Saturday, 25 February 2017

വൈക്കം ക്ഷേത്രത്തിന്റെ ഉദ്ഭവത്തെപ്പറ്റി രസകരമായ രണ്ട് ഐതിഹ്യകഥകളുണ്ട്:

ഐതിഹ്യം

വൈക്കം ക്ഷേത്രത്തിന്റെ ഉദ്ഭവത്തെപ്പറ്റി രസകരമായ രണ്ട് ഐതിഹ്യകഥകളുണ്ട്:

 ഒന്ന്, ശിവന്റെ ബ്രഹ്മഹത്യാപാപത്തെക്കുറിച്ചാണ്. ഒരിയ്ക്കൽ, അസത്യം പറഞ്ഞതിന് ശിവൻ ബ്രഹ്മാവിന്റെ തലകളിലൊന്ന് വെട്ടിമാറ്റി. തുടർന്ന് അദ്ദേഹത്തെ ബ്രഹ്മഹത്യാപാപം ബാധിച്ചു. പാപം തീർക്കാനായി ശിവനും പാർവ്വതിയും ഭിക്ഷാടനത്തിനിറങ്ങി.പന്ത്രണ്ട് വർഷം ഇരുവരും ഭിക്ഷാംദേഹികളായി അലഞ്ഞുതിരിഞ്ഞ് നടന്നു. പല സാധനങ്ങളും ഇക്കാലത്ത് അവർ സ്വന്തമാക്കി. എന്നാൽ ഭിക്ഷാപാത്രം നിറയുമ്പോൾ ശിവൻ അവയെല്ലാം തൃക്കണ്ണ് തുറന്ന് ഭസ്മമാക്കി. ഒടുവിൽ പന്ത്രണ്ട് വർഷം പൂർത്തിയായപ്പോൾ പതിവിന് വിപരീതമായി പാത്രം വയ്ക്കാം എന്ന് ശിവൻ പറഞ്ഞു. ഇത് നടന്ന സ്ഥലത്താണത്രേ ഇന്ന് വൈക്കം ക്ഷേത്രം ഇരിയ്ക്കുന്നത്! 'വയ്ക്കാം' വൈക്കമായതാണെന്നാണ് കഥ.

ചരിത്രകാരനായ ശ്രീധരമേനോൻ രേഖപ്പെടുത്തിയിട്ടുണ്ട്. ക്ഷേത്രം ഇന്ന് കാണുന്ന നിലയിൽ പുനർനിർമ്മിക്കപ്പെട്ടത് എ.ഡി. 1539-ലാണ്.


മറ്റൊരു ഐതിഹ്യം ഇങ്ങനെയാണ്:
 രാവണന്റെ സഹോദരനായ ഖരൻ മുത്തച്ഛനായ മാല്യവാനിൽനിന്ന് ശൈവവിദ്യ ഗ്രഹിച്ച് ചിദംബരത്ത് ചെന്ന് ശിവനെ ഭജിച്ച് തപസ്സിരുന്നു. തപസ്സിന്റെ കാലാവധി കഴിഞ്ഞപ്പോൾ പ്രത്യക്ഷപ്പെട്ട ശിവൻ അവന് മൂന്ന് ശിവലിംഗങ്ങൾ കൊടുത്തു. അവയിൽ ഒന്ന് വലത്തെ കയ്യിലും മറ്റേത് ഇടത്തെ കയ്യിലും ശേഷിച്ച ഒന്ന് വാകൊണ്ട് കടിച്ചും പിടിച്ച് ഖരൻ ആകാശമാർഗ്ഗേണ യാത്രയായി. യാത്ര കാരണം ക്ഷീണിച്ച അവൻ ഒരു സ്ഥലത്തെത്തിയപ്പോൾ അവിടെ വിശ്രമിയ്ക്കാൻ തീരുമാനിച്ചു. തുടർന്ന് മൂന്ന് ശിവലിംഗങ്ങളും ഇറക്കിവച്ച് ഖരൻ വിശ്രമിച്ചു. വിശ്രമത്തിനുശേഷം എഴുന്നേറ്റുപോകാൻ നിന്ന ഖരൻ ശിവലിംഗങ്ങൾ ഉറച്ചിരിയ്ക്കുന്നതായി കണ്ടു. അപ്പോൾത്തന്നെ ശിവന്റെ ഒരശരീരി മുഴങ്ങി: "ഇവിടെയാണ് ഞാൻ താമസിയ്ക്കാൻ കണ്ടുവച്ചിരിയ്ക്കുന്ന ഏറ്റവും ഉചിതമായ സ്ഥലം". തുടർന്ന് മൂന്ന് ശിവലിംഗങ്ങളും അവിടെയുണ്ടായിരുന്ന വ്യാഘ്രപാദൻ എന്ന മഹർഷിയെ ഏല്പിച്ച് ഖരൻ മുക്തി നേടി. ഖരൻ വലത്തെ കയ്യിൽ പിടിച്ചിരുന്ന ശിവലിംഗം വൈക്കത്തും ഇടത്തെ കയ്യിൽ പിടിച്ചിരുന്ന ശിവലിംഗം ഏറ്റുമാനൂരിലും വാകൊണ്ട് കടിച്ചുപിടിച്ച ശിവലിംഗം കടുത്തുരുത്തിയിലും പ്രതിഷ്ഠിച്ചു എന്നാണ് വിശ്വാസം.ഈ മൂന്നിടത്തും ഒരേ ദിവസം ദർശനം ഉച്ചയ്ക്കുമുമ്പ് നടത്തുന്നത് ഉത്തമമാണത്രേ. ഇന്നും പല ഭക്തരും ഈ രീതി തുടർന്നുവരുന്നുണ്ട്.
വ്യാഘ്രപാദൻ ഒരുപാടുകാലം മൂന്ന് ശിവലിംഗങ്ങളും പൂജിച്ച് കഴിച്ചുകൂട്ടി. ഒടുവിൽ ഒരു വൃശ്ചികമാസത്തിൽ കറുത്തപക്ഷത്തിലെ അഷ്ടമിദിവസം ഏഴരവെളുപ്പിന് സാക്ഷാൽ മഹാദേവൻ പാർവ്വതീസമേതനായി അദ്ദേഹത്തിന് ദർശനം നൽകി. ആ ദിവസമാണ് പ്രസിദ്ധമായ വൈക്കത്തഷ്ടമിയായി ആചരിച്ചുവരുന്നത്. വ്യാഘ്രപാദൻ പിന്നീട് പരശുരാമനെ വിളിച്ച് ശിവലിംഗങ്ങൾ ഉചിതമായ സ്ഥാനങ്ങളിൽ പ്രതിഷ്ഠിയ്ക്കാൻ നിർദ്ദേശിച്ചു. അദ്ദേഹമാണ് യഥാതഥം ക്ഷേത്രങ്ങളിൽ ശിവലിംഗങ്ങൾ പ്രതിഷ്ഠിച്ചത്. വിശ്വകർമ്മാവ് ഈ ക്ഷേത്രങ്ങൾ പണിതീർത്തു. അങ്ങനെ മൂന്ന് മഹാക്ഷേത്രങ്ങൾ പിറവിയെടുത്തു.




സാധാരണ ശ്രീകോവിലിൻറെ മൂന്നിരിട്ടി വലിപ്പമുണ്ട് ഇവിടുത്തെ വലിയ വട്ട ശ്രീകോവിലിന് . ശ്രീകോവിലിന് രണ്ടു ചുറ്റുണ്ട്. ഓരോ ചുറ്റിനും ആറു കരിങ്കൽപ്പടികൾ വീതവും. "പടിയാറും കടന്നവിടെ ചെല്ലുമ്പോൾ ശിവനെ കാണാകും ശിവശംഭോ" എന്ന വരികൽ ഇത് വ്യക്തമായി പറയുന്നുണ്ട്. രണ്ടടി ഉയരമുള്ള പീഠത്തിൽ ആറടിയോളം ഉയരമുള്ള മഹാലിംഗമാണ്.കിഴക്കോട്ടു ദർശനം. അഞ്ചു പൂജയും ശീവേലിയുമുണ്ട്. ആദ്യം പുറപ്പെടാശാന്തിയായിരുന്നു. രണ്ടു തന്ത്രിമാർ, മേയ്ക്കാടും ഭദ്രകാളി മറ്റപ്പള്ളിയും.

തിരുവൈക്കത്തപ്പൻ (ശിവൻ)
വൈക്കം ക്ഷേത്രത്തിലെ പ്രധാനപ്രതിഷ്ഠ. സദാശിവസങ്കല്പത്തിലുള്ളതാണ് ഈ പ്രതിഷ്ഠ. ശാന്തഭാവം നിറഞ്ഞ ഭഗവാൻ ഇവിടെ മഹാശിവലിംഗരൂപത്തിൽ കിഴക്കോട്ട് ദർശനമായി വാഴുന്നു. അനാദികാലം മുതലുള്ള പൂജകൾ ഏറ്റുവാങ്ങി സംതൃപ്തനായ ഭഗവാൻ ഇവിടെ ഒരു ദിവസം മൂന്ന് ഭാവങ്ങളിൽ ദർശനം നൽകുന്നു -
 രാവിലെ സകലമുനിഗണങ്ങളാലും വന്ദിതനും പ്രപഞ്ചത്തിന്റെ ആദിഗുരുവുമായ ദക്ഷിണാമൂർത്തിയായും

ഉച്ചയ്ക്ക് അർജുനനെ പരീക്ഷിച്ച് പാശുപതാസ്ത്രം നൽകി ശാന്തനാക്കാൻ അവതരിച്ച കിരാതമൂർത്തിയായും

വൈകീട്ട് കൈലാസത്തിലെ രത്നപീഠത്തിൽ വാമാംഗത്തിൽ പാർവ്വതീദേവിയെയും മടിയിൽ ഗണപതിയെയും സുബ്രഹ്മണ്യനെയും മടിയിലിരുത്തി ദർശനം നൽകുന്ന രാജരാജേശ്വരനായും.
രാവിലത്തെ ദർശനം കൊണ്ട് വിദ്യാലാഭവും, ഉച്ചയ്ക്കത്തെ ദർശനം കൊണ്ട് ശത്രുനാശവും, വൈകീട്ടത്തെ ദർശനം കൊണ്ട് കുടുംബസൗഖ്യവും ലഭിയ്ക്കുമെന്നാണ് വിശ്വാസം. എട്ട് ഏക്കറിലാണ് ക്ഷേത്രം നിൽക്കുന്നത് . കിഴക്കെ ഗോപുരം കടന്നാൽ ആനക്കൊട്ടിൽ. കരിങ്കൽ പാകിയ മുറ്റത്ത് 325 തിരിയിട്ട് കത്തിക്കാവുന്ന അശ്വഥാകൃതിയിലുള്ള വിളക്ക്. ഇതിൽ നെയ്യോ എണ്ണയോ ഒഴിച്ച് കത്തിക്കുന്ന ചടങ്ങാണ് ആലുവിളക്ക് തെളിയിക്കൽ.64 അടി ഉയരമുള്ള സ്വർണ്ണക്കൊടിമരം.

ഈ ശിവക്ഷേത്രത്തിൻറെ ഒരു പ്രത്യേകത വാതിൽ മാടത്തിലൂടെ കടന്നു പോകുമ്പോൾ കാണുന്ന ദാരുശില്പങ്ങളാണ്. രാമായണം കഥയാണവയിൽ കൊത്തിവച്ചിരിക്കുന്നത്. ‘മുപ്പരുമടക്കിവാഴും വൈക്കത്തു പെരും തൃക്കോവി- ലപ്പാ ഭഗവാനേ പോറ്റി മറ്റില്ലാശ്രയം‘. എന്ന് രാമപുരത്ത് വാരിയർ വൈക്കത്തപ്പനെ സ്തുതിച്ചിട്ടുണ്ട്. അന്നദാന പ്രഭുവായ വൈക്കത്തപ്പന്റെ ഏറ്റവും പ്രധാന വഴിപാട് "പ്രാതൽ" ആണ്. പിന്നീടുള്ള പ്രധാന വഴിപാടുകൾ ആനന്ദപ്രസാദം, സഹസ്രകലശം, ദ്രവ്യകലശം, ആയിരം കലശം, ആയിരക്കുടം, ക്ഷീരധാര, ജലധാര, ആലുവിളക്ക് എന്നിവയാണ്. 12 വർഷത്തിലൊരിക്കൽ ക്ഷേത്രാങ്കണത്തിൻറെ വടക്കു വശത്ത് നെടുമ്പുര കെട്ടി കളമെഴുത്തും പാട്ടും നടത്താറുണ്ട്. ഇതാണ് പ്രസിദ്ധമായ വടക്കും പുറത്ത് പാട്ട്. ഇതേ മട്ടിൽ മുമ്പ് തെക്കുംപുറത്ത് പാട്ടും ഉണ്ടായിരുന്നത്രെ.രണ്ട് ഉത്സവങ്ങളാണ് പ്രധാനപ്പെട്ടത്. വൃശ്‌ചികമാസത്തിലെ അഷ്ടമിയും (വൈക്കത്തഷ്ടമി) കുംഭമാസത്തിലെ മാശി അഷ്ടമിയും. ഇതുകൂടാതെ ശിവരാത്രി ചിറപ്പും ആഘോഷിക്കാറുണ്ട്. വൈക്കത്തഷ്ടമിയാണ് പ്രധാന ആഘോഷ ദിവസം. വ്യാഘ്രപാദമുനിക്ക് ഭഗവാൻ ദർശനം നൽകിയത് ഈ ദിനമാണെന്ന് കരുതുന്നു. ഭഗവാന്റെ അഷ്ടമി ദർശനത്തിനും ചടങ്ങുകൾക്കും പങ്കെടുക്കാൻ വേണ്ടി ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഭക്തജനങ്ങൾ എത്തിച്ചേരുന്നു.

No comments:

Post a Comment