ്ക്കിടയിൽ പരലോകപ്രാപ്തനാവുകയും ചെയ്തു.

വി‌ഷാരിക്കാവു ക്ഷേത്രത്തിൽ രണ്ടുതവണ കള്ളന്മാർ കയറുകയുണ്ടായി. ഒരിക്കലും അവർക്കൊന്നും കൊണ്ടുപോകുവാൻ സാധിച്ചില്ല. ഒരിക്കൽ കള്ളന്മാർ അമ്പലത്തിനകത്തു കടന്നപ്പോൾ അവിടെ അകത്തുംപുറത്തും വലിയ പുഴയിലെന്നപോലെ വെള്ളം പെരുകിയിരിക്കുന്നതായി അവർക്കു തോന്നി. അതിനാൽ നേരം വെളുക്കുന്നതുവരെ അവിടെക്കിടന്നു കഷ്ടപ്പെട്ടു. നേരം വെളുത്തു നട തുറന്നപ്പോൾ അവിടെയെങ്ങും വെള്ളം കയറിയിട്ടില്ലെന്നുള്ള വാസ്തവം അവർക്കു മനസ്സിലാവുകയും അവരിറങ്ങിപ്പോവുകയും ചെയ്തു.

പിന്നെയൊരിക്കൽ കള്ളന്മാരമ്പലത്തിൽക്കയറി ചില ഓട്ടുപാത്രങ്ങളും മറ്റും എടുത്തുകൊണ്ടു പുറത്തിറങ്ങി. സാമാനങ്ങളെല്ലാം തലയിലേറ്റിക്കൊണ്ടു യാത്രയായപ്പോൾ അവർക്ക് ഏതിലേയാണ് പോകേണ്ടതെന്നു നിശ്ചയമില്ലാതെയായി. അവർ ആ പാത്രങ്ങളും തലയിൽ വെച്ചുകൊണ്ടു നേരം വെളുക്കുന്നതുവരെ ക്ഷേത്രത്തിനു പ്രദക്ഷിണം വെച്ചു. നേരം വെളുത്തപ്പോൾ ഊരാളന്മാരിൽ ചിലർ അവിടെ എത്തി കള്ളന്മാരെ പിടികൂടുകയും പോലീസിൽ ഏല്പിക്കാനായി പുറപ്പെടുകയും ആ സമയം വെളിച്ചപ്പാടു തുള്ളിവരികയും "നമ്മുടെ മുതല! മോഷ്ടിച്ചുകൊണ്ടുപോയാൽ അതുകൊണ്ടുണ്ടാവുന്ന നഷ്ടം നമുക്കാണ്. അതിനാൽ അതിനേക്കുറിച്ചു നാംതന്നെ ചോദിച്ചുകൊള്ളാം. അതിനു കുമ്പഞ്ഞിയെ (കമ്പനിയെ അക്കാലത്തു ഇന്ത്യ ഭരിച്ചിരുന്നത് ഈസ്റ്റിന്ത്യാക്കമ്പനിക്കാരായിരുന്നു) ഏല്പിക്കണമെന്നില്ല" എന്നു പറയുകയും കള്ളന്മാരെക്കൊണ്ടു മോഷ്ടിച്ച മുതലെല്ലാം അവിടെ വെയ്പ്പിക്കുകയും പ്രായശ്ചിത്തവും മേലാൽ അവിടെക്കയറി മോഷ്ടിക്കുകയില്ലെന്നു സത്യവും ചെയ്യിച്ച് അവരെ വിട്ടയയ്ക്കുകയും ചെയ്തു. അതിൽപ്പിന്നെ ഒരിക്കലും ആ ക്ഷേത്രത്തിൽ കള്ളന്മാർ കയറിയിട്ടില്ല.

മുമ്പൊരുകാലത്തു ദേവസ്വം വകയായി ഇവിടെ ഒരു പിടിയാനയുണ്ടായിരുന്നു. ആ ആനയെ ഏറനാടു താലൂക്കിൽ മമ്പാട്ടു ദേശക്കാരനായ ഒരു മഹമ്മദീയനു പാട്ടത്തിനു കൊടുത്തിരുന്നു. ഉത്സവത്തിനെഴുന്നള്ളിക്കാൻ ആനയെ മുൻകൂട്ടി മടക്കിയയച്ചുകൊള്ളാമെന്നുള്ള കരാറോടുകൂടിയാണ് മുഹമ്മദീയൻ ആനയെ കൊണ്ടുപോയത്. എങ്കിലും ഉത്സവമടുത്തപ്പോൾ ഊരാളന്മാർ മുഹമ്മദീയന്റെ പേർക്ക് ഒരെഴുത്തുകൊടുത്ത് ആളെ അയച്ചു. ആ എഴുത്തിനു മുഹമ്മദീയന്റെ മറുപടി, "ഇപ്പോൾ പണിത്തിരക്കു വളരെ അധികമാകയാൽ ഉത്സവത്തിനു തക്ക വണ്ണം ആനയെ മടക്കിയയ്ക്കാൻ നിവൃത്തിയില്ല" എന്നായിരുന്നു. വേറെ ആനയെ അന്വേ‌ഷിച്ചിട്ടു കിട്ടിയുമില്ല. ഊരാളന്മാർ ആകപ്പാടെ വി‌ഷണ്ണരായിത്തീർന്നു. എങ്കിലും ഉത്സവാരംഭദിവസം രാത്രിയിൽ എഴുന്നള്ളിക്കാനുള്ള സമയമായപ്പോൾ പടിഞ്ഞാറേച്ചിറയിൽ ഒരാനയുടെ ശബ്ദം കേട്ട് ഊരാളന്മാരും മറ്റും ഓടിച്ചെന്നു നോക്കിയപ്പോൾ അതു ദേവസ്വം വക പിടിയാന തന്നെയായിരുന്നു. അന്നു പകൽ മുഴുവനും ആ ആന മുഹമ്മദീയന്റെ പണിസ്ഥലത്തുണ്ടായിരുന്നു. മമ്പാട്ടുനിന്ന് ഈ ക്ഷേത്രത്തിലേക്ക് എൺപതു നാഴിക ദൂരമുണ്ട്. ഇത്രയും ദൂരം പത്തുനാഴിക കൊണ്ട് ഈ ആന എത്തിയതെങ്ങനെയെന്നു ഭഗവതിക്കു മാത്രമറിയാം. ആനയുടെമേൽ ചങ്ങലയും ഒരുമിച്ച് ആനക്കാരനുമുണ്ടായിരുന്നില്ല. ആന ആരുംപറയാതെ സ്വയമേവ ചിറയിലിറങ്ങിക്കുളിച്ചു ക്ഷേത്രനടയിൽച്ചെന്നുനിന്നു. തലയിൽക്കെട്ട് എടുത്തുകൊണ്ടു ചെന്നപ്പോഴും ആരും പറയാതെ തന്നെ ആന മടക്കി. ഒരാൾ തലയിൽക്കെട്ടു കെട്ടിച്ചു. ശാന്തിക്കാരൻ പതിവുപോലെ എഴുന്നള്ളിക്കുകയും ചെയ്തു. അങ്ങനെ രണ്ടുദിവസം കഴിഞ്ഞപ്പോഴേക്കും ആനയെ അന്വേ‌ഷിച്ചു മുഹമ്മദീയനും ആനക്കാരനും ഇവിടെ വന്നുചേർന്നു. ഉത്സവത്തിനെഴുന്നള്ളിക്കാൻ ആനയെ അയയ്ക്കാതെയിരുന്നതിനു മുഹമ്മദീയൻ പ്രായച്ഛിത്തം ചെയ്യുകയും ദേവിയുടെ കോപം ഉണ്ടാകാതെയിരിക്കേണ്ടതിലേക്കായി അനേകം വഴിപാടുകൾ നടത്തുകയും ചെയ്തു.

ഈ ക്ഷേത്രത്തിലെ കോമരം (വെളിച്ചപ്പാട്) പട്ടുമുണ്ടയ്ക്കൽ തെയ്യമ്പാടിക്കുറുപ്പിന്റെ കുടുംബത്തിൽ അന്നന്നു മൂത്ത ആളായിരിക്കുകയാണ് പതിവ്. ഒരു കാലത്ത് അവിടെ പ്രായം തികഞ്ഞ പുരു‌ഷന്മാരാരും ഇല്ലാതെയായിത്തീരുകയാൽ കരോറപ്പണിക്കന്മാരുടെ കുടുംബത്തിൽനിന്ന് ഒരാളെ കോമരമാക്കിയെടുക്കുന്നതിന് ഊരാളന്മാരും മറ്റും കൂടിത്തീർച്ചയാക്കി.

ആ സമയം തെയ്യമ്പാടിക്കുറുപ്പിന്റെ ഗൃഹത്തിൽനിന്നു പതിനൊന്നു വയസ്സുമാത്രം പ്രായമുള്ള ഒരാൺകുട്ടി വെളിച്ചപ്പെട്ടുകൊണ്ടു ക്ഷേത്രത്തിലെത്തി. കുറുപ്പിന്റെ ഗൃഹത്തിൽനിന്നു ക്ഷേത്രത്തിലേക്കു നൂറ്റിപ്പതിനഞ്ചു നാഴിക ദൂരമുണ്ട്. ചെറുപ്രായക്കാരനായ ഈ ബാലൻ ഇത്രയും ദൂരം പരസഹായം കൂടാതെ വഴിയറിഞ്ഞ് ഇവിടെ വന്നെത്തിയതിനെക്കുറിച്ചുതന്നെ എല്ലാവരും അത്ഭുതപ്പെട്ടു. പിന്നീടുണ്ടായ അന്വേ‌ഷണത്തിൽ അയാൾ ഗൃഹത്തിൽനിന്ന് ഏകദേശം പതിനഞ്ചു നാഴികകൊണ്ടാണ് ഇവിടെ വന്നെത്തിയതെന്ന് അറിയുകയും ചെയ്തു. അയാളുടെ പ്രവൃത്തികളും വാക്കുകളും അത്ഭുതപ്പെടുവാൻ തക്കവയായിരുന്നതിനാൽ വിശ്വാസപൂർവ്വം അയാളെത്തന്നെ അവിടെ കോമരമായി സ്വീകരിച്ചു. ഏകദേശം എഴുപത്തഞ്ചു വയസ്സോളം പ്രായമായ ആ മനു‌ഷ്യൻ ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ട്.

ഏകദേശം പന്ത്രണ്ടു കൊലം മുമ്പ് ഊരാളന്മാരുടെ ബന്ധുവർഗ്ഗത്തിൽപ്പെട്ട ഒരാൾ ഈ ഭഗവതിയുടെ നടയിൽനിന്നു കള്ളസത്യം ചെയ്തു. അയാൾ ക്ഷേത്രത്തിൽ നിന്നു പുറത്തിറങ്ങിയ ക്ഷണത്തിൽ ബോധംകെട്ടുമറിഞ്ഞുവീണു മരിച്ചു. അതിൽപ്പിന്നെ സത്യം ചെയ്യാനായി അവിടെയാരും ചെല്ലാറില്ല.

കൊല്ലം 1098-ൽ കടത്തനാട്ടു തെക്കിക്കണ്ണമ്പത്തു നമ്പ്യാരുടെ ഗൃഹത്തിൽ ഒരു വലിയ കവർച്ചയുണ്ടായി. പല ജാതിക്കാരായ ഇരുപത്തൊന്നു മഹതസ്കരന്മാർ കൂടിയാണ് കളവു നടത്തിയത്. പണ്ടമായിട്ടും പണമായിട്ടും അനേകായിരം രൂപയുടെ വക അവർ തട്ടിക്കൊണ്ടുപോയി. പോലീസുകാർ പഠിച്ച വിദ്യകളെലാം പ്രയോഗിച്ച് അന്വേ‌ഷണം നടത്തീട്ടും യാതൊരു തുമ്പുമുണ്ടായില്ല. അതിനാൽ നമ്പ്യാർ ഈ ഭഗവതിക്കു ചില വഴിപാടുകൾ നേർന്നു. അതിന്റെ ശേ‌ഷം അധികം താമസിയാതെതന്നെ ആ കള്ളന്മാർ മോഷ്ടിച്ചെടുത്ത മുതലുകളെല്ലാം തലയിൽവെച്ചു തുള്ളിക്കൊണ്ടു ഭഗവതിയുടെ നടയ്ക്കൽ കൊണ്ടുചെന്നു വെച്ചു ക്ഷമായാചനം ചെയ്തു മടങ്ങിപ്പോയി. ഊരാളന്മാർ നമ്പ്യാരെ വരുത്തി ആ മുതലുകളെല്ലാം ഏല്പിച്ചുകൊടുത്തു. നമ്പ്യാർ മുൻപുനിശ്ചയിച്ചതിലധികം വഴിപാടുകളെല്ലാം കഴിച്ചു ഭഗവതിയെ വന്ദിച്ചുകൊണ്ട് പോവുകയും ചെയ്തു.

പണ്ടൊരിക്കൽ ഗർഭിണിയായ ഒരു സ്ത്രീ ഉച്ചപ്പൂജ സമയത്തുക്ഷേത്രത്തിൽ ചെന്നു ദർശനം കഴിച്ചുപോയി. അന്ന് അസ്തമിക്കുന്നതിനു മുൻപ് ആ സ്ത്രീ മരിച്ചു. ഇതിന്റെ കാരണമെന്തെന്നറിയുന്നതിനായി ആ സ്ത്രീയുടെ വീട്ടുകാർ ഒരു പ്രശ്നക്കാരനെക്കൊണ്ടു പ്രശ്നംവെപ്പിച്ചു നോക്കി. സ്ത്രീയുടെ മരണത്തിനുള്ള കാരണം ഭഗവതിയുടെ കോപമാണെന്നു പ്രശ്നക്കാരൻ വിധിച്ചു. ഭഗവതിക്ക് ഉചപ്പൂജയ്ക്കു നിവേദ്യം മദ്യവും മാംസവുമാണല്ലോ പതിവ്. മദ്യം സേവിച്ച് മദിച്ചിരിക്കുന്ന സമയത്ത് ആരായാലും അന്യന്മാർ ചെന്നു കാണുന്നതു സന്തോ‌ഷാവഹമായിരിക്കുകയില്ലല്ലോ. വിശേ‌ഷിച്ച് ഒരു സ്ത്രീയായ ഭഗവതി മദ്യപാനം ചെയ്ത് അഹ്ലാദിച്ചിരിക്കുന്ന സമയത്ത് മറ്റൊരു സ്ത്രീ ചെന്നു കണ്ടാൽ കോപമുണ്ടാകാതെയിരിക്കുമോ? ഇതാണ് പ്രശ്നക്കാരന്റെ യുക്തി. അതൊക്കെ എങ്ങനെയായാലും അക്കാലംമുതൽ ഈ ക്ഷേത്രത്തിൽ ഉചപ്പൂജയ്ക്കുശേ‌ഷം സ്ത്രീകൾ അകത്തുകടന്നു ദർശനം കഴിക്കാതെയായി. അത് ഇപ്പോഴും അങ്ങനെതന്നെയിരിക്കുന്നു.

ഭർത്തൃഹരി

ഭർത്തൃഹരി

ഭർത്തൃഹരി ആദ്യമേതന്നെ നിത്യ ബ്രഹ്മചാരിയായിരുന്നു എന്നും അതല്ല അദ്ദേഹം ആദ്യം വിവാഹം കഴിക്കുകയും ഗൃഹസ്ഥാശ്രമത്തെ സ്വീകരിച്ചു കുറച്ചുകാലം ഇരിക്കുകയും ചെയ്തു.

പിന്നീടു വിരക്തനും സന്യാസിയുമായിത്തീർന്നതാണെന്നും ഇങ്ങനെ രണ്ടുവിധം കേൾവിയുണ്ട്.അദ്ദേഹം ഐഹികസുഖങ്ങളെ ഉപേക്ഷിച്ചു വിരക്തനായിത്തീർന്നതിന് ഒരു കാരണവും ചിലർ പറയുന്നുണ്ട്. അതു താഴെ പറഞ്ഞുകൊള്ളുന്നു.

ഒരു ദിവസം ഒരു യോഗീശ്വരൻ ഭർത്തൃഹരിയുടെ ഗൃഹത്തിൽ വന്നു. ആ യോഗി ഒരു മാമ്പഴം ഭർത്തൃഹരിയുടെ കൈയിൽ കൊടുത്തിട്ട്, “ഈ മാമ്പഴം തിന്നാൽ ജരാനരകൾ കൂടാതെ എന്നും ജീവിച്ചിരിക്കും” എന്നു പറഞ്ഞു ഉടനെ ഇറങ്ങിപ്പോവുകയും ചെയ്തു.

യോഗി പോയതിന്റെ ശേഷം ഭർത്തൃഹരി, “കുറച്ചു കാലം കഴിയുമ്പോൾ എന്റെ പ്രിയതമ വാർധക്യം നിമിത്തം ജരാനരകളാൽ ബാധിതയായി മരിച്ചുപോകുമല്ലോ. അവൾ മരിച്ചിട്ടു പിന്നെ ഞാൻ ജീവിച്ചിരിക്കുന്നതെന്തിനാണ്? അതിനാൽ ഈ മാമ്പഴം അവൾക്കു കൊടുക്കണം. അവൾ എന്നും ജീവിച്ചിരിക്കട്ടെ” എന്നു വിചാരിച്ച് ആ മാമ്പഴം ഭാര്യയ്ക്കു കൊടുക്കുകയും അതിന്റെ മാഹാത്മ്യം ഇന്നപ്രകാരമാണെന്ന് അവളെ ധരിപ്പിക്കുകയും ചെയ്തു.

ഭർത്തൃഹരി അസാമാന്യമായി സ്നേഹിച്ചും പതിവ്രതാശിരോമണിയെന്നു വിശ്വസിച്ചും വെച്ചിരുന്ന ആ ഭാര്യയ്ക്ക് ഒരു ജാരൻ ഉണ്ടായിരുന്നു. അവൻ ഭർത്തൃഹരിയുടെ അശ്വപാലകൻ (കുതിരക്കാരൻ) തന്നെയായിരുന്നു. മാമ്പഴം കൈയിൽക്കിട്ടുകയും അതിന്റെ മാഹാത്മ്യത്തെപ്പറ്റി അറിയുകയും ചെയ്തപ്പോൾ പുംശ്ചലിയായ ആ സ്ത്രീ, “നമ്മുടെ ജാരൻ മരിച്ചിട്ടു പിന്നെ ഞാൻ ജീവിച്ചിരിക്കുന്നതെന്തിനാണ്? അവൻ എന്നും ജീവിച്ചിരിക്കട്ടെ” എന്നു വിചാരിച്ച് ആ മാമ്പഴം ആരുമറിയാതെ ജാരനെ വരുത്തി, അവനു കൊടുക്കുകയും അതിന്റെ മാഹാത്മ്യത്തെ ഗ്രഹിപ്പിക്കുകയും ചെയ്തു. ആ കുതിരക്കാരൻ, എന്റെ ഭാര്യ മരിച്ചിട്ടു പിന്നെ ഞാൻ ജീവിച്ചിരിക്കുന്നതെന്തിനാണ്? അവൾ എന്നും ജീവിച്ചിരിക്കട്ടെ എന്നു വിചാരിച്ച് അത് അവന്റെ ഭാര്യയ്ക്കു കൊടുത്തു. കുതിരക്കാരന്റെ ഭാര്യ ഭർത്തൃഹരിയുടെ ഭവനത്തിലെ അടിച്ചുതളിക്കാരത്തിയുമായിരുന്നു. അവൾ അവിടെ വന്ന് അടിച്ചുതളി കഴിഞ്ഞ് അവളുടെ വീട്ടിലേക്കു പോയ സമയത്താണ് കുതിരക്കാരൻ ഈ മാമ്പഴം അവൾക്കു കൊടുത്ത് അതിന്റെ മാഹാത്മ്യത്തെ ധരിപ്പിച്ചത്. ഭർത്തൃഹരി പുറത്ത് എവിടെയോ പോയി തിരിച്ചുവരുമ്പോൾ മാധ്യേമാർഗ്ഗം ആ സ്ത്രീ ആ മാമ്പഴവും കൊണ്ടുപോകുന്നതു കണ്ടു. മാമ്പഴം കണ്ടപ്പോൾ അതു തനിക്ക് യോഗി തരികയും താൻ ഭാര്യയ്ക്കു കൊടുക്കുകയും ചെയ്തതാണെന്ന് അദ്ദേഹത്തിനും മനസ്സിലാവുകയാൽ അദ്ദേഹം അവളോട് “ നിനക്ക് ഈ മാമ്പഴം എവിടെനിന്നു കിട്ടി?” എന്നു ചോദിച്ചു. “ ഇത് എനിക്ക് എന്റെ ഭർത്താവു തന്നതാണ്” എന്നു മാത്രം പറഞ്ഞിട്ട് അവൾ പോയി.

ഭർത്തൃഹരി സ്വഗൃഹത്തിൽ വന്നതിന്റെശേഷം കുതിരക്കാരനെ വരുത്തി, ആ മാമ്പഴം അവന് എവിടെനിന്നും കിട്ടി എന്നു ചോദിച്ചു. ആദ്യമൊക്കെ അവൻ ചില വ്യാജങ്ങൾ പറഞ്ഞുവെങ്കിലും ഒടുക്കം ഭർത്തൃഹരിയുടെ നിർബന്ധവും ഭീഷണിയും കൊണ്ടു വാസ്തവംതന്നെ പറഞ്ഞു. അതു കേട്ടപ്പോൾ ഭർത്തൃഹരിക്കു വളരെ വ്യസനമുണ്ടായി.”കഷ്ടം ! ഞാൻ അതിമാത്രം സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്തിരുന്നത് ഈ കുലടയെ ആണല്ലോ. സ്ത്രീകളെ ഒരിക്കലും വിശ്വസിക്കാൻ പാടില്ല. കഷ്ടം! ഇവൾക്കു വിരൂപനും തന്റെ ഭൃത്യനുമായ ഈ നിചങ്കലാണല്ലോ അഭിനിവേശമുണ്ടായത്. ആശ്ചര്യം തന്നെ! ഇവൻ ഇവളുടെ ജാരനല്ലെങ്കിൽ ഇവൾക്ക് ഇവനോട് ഇത്രയും സ്നേഹം തോന്നാനും ഈ മാമ്പഴം ഇവനു കൊടുക്കാനും ഇടയില്ല. ഏതായാലും ഇതിനെക്കുറിച്ച് ഇപ്പോൾ ഒന്നും പറയേണ്ടാ” എന്നിങ്ങനെ വിചാരിച്ച് അദ്ദേഹം കുതിരക്കാരനെ പറഞ്ഞയച്ചിട്ട് ശയനഗൃഹത്തിൽ പോയി വിചാരമഗ്നനായി കിടന്നു. കുതിരക്കാരൻ ഈ ഉണ്ടായ സംഗതിയെല്ലാം ഒരു ദാസിമുഖേന ഭർത്തൃഹരിയുടെ ഭാര്യയെ ഗ്രഹിപ്പിച്ചു. തന്റെ വ്യാജപ്രവൃത്തികളെല്ലാം ഭർത്താവറിഞ്ഞു എന്നറിഞ്ഞപ്പോൾ അവൾക്കു വളരെ വ്യസനവും ഭയവുമുണ്ടായി. ഇതു നിമിത്തം തന്റെ ജാരനു കഠിനശിക്ഷയും തനിക്ക് ദുര്യശസ്സു മുണ്ടാകുമെന്നും ഇവ രണ്ടും ഉണ്ടാകാതെയിരിക്കണമെങ്കിൽ ഭർത്താവിന്റെ കഥ ഉടനെ കഴിക്കണമെന്നും അവൾ നിശ്ചയിച്ചു. ഉടനെ അവൾ വിഷം ചേർത്ത് ഒരു ഓട്ടട(ഒരു പലഹാരം) ഉണ്ടാക്കി, “ഭക്ഷണം തയ്യാറാക്കാൻ കുറച്ചു താമസമുണ്ട്. വയറു കായാതിരിക്കട്ടെ. ഇതു തിന്നോളൂ” എന്നു പറഞ്ഞ് ആ പലഹാരം ഭർത്തൃഹരിയുടെ കൈയിൽ കൊടുത്തു. അംഗനാജനത്തോളം ദുർബുദ്ധി മറ്റാർക്കുള്ളു?

ഭർത്തൃഹരി പലഹാരം കൈയിൽ വാങ്ങിക്കൊണ്ട്, “ഇവൾ എന്നെ കൊല്ലാനായി വിഷം കൂട്ടി ഉണ്ടാക്കിയതായിരിക്കണം. ഇനി ഇവളുടെ സഹവാസം ഉപേക്ഷിക്കുക തന്നെയാണ് യുക്തം; സംശയമില്ല. നാലാശ്രമങ്ങളുള്ളതിൽ ഉത്തമവും സുഖപ്രദവും ദുഃഖരഹിതവുമായിരിക്കുന്നത് ചതുർത്ഥാശ്രമം തന്നെയാണ്. അതിനാൽ അചിരേണ അതിനെത്തന്നെ സ്വീകരിക്കണം” എന്നു മനസ്സിലാക്കിക്കൊണ്ടു നിശ്ചയിച്ചിട്ട് “ഓട്ടപ്പം വീട്ടേച്ചുടും” എന്നു പറഞ്ഞുകൊണ്ട് അവിടെനിന്നെണീറ്റു പുറത്തുവന്നു. ആ പലഹാരം പുരയുടെ ഇറമ്പിൽ തിരുകിവെച്ചിട്ട് അദ്ദേഹം ഭിക്ഷവാങ്ങി ഭക്ഷിക്കുന്നതിനായി ഒരു ചട്ടി കൈയിലെടുത്തുകൊണ്ടു പുറത്തിറങ്ങിപ്പോവുകയും ചെയ്തു. ഭർത്തൃഹരി പടിക്കു പുറത്തിറങ്ങിയപ്പോൾ അദ്ദേഹത്തിന്റെ പുരയ്ക്കു തീപിടിക്കുകയും സർവസ്വവും ഭസ്മാവശേഷമായിത്തീരുകയും ചെയ്തു.

അനന്തരം ഭർത്തൃഹരി സന്യാസവൃത്തിയോടുകൂടിയും ഭിക്ഷയെടുത്തു ഭക്ഷണം കഴിച്ചും പല സ്ഥലങ്ങളിൽ സഞ്ചരിച്ചു. ഒടുക്കം അദ്ദേഹം ഭിക്ഷ യാചിച്ചു വാങ്ങി ഭക്ഷണം കഴിക്കുന്നതു യുക്തമല്ലെന്നും വല്ലവരും വല്ലതും കൊണ്ടുവന്നുതന്നെങ്കിൽ മാത്രം ഭക്ഷിച്ചാൽ മതിയെന്നും നിശ്ചയിച്ച് പരദേശത്തുള്ള ഒരു മഹാക്ഷേത്രത്തിൽ (ചിദംബരത്താണെന്നു ചിലർ പറയുന്നു) ചെന്നുചേർന്നു. അവിടെ കിഴക്കേ ഗോപുരത്തിൽ “*പട്ടണത്തുപിള്ള*” എന്നു പ്രസിദ്ധനായ സന്യാസി ശ്രേഷ്ഠൻ ഇരിക്കുന്നുണ്ടായിരുന്നു. അതിനാൽ ഭർത്തൃഹരി പടിഞ്ഞാറേ ഗോപുരത്തിൽ പോയി തന്റെ ചട്ടിയും മുമ്പിൽവെച്ച് അവിടെയിരുന്നു. ആ ചട്ടിയിൽ വല്ലവരും ഭക്ഷണസാധനവും കൊണ്ടു ചെന്നിട്ടാൽ ഭർത്തൃഹരി അതെടുത്തു ഭക്ഷിച്ചിരുന്നു. അതിൽ ആരും ഒന്നും കൊണ്ടു ചെന്നിട്ടു കൊടുത്തില്ലെങ്കിൽ അദ്ദേഹം ഭക്ഷിക്കാറുമില്ല. ഭക്ഷണം കൂടാതെ അദ്ദേഹം അനേകം ദിവസങ്ങൾ കഴിച്ചുകൂട്ടാറുണ്ടായിരുന്നു. എന്നാൽ അതുകൊണ്ട് അദ്ദേഹത്തിന് വിശേഷിച്ചു യാതൊരു സുഖക്കേടും ക്ഷീണവും ഉണ്ടാകാറുമില്ല.

അങ്ങനെയിരിക്കുന്ന കാലത്ത് ഒരു ദിവസം ഒരു ഭിക്ഷക്കാരൻ അവിടെ കിഴക്കേ ഗോപുരത്തിൽ ചെന്നു പട്ടണത്തുപിള്ളയോടു ഭിക്ഷ യാചിച്ചു. അപ്പോൾ പട്ടണത്തുപിള്ള “ ഞാനും തന്നേപ്പോലെ തന്നെ ഒരു ഭിക്ഷക്കാരനാണ്. തനിക്കു തരുന്നതിന് എന്റെ കൈവശം യാതൊന്നുമില്ല. എന്നാൽ പടിഞ്ഞാറേ ഗോപുരത്തിൽ ഒരു ധനികൻ ഇരിക്കുന്നുണ്ട്. അവിടെച്ചെന്നു ചോദിച്ചാൽ അദ്ദേഹം വല്ലതും തരുമായിരിക്കും” എന്നു പറഞ്ഞു. ഉടനെ ആ ഭിക്ഷക്കാരൻ പടിഞ്ഞാറേ ഗോപുരത്തിൽ ഭർത്തൃഹരി യുടെ അടുക്കൽ ചെന്നു ഭിക്ഷ ചോദിച്ചു. അപ്പോൾ ഭർത്തൃഹരിയും “ഭിക്ഷ കൊടുക്കുന്നതിന് എന്റെ കൈവശം യാതൊന്നുമില്ല. ഞാനും തന്നേപ്പോലെ ഒരു ദരിദ്രനാണ്” എന്നു പറഞ്ഞ്. ഉടനെ ഭിക്ഷക്കാരൻ “*അങ്ങ് ഒരു ധനവാനാണെന്നു കിഴക്കേ ഗോപുരത്തിലിരിക്കുന്ന മനുഷ്യൻ പറഞ്ഞല്ലോ?*” എന്നു പറഞ്ഞു. ഇതു കേട്ടപ്പോൾ താനൊരു ചട്ടി വച്ചുകൊണ്ടിരിക്കുന്നതിനാലാണ് പട്ടണത്തു പിള്ള ഇങ്ങനെ പറഞ്ഞയച്ചതെന്നും, വിരക്തൻമാർക്ക് ഇങ്ങനെ ഒരു ചട്ടി വെച്ചുകൊണ്ടിരിക്കുന്ന അയുക്തവും അനാവശ്യവുമാണെന്നും ഇങ്ങനെ ഒരു പാത്രം വെച്ചുകൊണ്ടിരുന്നാൽ വല്ലവരും വല്ലതും തന്നാൽ കൊള്ളാമെന്ന് തനിക്കാഗ്രഹമുണ്ടെന്ന് അർഥമാകുന്നതാണെന്നുമാണ് പിള്ളയുടെ അഭിപ്രായമെന്നും മനസ്സിലാവുകയാൽ “*ഇനി ഇതിരുന്നിട്ട് ആരും ഇങ്ങനെ പറയാനിടയാകരുത്*” എന്നും പറഞ്ഞ് അദ്ദേഹം ആ ചട്ടിയെടുത്ത് ഒരേറുകൊടുത്തു. മൺപാത്രമായ ചട്ടി ഉടഞ്ഞു തകർന്നുപോയി എന്നുള്ളതു പറയണമെന്നില്ലല്ലോ.

പിന്നെ ഭർത്തൃഹരി ആജീവനാന്തം ആ പുണ്യക്ഷേത്രസന്നിധിയിൽ തന്നെ ഇരുന്നിരുന്നു വെന്നും അദ്ദേഹത്തിന്റെ വിശിഷ്ട കൃതികളെല്ലാം അദ്ദേഹം അവിടെയിരുന്ന് ഉണ്ടാക്കിയിട്ടുള്ളവയാണെന്നുമാണ് കേൾവി

Friday, 17 February 2017

108 ശിവക്ഷേത്രങ്ങളില്‍

108 ശിവക്ഷേത്രങ്ങളില്‍ 105 എണ്ണം കേരളത്തിലും 2 ക്ഷേത്രങ്ങള്‍ കര്‍ണ്ണാടക സംസ്ഥാനത്തിലും 1 ക്ഷേത്രം തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലുമാണ്

5. ചൊവ്വാരം ചിദംബരേശ്വര ക്ഷേത്രം നടരാജൻ പടിഞ്ഞാറ് ചൊവ്വര ചൊവ്വര എറണാകുളം ജില്ല

ചൊവ്വാരം ചിദംബരേശ്വര ക്ഷേത്രം


എറണാകുളം ജില്ലയിൽ അങ്കമാലിക്കും, ആലുവയ്ക്കും ഇടയ്ക്ക് ചൊവ്വാര ഗ്രാമത്തിലാണ് ചൊവ്വാര ചിദംബരേശ്വരക്ഷേത്രം സ്ഥിതിചെയ്യുന്നത്. തമിഴ്നാട്ടിലെ ചിദംബരത്തെ നടരാജമൂർത്തി തന്നെയാണ് ഇവിടെയും കുടികൊള്ളുന്നത് എന്നു വിശ്വസിക്കുന്നു. ഇവിടുത്തെ ശിവലിംഗം ചിദംബരത്തു നിന്നും കൊണ്ടുവന്നതാണന്നു പിന്നീട് പരശുരാമൻ സ്ഥാപിച്ചു എന്നു വിശ്വസിക്കപ്പെടുന്ന 108 ശിവക്ഷേത്രങ്ങളിൽ ഒന്നാണിത്.



ക്ഷേത്ര നിർമ്മിതി

എറണാകുളം ജില്ലയിൽ അങ്കമാലിക്കും, ആലുവയ്ക്കും ഇടയ്ക്ക് ചൊവ്വര ഗ്രാമത്തിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പടിഞ്ഞാറേക്ക് ദർശനമായി ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. ചെറിയ ക്ഷേത്രമാണ്, മഹാക്ഷേത്രങ്ങളുടെ ചമയങ്ങൾ ഒന്നും തന്നെ കാണുന്നില്ല. കൊച്ചി രാജകുടുംബത്തിനു വളരെയേറെ ബന്ധമുള്ള കോവിലകം വക ക്ഷേത്രമായിരുന്നു ഇത്. കൊച്ചി രാജവംശത്തിലെ പ്രഗൽഭനായ ശക്തൻ തമ്പുരാൻ ജനിച്ച പുതിയേടം കൊട്ടാരം ഇവിടെ അടുത്താണ്.ചൊവ്വരയിൽ വെച്ചു തീപ്പെട്ട മൂലം തിരുനാൾ രാമവർമ്മ മഹാരാജാവിൻറെ ഓർമ്മക്കായി മുമ്പ് കൈപ്രക്കുന്ന് എന്നറിയപ്പെട്ടിരുന്ന ഈ പ്രദേശത്തിന് ശ്രീമൂലനഗരം എന്ന പേരു നല്കപ്പെട്ടു.

ഐതിഹ്യം

തമിഴ്നാട്ടിലെ ചിദംബരത്തെ നടരാജമൂർത്തി തന്നെയാണ് ഇവിടെയും കുടികൊള്ളുന്നത് എന്നു വിശ്വസിക്കുന്നു. കേരളപഴമയുമായി ബന്ധപ്പെട്ട പറയിപെറ്റ പന്തിരുകുലത്തിലെ ചാത്തൻറെ വിഹാരരംഗമായ അകവൂർമനയും കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിൽ വിവരിക്കുന്ന തിരുവൈരാണിക്കുളം ക്ഷേത്രവും ഉൾക്കൊള്ളുന്ന ഈ ഗ്രാമം പെരിയാറിൻറെ തീരത്തു സ്ഥിതി ചെയ്യുന്നു.

വിശേഷങ്ങൾ

എല്ലാ മകര മാസത്തിലും ഉത്സവം നടക്കുന്നു. ശിവരാത്രി പ്രധാനമാണ്. ഉപദേവതയായി ഗണപതി മാത്രമേ ഉള്ളു. കൊച്ചി ദേവസ്വം ആണ് ഭരണം നടത്തുന്നത് .

വൈരങ്കോട് ഭഗവതി ക്ഷേത്രം

വൈരങ്കോട് ഭഗവതി ക്ഷേത്രം

കേരളത്തിലെ മലപ്പുറം ജില്ലയിൽ തിരുനാവായക്കടുത്തുള്ള പുരാതന ഭദ്രകാളി ക്ഷേത്രമാണ് വൈരങ്കോട് ഭഗവതി ക്ഷേത്രം.

അല്ലൂർ, പുല്ലൂർ ,  കുറ്റൂർ, അനന്താവൂർ, വലിയ പറപ്പൂർ, കോന്ദല്ലൂർ തുടങ്ങി ആറുദേശങ്ങൾ ഉൾപ്പെടുന്ന 'തട്ടകം' വാഴുന്ന ഭഗവതിയാണ് വൈരങ്കോട് അമ്മ, എന്നാൽ ഒരു തോറ്റം പാട്ടിൽ  "അല്ലൂർ, പുല്ലൂർ , കോന്ദല്ലൂർ, പോറ്റമ്മൽ , എളംപുലാശ്ശേരി എന്നും തുടങ്ങുന്നുണ്ട്.

1500 വർഷങ്ങൾക്കുമുമ്പ് ആഴ്വാഞ്ചേരി തമ്പ്രാക്കളാണ് ഭവതിയെ വൈരംങ്കോട് കുടിയിരുത്തിയത് . കൊടുങ്ങല്ലൂർ ഭഗവതിയുടെ സഹോദരിയായ ദേവി പുഴകടന്ന് ആഴ്വാഞ്ചേരി മനക്കലെത്തുകയും മനക്കലെത്തിയ ഭഗവതിയെ തമ്പ്രാക്കൾ വൈരംകോട് കുടിയിരുത്തുകയും ചെയ്തു എന്നാണ് ഐതിഹ്യം.

അങ്ങാടിപ്പുറം ഭഗവതിയുടെ ഭക്തരായ ആഴ്വാഞ്ചേരി തമ്പ്രാക്കൾക്ക് ദേവി ചൈതന്യം പ്രത്യക്ഷപ്പെടുകയും,ദേവി ചൈതന്യത്തെ തമ്പ്രാക്കൾ വൈരംങ്കോട് കുടിയിരുത്തുകയും ചെയ്തു എന്നുമൊരു ഐതിഹ്യവും നിലവിലുണ്ട്.അങ്ങാടിപ്പുറം ക്ഷേത്രത്തിനു വൈരംങ്കോട് ഭഗവതി ക്ഷേത്രത്തിൽ നിന്നുള്ള അവകാശം ഈ ഐതിഹ്യ ത്തെ ബലപ്പെടുത്തുന്നു.

ക്ഷേത്ര ഊരായ്മക്കാരായ ആഴ്വഞ്ചേരി തമ്പ്രാക്കൾ ക്ഷേത്രതിലെത്തിയാൽ ദേവി എഴുന്നേറ്റു വണങ്ങുമെത്രേ അതുകൊണ്ടുതന്നെ ആഴ്‌വാഞ്ചേരി തമ്പ്രാക്കൾ വൈരങ്കോട് ക്ഷേത്രത്തിൽ പ്രവേശിക്കാറില്ല.

തമ്പ്രാക്കൾ നിശ്ചയിക്കുന്ന കോയ്മക്കാണ് ക്ഷേത്രകാര്യങ്ങളിലെ ഉത്തരവാദിത്തം. തമ്പ്രാക്കൾ കോയ്മ അനുവാദം നൽകുന്നതോടുകൂടി മാത്രമാണ് ക്ഷേത്രോത്സവത്തിന്റെ തുടക്കമായ 'മരംമുറി' നടക്കുക.

തുടർന്ന് ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട എല്ലാ ചടങ്ങുകൾക്കും മേൽനോട്ടം വഹിക്കുന്നതും ഉത്സവ സമാപനത്തിന്റെ ഭാഗമായ അരിയളവ് നടത്തുന്നതും കോയ്മയാണ്.

വൈരങ്കോട് ഉത്സവത്തിന്റെ പ്രധാന കൊടിവരവായ ആതവനാട്, ആഴ്‌വാഞ്ചേരി മന വരവുകളും തമ്പ്രാന്റെ അനുഗ്രഹം വാങ്ങിയേ വൈരങ്കോട്ടേക്ക് പുറപ്പെടൂ.

വൈരംങ്കോട് തീയാട്ട്

മലപ്പുറം ജില്ലയിലെ പ്രധാന ഗ്രാമീണക്ഷേത്രോത്സവങ്ങളിലോന്നാണ് വൈരംങ്കോട് വേല അല്ലെങ്കിൽ തീയാട്ട് .

മലയാള മാസം കുംഭംത്തിലാണ് എല്ലാവർഷവും തീയാട്ട് ആഘോഷിക്കാറ്. 2017 ലേ വേല തുടങ്ങുന്നത് ഈമാസം (ഫെബ്രുവരി 19 ന്).

ഒരാഴ്ച നീണ്ടു നിൽക്കുന്ന തീയാട്ട് മരം മുറിയോടെയാണ് തുടക്കമാകുന്നത് മൂന്നാം നാൾ ചെറിയ തീയാട്ടും ആറാം നാൾ വലിയതീയാട്ടും.

(*കുംഭമാസത്തിലെ ആദ്യത്തെ ഞായറാഴ്ച  മരംമുറിയും, തുടർന്ന് ചൊവ്വാഴ്ച ചെറിയ തീയ്യാട്ടും, വെള്ളിയാഴ്ച വലിയ തീയ്യാട്ടും നടക്കും. വലിയ തീയ്യാട്ടിനുള്ള മരം മുറി ബുധനാഴ്ച നടക്കുന്നു*).

വെട്ടത്ത്‌നാട്ടിലെ മതമൈത്രിയുടെ ഉത്സവമായിട്ടാണ് വൈരങ്കോട് ഭഗവതി ക്ഷേത്രത്തിലെ തീയാട്ട് അറിയപ്പെടുന്നത്.

ആയിരക്കണക്കിന് നാനാജാതി മതസ്ഥരാണ് തീയാട്ടിനു വൈരംങ്കോട് എത്തുന്നത്. ദൃശ്യവിരുന്നൊരുക്കിയ ദേശവരവുകളാണ് തീയാട്ടിന്റെ പ്രധാന ആകർഷണം .

വരവുകളിൽ അണിനിരക്കുന്ന പൂതൻ, വൈക്കോൽപൂതൻ, തിറ, കാട്ടാളന്മാർ, തെയ്യം, കരിങ്കാളി, പുരാണ കഥാപാത്രങ്ങളുടെയും മറ്റും വേഷങ്ങൾ , വൈവിധ്യമാർന്ന വാദ്യമേളങ്ങൾ , നിറപ്പകിട്ടാർന്ന കൂറകളും തിത്ത്യേര്യക്കുടകളും ഇണപ്പൊയ്ക്കാളകളുമടങ്ങിയ ദേശവരവുകൾ അനിർവചനീയങ്ങളാണ്.

ഗ്രാമീണ ഉൽപ്പന്നങ്ങളുടെ നല്ലൊരു വിപണി കൂടിയാണ് ഉലസവപ്പറമ്പ്,മൺ പത്രങ്ങൾ,മുളകൊണ്ടും കൈതോല കൊണ്ടുമുള്ള ഗ്രഹോപകണങ്ങൾ അലങ്കാര വസ്തുക്കൾ,പൊരി, നുറുക്ക് ,മിട്ടായികൾ,വിവിധ തരത്തിലുള്ള മധുര പലഹാരങ്ങൾ എന്നിവയും ഉത്സവ പറമ്പുകളിൽ വിൽക്കുന്നു.

ശുദ്ധ ജല മത്സ്യങ്ങളുടെ വിപണിയാണ് മറ്റൊരാകർഷണം,വിവിധ ദേശങ്ങളിൽ നിന്നും മീൻ പിടുത്തക്കാർ കൊണ്ടുവരുന്ന ഈ മത്സ്യങ്ങൾക്ക് മാത്രമായി ദൂര ദേശങ്ങളിൽ നിന്നും ആളുകളെ ത്താറുണ്ട്.

തീയാട്ടിനു മാറ്റു കൂട്ടി രാത്രി കരിമരുന്നു പ്രയോഗവും നടക്കുന്നു.മറ്റു കേരളീയ ക്ഷേത്രോത്സവങ്ങളിൽ വ്യത്യസ്തമായി വൈരംങ്കോട് തീയാട്ടിനു ആനകൾ ഉണ്ടാവാറില്ല.

കേരളീയ ഗ്രാമീണ ഗ്രാമീണക്ഷേത്രോത്സവങ്ങളുടെ എല്ലാ മനോഹാരിതയും,ഗാമീണ ജനതയുടെ ആഘോ ഷങ്ങളുടെ നേർക്കാഴ്ചയുമായ തീയാട്ട് മറക്കാനാവാത്ത ഒരനുഭവമാണ് പ്രേക്ഷകന് നൽകുക.

മരം മുറി ഉച്ചപൂജക്ക് ശേഷം ഭഗവതിയുടെ മൂലസ്വരൂപമായ വലിയകത്തൂട്ട് കോവിലകത്ത് മരം മുറിയുടെ അവകാശികൾ ഒത്തുകൂടുന്നു.

ഗണപതി ഹോമവും വെള്ളരി പൂജക്കും ശേഷം ക്ഷേത്ര ഊരായ്മക്കാരായ ആഴ്‌വാഞ്ചേരി തമ്പ്രാക്കളുടെ പ്രതിനിധി മരംമുറിക്കാനുള്ള അവകാശം നൽകും തുടർന്ന് അവകാശികളായ ആശാരിമാരുടെ നേതൃത്വത്തിൽ മരംമുറിക്കാനായെത്തുന്നു.മുറിക്കാനുള്ള മരത്തെ വലം വെച്ച് കോമരം വാൾകൊണ്ടു കൊത്തുന്നു ഈ സമയം കമ്മറമ്പിൽ പറയടിമുഴങ്ങും.തുടർന്ന് ദേശത്തിലെ മൂത്താശാരിയും അവകാശികളായ ആശാരിമാരും ചേർന്ന് മരം മുറിച്ചിടുന്നു.

ശാഖകളൊന്നും വെട്ടാതെയാണ് മരം മുറിച്ചിടുക.ഭക്തർ വഴിപാടായി നൽകുന്ന വരിക്ക പ്ലാവാണ് മരം മുറിക്കു നൽകുക ഈ വിറക് മേലരിയാക്കി (വിറക്) തെക്കൻ കുറ്റൂർ നായന്മാർ മൂന്നാം നാൾ ക്ഷേത്ര പരിസരത്തെ കനലാട്ടക്കുഴിയിലെത്തിക്കും.

കനലാട്ടത്തിന് നൂറ് ശതമാനം കൊള്ളിവിറക് വേണമെന്നാണ് സങ്കൽപം. ആറാം നാളത്തെ വലിയ തിയ്യാട്ടിനുള്ള മരം നാലാം നാളാണ് മുറിക്കുക.

മരം മുറിക്കു മൂന്നാം നാൾ നടക്കുന്ന ചെറിയ തീയാട്ടിലെ പ്രധാന ചടങ്ങുകൾ;

തന്ത്രിയുടെ കാർമികത്വത്തിൽ ഉഷപ്പൂജയ്ക്കുശേഷം മേലാപ്പ് കെട്ടൽ, കനലാട്ടത്തിനുള്ള മേലരി കനലാട്ടക്കുഴിയിൽ കൊണ്ടുവന്നിടൽ, നെല്ലളവ്, പറനിറയ്ക്കൽ, തിയ്യാട്ട് കൊള്ളൽ, തോറ്റംചൊല്ലൽ എന്നിവയുണ്ടാകും.

രാത്രിയാണ് അവകാശികളായ നായന്മാർ തലച്ചുമടായി കനലാട്ടക്കുഴിയിലെത്തിച്ച മേലരിക്ക് മാടമ്പത്ത് നായരുടെ മേൽനോട്ടത്തിൽ കോതയത്ത് നായരാണ് തീകൊടുക്കുക. തുടർന്ന് പകലാട്ടം, മുടിയാട്ടം, എഴുന്നള്ളത്ത്, ചുരികപിടുത്തം, കാടുകാണൽ എന്നീ ചടങ്ങുകൾ നടക്കും.

നാലാം നാൾ പുലർച്ചെ കനലാട്ടം ഉണ്ടാകും.കൈത്തക്കരയിലുള്ള മുതലെത്തു നായൻമാർക്കാണ് കനലാട്ടത്തിന്റെ അവകാശം. കനലാട്ടത്തിന് ശേഷം വെളിച്ചപ്പാടിന്റെ ആയിരം തിരിയുഴിച്ചിലും കൽപനയും വന്നശേഷം ആഴ്‌വാഞ്ചേരി തമ്പ്രാങ്ങളുടെ കോയ്മ അവകാശികൾക്ക് അരിയളക്കുന്നു. ഇതോടെ ചെറിയ തിയ്യാട്ടിന്റെ ചടങ്ങുകൾ സമാപിക്കുന്നു.

വലിയ തിയ്യാട്ടു ദിവസമായ വെള്ളിയാഴ്ച പതിനായിരങ്ങളാണ് ക്ഷേത്രത്തിലെത്തുക. ദൂരദേശത്തുനിന്നുള്ള കൊടിവരവുകളാണ് വലിയ തിയ്യാട്ടിനുണ്ടാകുക.ഇതിൽ പ്രധാനം ക്ഷേത്രത്തിന്റെ ഊരായ്മകാരായ ആഴ്വാഞ്ചേരി മന യിൽനിന്ന് പുറപ്പെടുന്ന ആതവനാട് ആഴ്വാഞ്ചേരി മനക്കലെ വരവാണ്.ചെറിയ തീയാട്ടിലെപ്പോലെ പൂതൻ, വൈക്കോൽപൂതൻ, തിറ, കാട്ടാളന്മാർ, തെയ്യം, പുരാണ കഥാപാത്രങ്ങളുടെയും മറ്റും വേഷങ്ങൾ , വൈവിധ്യമാർന്ന വാദ്യമേളങ്ങൾ , നിറപ്പകിട്ടാർന്ന കൂറകളും തിത്ത്യേര്യക്കുടകളുടെയും അകമ്പടിയോടെ അലങ്കരിച്ച കൂറ്റൻ ഇണപ്പോയ്‌ക്കാളകളുള്ള വരവുകൾ കാണാൻ വൻ ജനാവലിയാണ് വൈരംങ്കോടെത്തുക.

കൊടുങ്ങല്ലൂർ ഭരണിക്ക്, വൈരങ്കോട് അമ്മയുടെ തട്ടകമായ ആറുദേശങ്ങളിൽ നിന്ന് കെട്ടെടുത്ത് ആരും തന്നെ പോവാറില്ലെന്നതാണ് പതിവ്.
.