Monday, 6 March 2017

എന്താണ്‌ ക്ഷേത്രം? ക്ഷേത്രത്തിലെ ചിട്ടകള്‍ എന്തെല്ലാം?

എന്താണ്‌ ക്ഷേത്രം? ക്ഷേത്രത്തിലെ ചിട്ടകള്‍ എന്തെല്ലാം?


താന്ത്രികവിധി: തന്ത്രികള്‍ ജപ-ഹോമ-മന്ത്രത്തോടെ നടത്തുന്ന പ്രതിഷ്‌ഠ. ഇപ്രകാരം പ്രതിഷ്‌ഠകള്‍ നടത്തിയിട്ടുള്ള ക്ഷേത്രങ്ങളില്‍ പ്രവേശിക്കുമ്പോള്‍ ഭക്‌തജനങ്ങള്‍ ചില ആചാരങ്ങള്‍ പാലിക്കണം.

❌കുളിക്കാതെ ക്ഷേത്രത്തില്‍ കടക്കരുത്‌.

❌ക്ഷേത്രമതില്‍ക്കകത്തു കടന്നാല്‍ വര്‍ത്തമാനം, ചിരി, കളി ഇവ അരുത്‌. ഭക്‌തിയോടെ നാമജപം (ഒച്ചയില്ലാതെ) ആകാം.

❌ക്ഷേത്രത്തില്‍ ദീപാരാധനസമയത്ത്‌ എനിക്ക്‌ ഏറ്റവും മുമ്പില്‍ നില്‍ക്കണമെന്ന ചിന്തയോടെ തള്ളുകയോ, തിരക്കുകൂട്ടുകയോ അരുത്‌.

❌ഭഗവാനോ ഭഗവതിക്കോ മുമ്പില്‍ക്കിടന്ന്‌ വഴക്കുകൂടുകയോ, ശബ്‌ദമുണ്ടാക്കുകയോ അരുത്‌.

ക്ഷേത്രത്തില്‍ നിശ്ശബ്‌ദത🙊 പാലിക്കേണ്ടത്‌ ക്ഷേത്രപരിശുദ്ധിക്ക്‌ അത്യാവശ്യം വേണ്ട കാര്യമാണ്‌.

അതേപോലെ നിവേദ്യം🍚 അകത്തു നടക്കുമ്പോള്‍ സാധാരണക്കാരായ നാം നടയില്‍നിന്നും എത്രയുംവേഗം സ്വയം മാറിക്കൊടുക്കേണ്ടതാണ്‌.

ഭഗവാനെ പൂജിക്കുന്ന മേല്‍ശാന്തി അല്ലാതെ മറ്റാരും അങ്ങോട്ടു നോക്കാന്‍ പാടില്ല. ❌

ക്ഷേത്രത്തില്‍ കടന്നാല്‍ ബലിക്കല്ല്‌, നന്ദിദേവന്‍, കൊടിമരം, ബിംബം എന്നിവയെ തൊട്ടുതൊഴുതാലേ ചിലര്‍ക്ക്‌ തൃപ്‌തിയാവൂ. ഇത്‌ വളരെ ദോഷമാണ്‌. ക്ഷേത്രമതില്‍ക്കകത്തുള്ള ഒരു വസ്‌തുവിലും തൊടാനോ, തൊട്ടുതൊഴാനോ പാടില്ല.❌ എങ്ങും തൊടാതെയും ചവിട്ടാതെയും തൊഴുതു പ്രാര്‍ത്ഥിച്ച്‌ പ്രസാദവും വാങ്ങി മടങ്ങണം.

'ശിവക്ഷേത്ര'ത്തില്‍ തൊഴാന്‍ പല പ്രത്യേകതകളുമുണ്ട്‌.

'ശിവന്റെ'ഒരുവശത്ത്‌ കാണുന്ന ഓവ്‌ ഒരു കാരണവശാലും മുറിച്ച്‌ കടക്കരുത്‌. ഗംഗാദേവിയെ മറികടക്കാന്‍ പാടില്ല ❌ എന്നാണ്‌ സങ്കല്‌പം.

'ശിവന്റെ' നടയില്‍ തൊഴുതുകഴിഞ്ഞാല്‍ അല്‌പസമയം ഒന്നിരുന്നിട്ടേ പോകാവൂ. ഇതിന്‌ കാരണം ''ശിവ'' ഭഗവാന്‌ തന്റെ ഭക്‌തരോട്‌ അതിയായ കാരുണ്യമാണ്‌. ഒരു ഭക്‌തന്‍ തൊഴാന്‍ വരുമ്പോള്‍തന്നെ തന്റെ ഭൂതഗണത്തോട്‌ അവരെ കൂട്ടിക്കൊണ്ടു വരാന്‍ കല്‌പന കൊടുക്കും. അവര്‍ തൊഴുതു കഴിഞ്ഞ്‌ ഇരിക്കുന്ന സമയം നിങ്ങള്‍ക്ക്‌ തിരിച്ചു പോരാം എന്നാണ്‌ അദ്ദേഹത്തിന്റെ കല്‌പന.

തൊഴുതു കഴിഞ്ഞശേഷം നാം ഇരിക്കാതെ പോന്നാല്‍ ഭൂതഗണങ്ങള്‍ ക്ഷേത്രമതില്‍വരെ നമ്മെ പിന്‍തുടരും.

ധാരാളം പേര്‍ തൊഴാന്‍ വരുന്ന ക്ഷേത്രത്തില്‍ എല്ലാവര്‍ക്കും അകമ്പടിപോകേണ്ടതുണ്ട്‌. അതിനനുവദിക്കാതെ നാം നേരേ പോന്നാല്‍ അവര്‍ക്ക്‌ അത്‌ ബുദ്ധിമുട്ടുണ്ടാക്കും. നമുക്കത്‌ ദോഷമാകാനും സാധ്യതയുണ്ട്‌. അതിനാലാണ്‌ തൊഴുതാലുടന്‍ അല്‌പനേരം ഇരിക്കണമെന്നു പറയുന്നത്‌.

'ശിവന്റെ' നടയില്‍ ഭഗവാനു നേരേനിന്ന്‌ തൊഴാന്‍ പാടില്ല. ഭഗവാന്‍ അപസ്‌മാര ഭൂതത്തെയാണ്‌ ചവിട്ടിപ്പിടിച്ചിരിക്കുന്നത്‌. അതെപ്പോഴും മുന്നോട്ടാഞ്ഞു കൊണ്ടാണിരിക്കുന്നത്‌. ഇത്‌ നടുക്കു നേരേനില്‍ക്കുന്ന വ്യക്‌തിയെ ബാധിക്കാന്‍ സാധ്യതയുണ്ട്‌.

അതുകൊണ്ടാണ്‌ നടയ്‌ക്കു നേരേ നില്‍ക്കരുതെന്നു പറയുന്നത്‌.

പ്രദക്ഷിണവഴി: ശ്രീകോവില്‍, പ്രദക്ഷിണവഴി, ചുറ്റമ്പലം, പുറത്തെ പ്രദക്ഷിണവഴി ഇതാണ്‌ സാധാരണ പ്രദക്ഷിണവഴി.

അമ്പലത്തിന്റെ പുറത്തേക്കുള്ള ചുറ്റുമതില്‍വരെ ദേവചൈതന്യം വ്യാപിച്ചുകിടക്കുന്നു. അതുകൊണ്ടാണ്‌ അമ്പലത്തില്‍ കടന്നാല്‍ നിഷ്‌ഠകള്‍ പാലിക്കണമെന്നു പറയുന്നത്‌.

❌കുളിക്കാതെയും അലക്കിയുണക്കിയ വസ്‌ത്രങ്ങള്‍ ധരിക്കാതെയും ക്ഷേത്രത്തില്‍ കടക്കരുത്‌.

മദ്യം, മാംസം, ശവം, ലഹരിവസ്‌തുക്കള്‍ തുടങ്ങിയവയൊന്നും തന്നെ ക്ഷേത്രമതിലിനുള്ളില്‍ കടത്തരുത്‌.

പുറംമതിലിനകത്ത്‌ മൃഗങ്ങളെ കയറ്റുന്നതും ചുറ്റമ്പലത്തിനും പുറംമതിലിനും ഇടയ്‌ക്ക് ആന മുതലായ മൃഗങ്ങളുടെ വിസര്‍ജ്‌ജ്യങ്ങള്‍ വീഴുന്നതും അശുദ്ധിയായതിനാല്‍ പെട്ടെന്നുതന്നെ മാറ്റണം.

പോത്ത്‌, എരുമ, ആട്‌, എന്നീ മൃഗങ്ങളെ ഒരു കാരണവശാലും ക്ഷേത്രത്തിനകത്ത്‌ കയറ്റരുത്‌.

ആചാരപ്രകാരം പുല, വാലായ്‌മ (പുല-16-രാത്രിയും വാലായ്‌മ-7- രാത്രിയും കഴിയണം) എന്നീ അശുദ്ധിയുള്ളവരും ദേവനിലും ആചാരത്തിലും വിശ്വാസമില്ലാത്തവരും ക്ഷേത്രത്തില്‍ പ്രവേശിക്കരുത്‌.❌

സ്‌ത്രീകള്‍ ആര്‍ത്തവം തുടങ്ങി 7 ദിവസം വരെയും ഗര്‍ഭിണികള്‍ 5-ാം മാസം മുതല്‍ പ്രസവശേഷം 148 ദിവസം വരെയും ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ പാടില്ല.❌

നവജാതശിശുക്കളെ ചോറൂണിനുശേഷമേ അമ്പലത്തില്‍ കയറ്റി ദേവനെ ദര്‍ശിപ്പിക്കാവൂ.

മംഗല്യം കഴിഞ്ഞ വധൂവരന്മാര്‍ ചുറ്റമ്പലത്തിനകത്തു കയറരുത്‌.

ആചാരപരമായി ചെരുപ്പ്‌, തലപ്പാവ്‌ എന്നിവ ധരിച്ച്‌ ദേവസന്നിധിയില്‍ കടക്കാന്‍ അനുവാദമുള്ളവര്‍ ഒഴിച്ച്‌ മറ്റാരും അങ്ങനെ കടക്കരുത്‌.

സ്‌ത്രീകള്‍ പൂര്‍ണ്ണ വസ്‌ത്രധാരികള്‍ ആയിമാത്രമേ ക്ഷേത്രത്തില്‍ കടക്കാവൂ. പുറമതില്‍ കടന്ന്‌, ബാഹ്യാകാര പ്രദക്ഷിണ വഴിയില്‍ക്കടന്ന്‌ പ്രദക്ഷിണമായി വേണം സഞ്ചരിക്കാന്‍.

ശയനപ്രദക്ഷിണം ഇവിടെയാണ്‌ നടത്തേണ്ടത്‌. ക്ഷേത്രത്തിനുള്ളിലെ ബലിക്കല്ലുകള്‍ക്ക്‌ പാര്‍ഷദന്മാര്‍ എന്നു പറയുന്നു. ഇവയെ ചവിട്ടാനോ, മറികടക്കാനോ പാടില്ല. ചുറ്റമ്പലത്തില്‍ പ്രവേശിക്കാന്‍ ദീപസ്‌തംഭം, (ദേവന്റെ വാതില്‍ക്കല്‍ കാണുന്ന വിളക്ക്‌) കൊടിമരം, വലിയ ബലിക്കല്ല്‌ ഇവയ്‌ക്ക് പ്രദക്ഷിണമായി വേണം അകത്തേക്കു കടക്കാന്‍. തിരുനടയില്‍ കടന്നാല്‍ നമസ്‌ക്കാരമണ്ഡപത്തിന്‌ പ്രദക്ഷിണമായി വേണം സഞ്ചരിക്കാന്‍. ശ്രീകോവിലിനു ചുറ്റുമുള്ള പ്രദക്ഷിണവഴിയില്‍- ബലിക്കല്ലുകള്‍, സപ്‌തമാതൃക്കല്ലുകള്‍ (തെക്കുഭാഗത്തെ 9 കല്ലുകള്‍ ഇവ നവഗ്രഹസങ്കല്‌പമാണ്‌) ചവിട്ടരുത്‌, മറികടക്കരുത്‌. ഇങ്ങനെ സഞ്ചരിച്ച്‌ തിരുനടയിലെത്തിയാല്‍ മണിയടിച്ച്‌ പ്രാര്‍ത്ഥിക്കണം.

ശ്രീകോവില്‍നട അടഞ്ഞുകിടക്കുമ്പോഴും നിവേദ്യസമയത്തും മണിയടിക്കരുത്‌. മണിനാദം മുഴക്കിയാല്‍ അഭിവാദ്യം ചെയ്യണം. ഇത്‌ ബ്രാഹ്‌മണര്‍ക്കു മാത്രം വിധിച്ചിരിക്കുന്നു. അല്ലാത്തവര്‍ രണ്ടുകൈയും കൂട്ടി തൊഴണം.

തൊഴുന്നതിനും നിയമമുണ്ട്‌. താമരമൊട്ടുപോലെ വിരലഗ്രം കൂട്ടിമുട്ടിയും കൈപ്പടം തമ്മില്‍ മുട്ടാതെയും ഇരിക്കണം.

കൈകള്‍ തലയ്‌ക്കു മുകളില്‍ ഉയര്‍ത്തിപ്പിടിച്ചും ഹൃദയഭാഗത്ത്‌ ചേർത്തും വയ്‌ക്കണം.

ദേവനെ തൊഴുമ്പോള്‍ ഇടത്തോട്ടോ, വലത്തോട്ടോ മാറിനിന്ന്‌ തൊഴണം. അതായത്‌ ശൈവമൂര്‍ത്തികളെ ഇടതുവശത്ത്‌ മാറിനിന്നും വൈഷ്‌ണവ മൂര്‍ത്തികളെ വലതുവശത്ത്‌ മാറിനിന്നും തൊഴണം.

ഇതിന്‌ ആദ്യം ദേവനാരെന്നു നോക്കണം.

ക്ഷേത്രം 'ഗണപതിയു'ടേതാണെങ്കില്‍ ഏത്തമിടണം. 36, 24, 16, 12, 7, 5, 3 ഈ തവണകളില്‍ ഏത്തമിടാം. ഏത്തമിടല്‍ കഴിഞ്ഞാല്‍ വിരല്‍ ഞൊട്ട ഇടുന്നത്‌ 'ഗണപതി'ക്ക്‌ പ്രീതികരമാണ്‌.

തൊഴുതുകഴിഞ്ഞാല്‍ തീര്‍ത്ഥവും പ്രസാദവും സ്വീകരിക്കേണ്ടതാണ്‌.

തീര്‍ത്ഥമെന്നു പറയുന്നത്‌ അഭിഷേക ജലവും, പ്രസാദം-ദേവന്‌ ചാര്‍ത്തിയ പൂവും ചന്ദനവുമാണ്‌.

ശ്രീപരമേശ്വരന്‌ ഭസ്‌മവും ഭദ്രകാളി, ദുര്‍ഗ്ഗാ, ശ്രീപാര്‍വ്വതിമാര്‍ക്ക്‌ രക്‌തചന്ദനം, കുങ്കുമം, മഞ്ഞള്‍പ്രസാദം ഇവയുമാണ്‌.

തീര്‍ത്ഥം മൂന്നുരു നാരായണ മന്ത്രം ജപിച്ച്‌ (അമ്മേ നാരായണ, ദേവീനാരായണ) സേവിക്കാം. ബാക്കി തലയിലും തളിക്കാം. കൈ ചുണ്ടില്‍ തൊടാതെ നാക്ക്‌ നീട്ടി തീര്‍ത്ഥം നാക്കില്‍ വീഴ്‌ത്തണം. തീര്‍ത്ഥസേവ കഴിഞ്ഞാല്‍ പ്രസാദം നെറ്റിയില്‍ തൊടാം. പൂ തലയില്‍, ചെവിയില്‍ വയ്‌ക്കാം. എണ്ണ തലയില്‍ തേയ്‌ക്കാം. വാകച്ചാര്‍ത്ത്‌ (ഭഗവാനെ ഒരുക്കുക) തൊഴുതു കഴിഞ്ഞാല്‍ ശ്രീകോവിലിനു പ്രദക്ഷിണം വയ്‌ക്കണം.

പ്രദക്ഷിണം:

ഗണപതിക്ക്‌ ഒരു പ്രദക്ഷിണം മതി.
മഹാവിഷ്‌ണുവിന്‌ നാലുതവണ പ്രദക്ഷിണം വയ്‌ക്കണം.

ശാസ്‌താവിന്‌ അഞ്ചും
ആദിത്യന്‌ രണ്ടും.
ശ്രീമുരുകന്‌ ആറു തവണയും ഭഗവതിക്ക്‌ ഏഴു തവണയും. ഇതാണ്‌ പ്രദക്ഷിണ രീതി.

ശിവന്‌: ചന്ദ്രക്കല രീതിയില്‍ വേണം പ്രദക്ഷിണം വയ്‌ക്കാന്‍. ഈ രീതി ചുറ്റമ്പലത്തിന്‌ പുറത്തു വേണ്ടാ.❌

ക്ഷേത്രത്തിലെത്തിയാല്‍ കൈകാല്‍ മുഖം കഴുകി ക്ഷേത്രദര്‍ശനം നടത്തണം. ക്ഷേത്രത്തിലെ ചുറ്റമ്പലത്തിനുള്ളില്‍ കുഞ്ഞുങ്ങള്‍ മൂത്രമൊഴിച്ചാല്‍ പ്രായച്‌ഛിത്തം ചെയ്യണം.

നമസ്‌ക്കാരം രണ്ടുവിധം:

പുരുഷന്മാര്‍ ക്ഷേത്രനടയില്‍ സാഷ്‌ടാംഗ നമസ്‌കാരം ചെയ്യണം.

കൈ, കാല്‌, തോള്‌, നെറ്റി ഈ ഭാഗങ്ങള്‍ നിലത്ത്‌ മുട്ടിയിരിക്കണം.
കൈകള്‍ തലയ്‌ക്കു നേരെ മുന്നോട്ടു നീട്ടി അഞ്‌ജലീബദ്ധനായിരിക്കണം.

നമസ്‌ക്കാരശേഷം നിലത്ത്‌ തൊട്ടുതൊഴണം. ദേവപാദം തൊട്ടുതൊഴുതു എന്നാണ്‌ സങ്കല്‌പം. എന്നാല്‍ ഈ രീതിയിലുള്ള നമസ്‌ക്കാരം സ്‌ത്രീകള്‍ക്ക്‌ പാടില്ല.❌

സ്‌ത്രീകള്‍ മുട്ടുമടക്കി നെഞ്ച്‌ നിലത്തുമുട്ടാതെ വേണം നമസ്‌ക്കരിക്കാന്‍. നെഞ്ച്‌ നിലത്ത്‌ മുട്ടി നമസ്‌ക്കരിക്കുന്നത്‌ ദോഷമാണ്‌. ക്ഷേത്രദര്‍ശനത്തില്‍ പലര്‍ക്കും ധാരാളം അബദ്ധങ്ങള്‍ പറ്റാറുണ്ട്‌.

 ഗുരുവായൂരില്‍ തൊഴുതുനില്‍ക്കുമ്പോള്‍ ഒരു സ്‌ത്രീ, നീണ്ടു കിടന്ന്‌ നമസ്‌ക്കരിക്കുന്നത്‌ കണ്ടു. എത്ര ദോഷമാണ്‌ ഈ പ്രവൃത്തി.
നന്മയൊന്നും ചെയ്‌തില്ലെങ്കിലും വേണ്ടില്ല; ദോഷം ചെയ്യാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്‌. ഇത്‌ വ്യക്‌തി ജീവിതസുഖത്തിന്‌ അത്യാവശ്യമാണ്‌.

അര്‍ച്ചനദ്രവ്യങ്ങള്‍:

ശിവന്‌ കൂവളത്തില മൂന്ന്‌ ഇതളുള്ളത്‌.

ഗണപതി, ഭദ്രകാളി എന്നിവര്‍ക്ക്‌ ചെമ്പരത്തിപ്പൂ,

തുളസി വിഷ്‌ണുവിന്‌ മുഖ്യം.

ദേവിമാര്‍ക്ക്‌ പൊതുവില്‍ ചുവന്ന പൂക്കളാകാം. കൂടാതെ അരളി, മന്ദാരം, നന്ത്യാര്‍വട്ടം, താമര, ചെമ്പകം, പിച്ചി, മുല്ല ഇവ അതാതു ദേവന്‌ ഹിതകരമായത്‌ സമര്‍പ്പിക്കണം.

കേരളീയ ദേവാലയങ്ങളില്‍ ഏത്തപ്പഴം, ഞാലിപ്പൂവന്‍പഴം, കദളിപ്പഴം, പൂവന്‍ ഇത്യാദി പഴങ്ങള്‍ സമര്‍പ്പിക്കാം.

ഏതു ക്ഷേത്രത്തിലും ഉത്സവകാലം പരമപ്രധാനമാണ്‌.

ദേവന്മാരുടെ പ്രധാന വിശേഷങ്ങള്‍

ശിവന്‍: തിരുവാതിര, പ്രദോഷം, ശിവരാത്രി, കറുത്തപക്ഷ അഷ്‌ടമി, തിങ്കളാഴ്‌ച പ്രധാനം. ശംഖാഭിഷേകം, ജലധാര, കൂവളമാല, ഇളനീര്‍ ധാര, ക്ഷീരധാര, പുറകു വിളക്ക്‌ ഇവ പ്രധാന വഴിപാടുകള്‍.

മഹാവിഷ്‌ണു: (കൃഷ്‌ണന്‍): വ്യാഴാഴ്‌ച പ്രധാനം. തിരുവോണം, അഷ്‌ടമിരോഹിണി, അമാവാസി, പൗര്‍ണ്ണമി ഇവ ഏറ്റവും ശുഭം.

വിഷ്‌ണു:വിനു പാല്‍പ്പായസവും സഹസ്രനാമാര്‍ച്ചനയും

ശ്രീകൃഷ്‌ണന്‌: തൃക്കൈവെണ്ണ- തൃമധുരവും മുഖ്യം.

ഗണപതി: (ശുക്രനുമായി ബന്ധം) എല്ലാമാസവും ആദ്യവെള്ളി, രണ്ടു പക്ഷത്തിലേയും ചതുര്‍ത്ഥി ഇവ മുഖ്യം.വഴിപാടുകള്‍-ഉണ്ണിയപ്പം- (എണ്ണയില്‍ വറുത്തുകോരുന്നത്‌) മോതകം- (പുഴുങ്ങി എടുക്കുന്നത്‌) മണ്ഡലകാലം- വൃശ്‌ചികം ഒന്നു മുതല്‍ നാല്‌പത്തിയൊന്നു ദിവസം.മീനമാസ ഉത്രം- (ജന്മനക്ഷത്രം)നിവേദ്യമായി- അരവണ, അപ്പം, നാളികേരമുടയ്‌ക്കല്‍, നെയ്യഭിഷേകം ഇവ പ്രധാനം.

മുരുകന്‍: ഷഷ്‌ഠികളെല്ലാം പ്രധാനം. എന്നാല്‍ വെളുത്ത ഷഷ്‌ഠി മുഖ്യം. തുലാം- മകര-ഷഷ്‌ഠി പരമപ്രധാനം. (തമിഴര്‍ക്ക്‌ പ്രധാനം) പാലഭിഷേകം, പനിനീരഭിഷേകം, പഞ്ചാമൃതാഭിഷേകം, നാരങ്ങാമാല ഇവ പ്രധാനം.
ദുര്‍ഗ്ഗാഭഗവതി: എല്ലാ മാസത്തിലേയും കാര്‍ത്തിക പ്രധാനം. വൃശ്‌ചിക-കാര്‍ത്തിക ഏറെ പ്രധാനം. നവരാത്രി കാലം-ശുഭം, നെയ്‌പ്പായസം, കടുംപായസം ഇവ പ്രധാനം.

ഭദ്രകാളി: ചൊവ്വ, വെള്ളി ദിവസങ്ങളും ഭരണിനക്ഷത്രം, വിശേഷിച്ച്‌ മീന- കുംഭ- ഭരണികള്‍, മണ്ഡലകാലവും പരമപ്രധാനം. കടുംപായസം, ഗുരുതി, രക്‌തപുഷ്‌പാഞ്‌ജലി എന്നിവയും പ്രധാനം.

വസ്‌ത്രം: എല്ലാ ദേവന്മാര്‍ക്കും പട്ട്‌ വഴിപാട്‌ നടത്താം. എന്നാല്‍ ശിവന്‌- പട്ട്‌ പാടില്ല.❌

ഭദ്രകാളി, ദുര്‍ഗ്ഗ, ഗണപതി, മുരുകന്‍-ചുവന്നപട്ട്‌.
വിഷ്‌ണു- മഞ്ഞപ്പട്ട്‌. ഭഗവതിക്ക്‌-പച്ച, മഞ്ഞ, ഡിസൈന്‍ ഒക്കെ ആകാം. ശരീരത്തില്‍ ധരിക്കാനുള്ള ഏലസും മറ്റും ആദ്യമായി പൂജിക്കാം. എന്നാല്‍ ധരിച്ചശേഷം വീണ്ടും ക്ഷേത്രത്തില്‍ പൂജിക്കാന്‍ പാടില്ല❌

ആറ്റുകാല് പൊങ്കാലയും പൊരുളും?

1:ആറ്റുകാല് പൊങ്കാലയും പൊരുളും?
2:പൊങ്കാലയുടെ പ്രാധാന്യം വ്യക്തമാക്കാമോ?
3:പൊങ്കാല സമര്പ്പിക്കാന് എത്ര ദിവസത്തെ വ്രതം വേണം?
ആറ്റുകാല് പൊങ്കാല ലോകപ്രസിദ്ധമാണ്.
മണ്ഡലകാലത്ത് ശബരിമലയിലേയ്ക്ക് തീര്ത്ഥാടകപ്രവാഹം പോലെയാണ് സ്ത്രീകളുടെ ശബരിമലയെന്ന് വിശേഷിപ്പിക്കുന്ന ആറ്റുകാലില് പൊങ്കാലയ്ക്ക് ഭക്തജനപ്രവാഹം. കുംഭമാസത്തിലെ പൂരം നാളിലാണ് ആറ്റുകാലമ്മയ്ക്ക് പൊങ്കാല സമര്പ്പിക്കുന്നത്.
പാതിവ്രത്യത്തിന്റെ പ്രതീകമായ കണ്ണകി മധുര ചുട്ടുചാമ്പലാക്കിയശേഷം കൊടുങ്ങല്ലൂരിലേക്കുള്ള യാത്രാമദ്ധ്യേയാണ് ആറ്റുകാലില് എത്തുന്നത്. ഒരു ബാലികയുടെ രൂപത്തില് കിള്ളിയാറിന്റെ തീരത്തെത്തിയ ഭഗവതി അവിടെ കുളിച്ചുകൊണ്ടുനിന്ന ദേവീഭക്തനായ മുല്ലുവീട്ടില് കാരണവരോട് തന്നെ അക്കരെ കടത്താന് ആവശ്യപ്പെട്ടു. അസാധാരണ ചൈതന്യം തുളുമ്പുന്ന ബാലികയെ അക്കരെ കടത്തിവിട്ട ആ കാരണവര്ക്ക് അന്ന് രാത്രിയില് ദേവി സ്വപ്നദര്ശനം നല്കി. താന് കടന്നുപോയ വഴിയില് മൂന്ന് വെളുത്തവരകള് തെളിയുമെന്നും അവിടെ പ്രതിഷ്ഠിച്ച് പൂജിക്കണമെന്നുമായിരുന്നു ദര്ശനം. അദ്ദേഹം ഇന്ന് ആറ്റുകാല്ക്ഷേത്രമിരിക്കുന്നിടത്ത് ഭഗവതി പറഞ്ഞ ദൃഷ്ടാന്തങ്ങള് കണ്ടെത്തുകയും അവിടെ ചെറിയ ഓലമേഞ്ഞ തെക്കത് പടുത്തുയര്ത്തി താല്ക്കാലികമായി ഒരു വിഗ്രഹവും വച്ച് പൂജ നല്കി. പ്രതിഷ്ഠ കഴിഞ്ഞതും അദ്ദേഹം പുത്തന് മണ്കലത്തില് നാഴി ഉണക്കലരി വേവിച്ച് നേദിച്ചു. ഇതാണ് അദ്യ പൊങ്കാല. പിന്നീട് നാട്ടുകാരില് അഞ്ച് സ്ത്രീകള് പൊങ്കാലനിവേദ്യം സമര്പ്പിച്ചു. ഇന്നുതന്നെ ഏറ്റവുമധികം സ്ത്രീകളെ ആകര്ഷിക്കുന്ന ക്ഷേത്രമായി വളര്ന്നുകഴിഞ്ഞു. ഏറ്റവുമധികം പൊങ്കാല നടക്കുന്ന തിരുസന്നിധിയെന്നനിലയില് ലോക ഗിന്നസ്സ് ബുക്കില് സ്ഥാനവും നേടി.
2:പൊങ്കാലയുടെ പ്രാധാന്യം വ്യക്തമാക്കാമോ?
'പൊങ്കല്' എന്ന വാക്കിന് 'സമൃദ്ധി', 'മുളയ്ക്കല്', 'ഉരയല്' എന്നൊക്കെ അര്ത്ഥം പറയാം. ജഗദീശ്വരിപൂജയും സൂര്യോപാസനയും ഒത്തുചേരുന്നതാണ് പൊങ്കാല. കര്ഷകര് കൊയ്ത്തുകഴിയുമ്പോള് ഇഷ്ടദേവതയായ ജഗദംബയ്ക്ക് പായസാന്നം നേദിക്കും. ഇതാണ് മകരപൊങ്കല് തുടര്ന്നുവരുന്ന മാട്ടുപ്പൊങ്കലും.
അതുപോലെ ഇവിടെ ആറ്റുകാലമ്മയ്ക്ക് പൊങ്കാല സമര്പ്പിക്കുമ്പോള് അത് സൂര്യോപാസന കൂടിയായി മാറുകയാണ്. മണ്കലം ശരീരവും തിളച്ചുമറിയുന്ന പായസം മനസ്സുമാണ്. കാമ, ക്രോധ, ലോഭ, മദ, മത്സരാദി അഷ്ടരാഗങ്ങള് തിളച്ചുമറിഞ്ഞ് ആവിയായി പോകും. ശേഷിക്കുന്ന ശുദ്ധമനസ്സായ പൊങ്കാല നിവേദ്യം പ്രപഞ്ച ചൈതന്യമായ സൂര്യദേവനെ സാക്ഷിയാക്കി ദേവിപാദങ്ങളില് സമര്പ്പിക്കുന്ന മഹത്തായ ചടങ്ങാണ് പൊങ്കാല.
3:പൊങ്കാല സമര്പ്പിക്കാന് എത്ര ദിവസത്തെ വ്രതം വേണം?
കാപ്പുകെട്ട് തുടങ്ങുന്നതുമുതല് പൊങ്കാലവരെ ഒന്പതുദിവസവും വ്രതമെടുക്കുന്നത് സര്വ്വൈശ്വര്യപ്രദം.
കണ്ണകി ബാലികാരൂപത്തില് ആറ്റുകാലില് ദര്ശനം നല്കിയശേഷം വടക്കോട്ട് തിരിച്ച് കൊടുങ്ങല്ലൂരമ്മയായി മാറിയെന്നാണ് ഐതിഹ്യം. ആറ്റുകാലില് ഉത്സവം തുടങ്ങുന്നത് ഒന്നാം ഉത്സവദിനമായ കാര്ത്തികനാളില് കൊടുങ്ങല്ലൂരമ്മയെ ക്ഷണിച്ചുവരുത്തുന്ന പവിത്രവും പുണ്യവുമായ ചടങ്ങോടെയാണ്. അന്നുമുതല് കണ്ണകീചരിതം തോറ്റംപാട്ടായി പാടിത്തുടങ്ങും. 'ആറ്റുകാല്ക്ഷേത്രത്തിലെ കാപ്പുകെട്ട് ചടങ്ങിന് കൊടുങ്ങല്ലൂരമ്മേ ആഗതയാകണേ' എന്ന് അകമഴിഞ്ഞ് പ്രാര്ത്ഥിച്ചും അപേക്ഷിച്ചും ക്ഷേത്രപൂജാരിമാര് നടത്തുന്ന പൂജകളെ പ്രകീര്ത്തിച്ചുമാണ് പ്രധാന പാട്ടുകാരന്(ആശാന്) കണ്ണകീ ചരിതം തോറ്റംപാട്ട് തുടങ്ങുന്നത്. അന്നുമുതല് പത്താംനാള് പൊലിപ്പാട്ട് പാടിയുള്ള കാപ്പഴിക്കല്വരെ കൊടുങ്ങല്ലൂരമ്മയുടെ സാന്നിദ്ധ്യം ആറ്റുകാല് ഉണ്ടെന്നാണ് വിശ്വാസം. ആയതിനാല് ഒന്പതുദിവസവും വ്രതമെടുത്ത് പൊങ്കാല സമര്പ്പിക്കുന്നത് വളരെ നന്ന്. അതിന് കഴിയാത്തവര് സാധാരണ വ്രതമായി പൊങ്കാല ദിവസമോ, മൂന്നുദിവസമോ എങ്കിലും വ്രതമെടുക്കേണ്ടതാണ്.
പൊങ്കാല വ്രതമെടുക്കുന്ന സ്ത്രീ ആറ്റുകാലമ്മയുടെ പ്രതിരൂപമാണ്. ശുദ്ധവൃത്തി, കുളി, സസ്യാഹാരം, രണ്ട് നേരവും ദേവീസ്തുതികള് ചൊല്ലുക, പ്രാര്ത്ഥന, തികഞ്ഞ ശ്രദ്ധയും ഭക്തിയും ഒക്കെ നിര്ബന്ധം. ദേവീ ചിന്തമാത്രമേ മനസ്സിലുണ്ടാകാവൂ.

Sunday, 5 March 2017

*ലക്ഷ്മീ ദേവി വസിക്കുന്ന 5 ഇടങ്ങൾ*

*ലക്ഷ്മീ ദേവി വസിക്കുന്ന 5 ഇടങ്ങൾ*
ലക്ഷ്മീദേവി ഐശ്വര്യത്തിന്റെയും സമ്പത്തിന്റെയും പ്രതീകമാണ്. ലക്ഷ്മി എന്നാല്‍ ഐശ്വര്യം എന്നാണ് അര്‍ത്ഥം. അതുകൊണ്ട് തന്നെയാണ് ഐശ്വര്യത്തിനായി നമ്മള്‍ ലക്ഷ്മി ദേവിയോട് പ്രാര്‍ത്ഥിക്കുന്നതും.
*താമരപ്പൂവ്*
താമരപ്പൂവിന് വളരെയേറെ പ്രാധാന്യം ഉണ്ട് .പിങ്ക് നിറത്തിലുള്ള താമര ലക്ഷ്മിദേവിയുടെ ഇരിപ്പിടമായാണ് കരുതുന്നത്. അതിനാൽ പത്മിനി പത്മപ്രിയ എന്നെ പേരുകളിലും ലക്ഷ്മീദേവി അറിയപ്പെടുന്നു താമരപ്പൂവ് പൂജയ്ക്കും ആരാധനയ്‌ക്കും വ്യാപകമായി ഉപയോഗിക്കുകയും ചെയ്യുന്നു. പല ക്ഷേത്രങ്ങളിലും ഐശ്വര്യത്തിന്റെയും ധനത്തിന്റെയും അനുഗ്രഹം ലഭിക്കാനായി താമരപ്പൂവ് അണിയിക്കാറുണ്ട് മഹാവിഷ്ണുവിന് താമരപ്പൂവ് നൽകുന്നതും പുണ്യമായി കണക്കാക്കാറുണ്ട് അതുകൊണ്ടുതന്നെ താമരയെ ലക്ഷ്മിദേവിയുടെ പ്രതീകമായി കാണുന്നു അതുകൊണ്ടാണ് പാരമ്പര്യമായും, മതപരമായും, ആചാരങ്ങളിലും, ശില്പങ്ങളിലും എല്ലാം താമരയ്ക്കു ബഹുമാന്യമായ സ്ഥാനം നൽകുന്നത് ലക്ഷ്മി ദേവി താമരയിൽ വസിക്കുന്നു എന്നാണ് വിശ്വാസം .
*കൂവളം ഇലയുടെ മറുവശത്ത്*
ശിവനെ ആരാധിക്കാനായി ഉപയോഗിക്കുന്ന ഒന്നാണ് കൂവളത്തിന്റെ ഇല .ഇതിനു പിറകിലായി ലക്ഷ്മി ദേവി വസിക്കുന്നു എന്നാണ് വിശ്വാസം .ഇത് ധാരാളം ഔഷധഗുണമുള്ള ഒരു ഇലയാണ് .ഇതില്ലാതെ ഒരു ശിവ പൂജയും പൂർണമാകില്ല.ഭൂതം, ഭാവി ,വർത്തമാനം എന്നീ മൂന്നു കാലങ്ങൾ പോലെ മനുഷ്യന്റെ മൂന്നു ഗുണങ്ങൾ പ്രതിനിധീകരിക്കുന്ന സാത്വ ,രാജ ,തമസ്സ് എന്നിവയിലെ പാപങ്ങൾക്കു കൂവളത്തിന്റെ ഇലകൊണ്ട് പൂജ ചെയ്താൽ ആശ്വാസം കിട്ടും എന്നാണ് വിശ്വാസം .
*ആനകളുടെ നെറ്റി*
ആനകളുടെ നെറ്റിയിൽ മുഴച്ചിരിക്കുന്ന രണ്ടു ഭാഗത്തെ ഗജ കുംഭം എന്നാണ് പറയുന്നത് .ഈ രണ്ടു മുഴകൾക്കും നടുവിൽ മുഴച്ചിരിക്കുന്ന ഭാഗത്തു ലക്ഷ്മി ദേവി വസിക്കുന്നു എന്നാണ് വിശ്വാസം . ചില അമ്പലങ്ങളിൽ ആനയെ വളർത്തുകയും പരിപാലിക്കുകയും ചെയ്യാറുണ്ട് ക്ഷേത്രങ്ങളിലെ ഘോഷയാത്രയ്ക്കും ആഘോഷങ്ങൾക്കും ആനയാണ് പ്രധാന ഘടകം .ലക്ഷ്മി ദേവി ആനയുടെ തിരുനെറ്റിയിൽ വസിക്കുന്നു എന്നതാണ് ഇതിനു അടിസ്ഥാന കാരണം അതിനാൽ ആനയെ പവിത്രമായി കാണുന്നു .
*പശുവിന്റെ പുറകിൽ*
പശുവിന്റെ പുറകിൽ ലക്ഷ്മിദേവി വസിക്കുന്നു എന്നാണ് .അതിനാൽ പശുവിനെ ആരാധിക്കുക ഹിന്ദുക്കൾക്ക് പ്രധാനമാണ് .പശുവിനെ സ്ഥിരമായി പരിപാലിക്കുകയും ആരാധിക്കുകയും ചെയ്യുന്നവർക്ക് ഐശ്വര്യവും ധനവും ഉണ്ടാകും എന്നാണ് വിശ്വാസം .പ്രത്യേകിച്ച് ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും ആരാധനയുടെ ഭാഗമായി ആളുകൾ മഞ്ഞൾ ചലിച്ചു പശുവിന്റെ പുറകിൽ തേയ്ക്കാറുണ്ട് .ഇത് ലക്ഷ്മി പൂജയുടെ പ്രധാന ഭാഗമാണ് .
*മനുഷ്യരുടെ വിരലറ്റം*
അവരവരുടെ കഴിവും ,പ്രയത്നവും അനുസരിച്ചു ലക്ഷ്മി ദേവി മനുഷ്യരുടെ വിരൽതുമ്പിൽ കുടികൊള്ളുന്നു എന്നാണ് വിശ്വാസം .അതുകൊണ്ടു തന്നെ രാവിലെ ഉണരുമ്പോൾ കൈവിടർത്തി വിരലുകൾ കണികാണുന്നതു ലക്ഷ്മി ദേവിയെ കാണുന്നതിന് തുല്യമാണെന്നും അത് ഐശ്വര്യം നൽകും എന്നാണ് വിശ്വാസം .

ഗുരുവായൂരപ്പനും ശങ്കരാചാര്യരും വടക്കേനട വാതിലും

ഗുരുവായൂരപ്പനും ശങ്കരാചാര്യരും
വടക്കേനട വാതിലും

ഭൂലോക വൈകുണ്ഠമായ ഗുരുവായൂരിലെ ഏറ്റവും വലിയ പ്രത്യേകത അവിടുത്തെ ചടങ്ങുകളുടെ കൃത്യ നിഷ്ടയ്യാണ് .. 1200 ഓളം വർഷങ്ങൾക്ക് മുമ്പ് ശങ്കരാചാര്യർ ചിട്ടപെടുത്തിയ പൂജാ ക്രമങ്ങൾ ആണ് ഇപ്പോളും അവിടെ അണുവിട തെറ്റാതെ നടക്കുന്നത് . ശങ്കരാചാര്യർ ശിവന്റെ അംശവതാരം ആണെന്നാണല്ലോ വിശ്വാസം . അദ്ദേഹത്തിനു ഭൂമിയിലൂടെയും യോഗബലം കൊണ്ട് ആകാശത്തിലൂടെയും സഞ്ചരിക്കാൻ കഴിവുണ്ടായിരുന്നു . ഒരിക്കൽ അദ്ദേഹം ആകാശ മാർഗ്ഗേ ശ്രിംഗേരി പോകുകയായിരുന്നു . ഗുരുവായൂരിനു മുകളിലൂടെ ആയിരുന്നു യാത്ര . അപ്പോൾ താഴെ ഗുരുവായൂരിൽ ശീവേലി നടക്കുകയായിരുന്നു . എന്നാൽ ശൈവ തേജസ്‌ ആയ ആചാര്യർ ഭഗവാനെ വണങ്ങാൻ കൂട്ടാക്കിയില്ല . ആചാര്യരുടെ അഹങ്കാരം ഭഗവാനു സഹിച്ചില്ല . അദ്ദേഹം ഒരു മാത്ര നേരത്തേക്ക് ശങ്കരാചാര്യരുടെ യോഗ സിദ്ധി ഇല്ലാതാക്കുകയും ആചാര്യർ ഭൂമിയിലേക്ക്‌ വന്നു വീഴുകയും ചെയ്തു . അതും ഗുരുവായൂർ വടക്കേ നടപന്തലിൽ ഭഗവാന്റെ ശീവേലിക്ക് മുമ്പിലേക്ക് വന്നു വീണു . വീണതും അചാര്യര്ക്ക് തന്റെ തെറ്റ് മനസ്സിലാവുകയും അവിടെകിടന്നു തന്നെ ഗോവിന്ദാഷ്ടകം രചിച്ച് പാടുകയും  ഭഗവാനോട് മാപ്പിരക്കുകയും ചെയ്തു.. പിന്നീട് അദ്ദേഹം അവിടെ ഒരു മണ്ഡലം ഭജനം ഇരിക്കുകയും ഗുരുവായൂരിലെ പൂജ ക്രമങ്ങൾ പരിഷ്കരിക്കുകയും ചെയ്തു . മണ്ഡലം ചിറപ്പും അതിനുള്ളിൽ ഏകാദശിയും വരുന്ന രീതിയിൽ പൂജയും ഉദയാസ്തമന പൂജയുടെ ക്രമങ്ങളും എല്ലാം അദ്ദേഹം ചിട്ടപെടുത്തി . അതിൽ പിന്നെ ആ രീതിയാണ് ഇവിടെ പിന്തുടരുന്നത് . ശങ്കരാചാര്യർ വന്നു വീണ സ്ഥലം വടക്കേ ശീവേലിപ്പുരയുടെ മുകളിൽ ഒരു ചെറിയ ദ്വാരം ഇട്ടു ഇപ്പോളും അടയാള പ്പെടുത്തിയിട്ടുണ്ട് . ശങ്കരാചാര്യരുടെ പ്രതിമയും ഇപ്പോൾ ആ ഭാഗത്തുണ്ട് .. ഇപ്പോളും ശീവേലി എഴുന്നള്ളി ഈ ഭാഗത്തു വരുമ്പോൾ ശങ്കരാച്ചര്യർ അന്ന് വീണതിന്റെ സ്മരണക്കായി മേളം ഒരു നിമിഷം നിർത്തി ആ ഓർമ പുതുക്കാറുണ്ടത്രേ ...
..ഉത്സവ കാലത്ത് ഭഗവാൻ പൊൻപഴുക്കാ മണ്ഡപത്തിൽ ദർശനം കൊടുക്കുന്നതും ശങ്കരാചാര്യർ അന്ന് വീണ സ്ഥലത്ത് വച്ചാണ് .
വടക്കേ നടയിൽ വച്ച് ഭഗവാനെ ദർശിക്കുന്നത് അതീവ പുണ്യമായി കരുതുന്നു . ഗുരുവായൂര് വടക്കേ നട സ്വർഗ്ഗ വാതിൽ ആയി കണക്കാക്കപ്പെടുന്നു . കൃഷ്ണനാട്ടം കളി നടക്കുന്നതും വടക്കേ നടയിൽ വച്ചാണ് . രാവിലെയും വൈകുന്നേരവും രാത്രിയിലും നടക്കുന്ന ശീവേലി വടക്കേ നടയിൽ എത്തുമ്പോൾ മിക്ക ഭക്തജനങ്ങളും സ്രാഷ്ടംഗം വീണു നമസ്ക്കരിക്കുന്നത് ആ സ്മരണയിൽ ആണ് ..


ഭഗവാനെ നാരായണ ... ഹന്ത ഭാഗ്യം ജനാനാം🙏🙏🙏🙏

സന്ധ്യാവന്ദനം

നമസ്തേ..... എല്ലാകൂട്ടുകാര്‍ക്കും സന്ധ്യാവന്ദനം നേരുന്നു......
ദീപം.....ദീപം... സന്ധ്യാദീപം........
            🔥🔔🔥🔔🔥🔔  🔥
സന്ധ്യയ്ക്കു വിളക്കു കൊളുത്തി ചമ്രം പടിഞ്ഞിരുന്ന് ഉച്ചത്തിൽ നാമം ചൊല്ലിയിരുന്ന ഒരു കാലത്തിന്റെ ഓർമകൾ അയവിറക്കാൻ
      🔥🔥🔔🔔🚩🔔🔔🔥🔥
അന്യം നിന്നു പോയേക്കാവുന്ന ഒരു പിടി സ്തോത്രങ്ങളും സ്തുതികളും ശ്ലോകങ്ങളും
   🔻🔔🔻🔔🔻🔔🔻🔔🔻🔔🔻🔔🔻
കൊച്ചു കുട്ടികൾക്ക് ഒരു നല്ല ശീലം മുതിർന്നവർക്ക് ചെറുപ്പത്തിലേക്കൊരു മടങ്ങിപ്പോക്ക്
    🔥🔥🔥🔥🔔🔔🔔🔔🔔🔥🔥🔥🔥
പാഞ്ഞു തീർക്കുന്ന ഈ ജീവിതത്തിൽ ഒരല്പ സമയം ദൈവവുമായി സംവദിക്കാം
       🚩🚩       🚩🚩     🚩🚩      🚩🚩  
എല്ലാവിധത്തിലുമുള്ള ദുഃഖങ്ങളും ഈശ്വരനിൽ സമർപ്പിക്കാം

  🔔🚩 ലോകാ സമസ്താ
             സുഖിനോഭവന്തു🚩🔔

അച്യുതം കേശവം രാമനാരായണം
കൃഷ്ണദാമോദരം വാസുദേവം ഹരിം
ശ്രീധരം മാധവം ഗോപികാവല്ലഭം
ജാനകീനായകം രാമചന്ദ്രം ഭജേ.

അച്യുതം കേശവം സത്യഭാമാധവം
മാധവം ശ്രീധരം രാധികാരാധിതം
ഇന്ദിരാമന്ദിരം ചേതസാ സുന്ദരം
ദേവകീ നന്ദനം നന്ദനം സന്ദധേ.

വിഷ്ണവേ ജിഷ്ണവേ ശംഖിനേ ചക്രിണേ
രുഗ്മിണീ രാഗിണേ ജാനകീ ജാനയേ
വല്ലവീ വല്ലഭായാര്‍ച്ചിതായാത്മനേ
കംസവിദ്ധ്വംസിനേ വംശിനേ തേ നമഃ

കൃഷ്ണ ഗോവിന്ദ ഹേ രാമ നാരായണ
ശ്രീപതേ വാസുദേവാജിത ശ്രീനിധേ
അച്യൂതാനന്ദ ഹേ മാധവാധോക്ഷജ
ദ്വാരകാനായക! ത്വല്പദാബ്ജം ഭജേ.

രാക്ഷസക്ഷോഭിതഃ സീതയാ ശോഭിതോ
ദണ്ഡകാരണ്യഭൂപുണ്യതാകാരണം
ലക്ഷ്മണേനാന്വിതോ വാനരൈഃ സേവിതോ
ഗസ്ത്യാസമ്പൂജിതോ രാഘവഃ പാതു മാം.

ധേനുകാരിഷ്ടഹാ/നിഷ്ടകൃദ്‌ദ്വേഷിണാം
കേശിഹാ കംസഹൃദ്വംശികാവാദകഃ
പൂതനാലോപകഃ സൂരജാഖേലനോ
ബാലഗോപാലകഃ പാതു മാം സര്‍വ്വദാ.

വിദ്യുദുദ്യോതവത് പ്രസ്ഫുരദ്വാസസം
പ്രാവൃഡംഭോദവത്പ്രോല്ലസദ്വിഗ്രഹം
വന്യയാ മാലയാ ശോഭിതോരഃസ്ഥലം
ലോഹിതാംഘ്രിദ്വയം വാരിജാക്ഷം ഭജേ.

കുഞ്ചിതൈഃ കുന്തളൈര്‍ഭ്രാജമാനാനനം
രത്നമൌലിം ലസത് കുണ്ഡലം ഗണ്ഡയോഃ
ഹാരകേയൂരകം കങ്കണ പ്രോജ്ജ്വലം
കിങ്കിണീ മഞ്ജുളം ശ്വാമളം തം ഭജേ.

ഫലശ്രുതി

അച്യുതസ്യാഷ്ടകം യഃ പഠേദിഷ്ടദം
പ്രേമതഃ പ്രത്യഹം പൂരുഷഃ സസ്പൃഹം
വൃത്തതഃ സുന്ദരം വേദ്യവിശ്വംഭരം
തസ്യ വശ്യോ ഹരിര്‍ജ്ജായതേ സത്വരം.



✨✨✨✨🚩✨🔔✨🚩✨✨✨✨
ആയിരം തിരികൾക്ക് വെളിച്ചം പകർന്നുകൊടുക്കുന്നത് കൊണ്ട് ഒരു മെഴുകിതിരിയുടെ ആയുസ്സ് കുറയുന്നില്ല.പങ്കുവെയ്ക്ക്പ്പെടുന്ന സന്തോഷവും അത് പോലെയാണ്. ഗൗതമബുദ്ധൻ...

നാഗങ്ങളെക്കുറിച്ചുളള സംശയങ്ങളുടെ മറുപടി

നാഗങ്ങളെക്കുറിച്ചുളള സംശയങ്ങളുടെ മറുപടി

നഗ്നനേത്രങ്ങൾ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങൾ കാണിച്ചുതരുന്നു.

അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള നാഗങ്ങളെ ഭാരതമക്കൾ പുരാതനകാലം മുതൽ ആരാധിക്കുന്നുണ്ടായിരുന്നു.

സർ‌വദോഷ പരിഹാരത്തിനും സർ‌വ ഐശ്വര്യത്തിനും നാഗാരാധന നല്ലതാണ്.

മുൻ തലമുറയുടെ ശാപദുരിതങ്ങൾ പോലും മാറുന്നതിനും വാസഗൃഹത്തിലെ നാഗശാപം മാറുന്നതിനും ജാതകചാര ദോഷഫലങ്ങൾ മാറുന്നതിനും നാഗാരാധന ഗുണകരമാണ്.

കരിക്കഭിഷേകം, നെയ് വിളക്ക്, അരവണപ്പായസം എന്നിവ നടത്തിയാൽ നാഗങ്ങൾ പ്രസാദിക്കും.

നാഗങ്ങളുടെ ഉദ്ഭവം

കശ്യപ്രജാപതിക്കു കദ്രുവിൽ ഉണ്ടായ മക്കളാണ് അഷ്ടനാഗങ്ങൾ.

അനന്തൻ വൈഷ്ണവ സങ്കല്പവും (മഹാവിഷ്ണുവിന്റെ) വാസുകി ശൈവ (ശ്രീപരമശിവന്റെ) സങ്കല്പവും ആണ്.

കേരളം പരശുരാമൻ സൃഷ്ടിച്ചപ്പോൾ സർപ്പങ്ങളെക്കൊണ്ടും ഉപ്പുരസമുളള വെള്ളം കൊണ്ടും ജനമേജയനു ജീവിക്കുവാൻ വയ്യാതായപ്പോൾ പരശുരാമനും മഹാദേവനും സർപ്പാരാധനയ്ക്കു വഴിതെളിയിച്ചു.

ഇന്നു കേരളത്തിലതു തുടർന്നുവരുന്നു. ഭൗമസർപ്പങ്ങൾ, ദിവ്യസർപ്പങ്ങൾ, പാതാളസർപ്പങ്ങൾ എന്നിങ്ങനെ മൂന്നു തരം സർപ്പങ്ങളുണ്ട്.

അഷ്ടനാഗങ്ങളുടെ പ്രജകളാണു ഭൗമസർപ്പങ്ങൾ. ഇവ ഭൂമിയിൽ വസിക്കുന്നതിനാൽ മനുഷ്യർക്കു കാണാനാകും.

പാതാളാ ദിവ്യസർപ്പങ്ങളെ കാണാനാകില്ല. മാറാരോഗങ്ങൾക്കും സന്താനക്ലേശങ്ങൾക്കും ശാപദുരിതങ്ങൾക്കും പരിഹാരം നാഗപൂജയിലൂടെ ലഭിക്കുന്നു.

ആയുരാരോഗ്യ സൗഖ്യം, ജ്ഞാനം, സമ്പത്ത്, സമൃദ്ധി, ആകർഷണശക്തി ഇവയും നാഗങ്ങൾ നൽ‌കും.

നാഗവും സർപ്പവും തമ്മിലുളള വ്യത്യാസം?

സർപ്പങ്ങളുടെ അധിപതി വാസുകിയാണ്. രജോഗുണ പ്രധാനമാണ്. വിഷം കൂടുതലുളളവയാണ്‌.

നാഗങ്ങളുടെ അധിപതി അനന്തൻ‌. ഇവ സാത്വികഗുണമുളളവയും വിഷക്കുറവുളളവയുമാണ്.

ജീവിത്തിൽ കഷ്ടപ്പാടുകളുണ്ടാകുന്നതു രാഹുദോഷം കൊണ്ടാണ്.

കേരളത്തിലെ മിക്ക തറവാട്ടുകളിലും പണ്ടു കാവുകളുണ്ടായിരുന്നു. ഇന്നു കാവുകൾ വെട്ടി നിരത്തിയും സർപ്പങ്ങളെ കൊന്നും ജീവിക്കുകയാണ്‌.

നാഗദോഷങ്ങൾ‌ പ്രശ്നചിന്തയിലൂടെ മനസ്സിലാക്കാനും പരിഹാരം അറിയാനും കഴിയും. അവ നടപ്പിലാക്കിയാൽ ഇതിൽ നിന്നു മോചനമുണ്ടാകും. നാഗങ്ങളെ വന്ദിച്ചില്ലെങ്കിലും നിന്ദിക്കരുത്.

കാവുകൾ വെട്ടി നശിപ്പിക്കാമോ?

കാവുകൾ വെട്ടി നശിപ്പിക്കാൻ‌ പാടില്ല.

കാവുകൾ വെറുതെ മാറ്റാനാവില്ല. ദേവപ്രശ്നം നോക്കി കാവുമാറ്റാൻ അനുമതി ലഭിച്ചാൽ മാറ്റാം.

മറ്റൊരു സ്ഥലത്തു പ്രതിഷ്ഠിക്കുകയോ ആവാഹിച്ച് ഏതെങ്കിലും സർപ്പ സങ്കേതത്തിൽ‌ സമർപ്പിക്കുകയോ ചെയ്യേണ്ടിവരും.

കാവിലെ മരം മുറിക്കുന്നതു ദോഷമാണ്. ഒരു മരം വെട്ടിയാൽ പകരം മരം വച്ചുപിടിപ്പിക്കണം ഒപ്പം അഭിഷേകാദി പരിഹാരങ്ങളും ചെയ്യണം.

സർപ്പത്തെയും മുട്ടയേയും നശിപ്പിച്ചാൽ ദോഷമുണ്ടോ?

പ്രശ്നത്തിലൂടെ ഏതു തരം സർപ്പത്തെയാണു നശിപ്പിച്ചതെന്നു കണ്ടെത്തുകയും അതിന്റെ സ്വഭാവമനുസരിച്ചു പരിഹാരം ചെയ്യുകയും വേണം.

പാമ്പിൽ മുട്ട അറിഞ്ഞോ അറിയാതെയോ നശിപ്പിച്ചാൽ സർപ്പരൂപവും മുട്ടയും വെളളിയിൽ ഉണ്ടാക്കി അഭിഷേകം നടത്തി ക്ഷേത്രത്തിൽ സമർപ്പിക്കണം.

നാഗപൂജ നടത്താൻ പാടില്ലാത്ത സമയമുണ്ട്?

ഇടവം മുതൽ കന്നിയിലെ ആയില്യം വരെ നാഗാരാധന പാടില്ല.

സർപ്പങ്ങൾ പുറ്റിൽ തപസ്സിരിക്കുന്നു എന്നും സർപ്പങ്ങൾ മുട്ടയിൽ അടയിരിക്കുന്നു എന്നും അഭിപ്രായമുണ്ട്.

അതിനാൽ ഈ സമയം ഒഴിവാക്കേണ്ടതാണ്. ഏകാദശി ദിനത്തിൽ ഒരു ദൈവങ്ങൾക്കും വഴിപാടു നടത്താൻ പാടില്ല.

നാഗങ്ങൾ വളരെയധികം പരിശുദ്ധിയുളളവരാണ്‌.

നാഗങ്ങൾക്ക് ഞായറാഴ്ച പ്രധാനമാകാൻ കാരണം?

നാഗരാജാവിന്റെ ഇഷ്ടാനിഷ്ടങ്ങൾ സൂര്യചന്ദ്രന്മാരെ കൊണ്ടാണു ചിന്തിക്കുന്നത്.

സൂര്യനാണു നാഗരാജ ദേവത, സൂര്യന്റെ ദിവസം ഞായറാഴ്ചയാണല്ലോ.

സർപ്പദോഷം കൊണ്ട് അംഗവൈകല്യവും ബുദ്ധിമാന്ദ്യവും ഉണ്ടാകാറുണ്ട്. ഇത് എങ്ങനെ തരണം ചെയ്യാം?

കുടുംബത്തിൽ കാവും മറ്റുമുണ്ടെങ്കിൽ വൃത്തിയായും ഭംഗിയായും പരിപോഷിപ്പിക്കുകയും ആറു മാസത്തിലൊരിക്കൽ വഴിപാടു നടത്തി പ്രാർഥിക്കുകയും വേണം.

സർപ്പങ്ങൾ ഉപദ്രവകാരികളല്ല. നമ്മളെ സഹായിക്കുകയല്ലാതെ ഉപദ്രവിക്കില്ല എന്ന ചിന്തിക്കുകയും ഭക്ത്യാദരവോടെ വണങ്ങുകയും വേണം.

സർപ്പ ബലി എന്നാലെന്ത്?

സർപ്പബലി അഷ്ടനാഗങ്ങളെയും നാഗവംശങ്ങളെയും സങ്കല്പിച്ചു പ്രീതിപ്പെടുത്തുന്ന ചടങ്ങാണ്‌.

സർപ്പങ്ങൾക്കുളള സമർപ്പണമാണിത്. അല്ലാതെ സർപ്പത്തെ ബലി നൽകുന്നു എന്നു ധരിച്ച് പേടിച്ച് കാണാൻ പോകാതിരിക്കുന്നവരുണ്ട്.

ഇന്നു പല ക്ഷേത്രങ്ങളിലും സർപ്പബലി നടത്തുന്നുണ്ട്. പല ആചാരാനുഷ്ഠാനത്തിലുമാണു നടത്തുന്നത്. അതുകണ്ടു തൊഴുന്നതു നല്ലതാണ്.

സർപ്പത്തിനു മഞ്ഞളഭിഷേകമെന്തിനു നടത്തുന്നു?

സർപ്പങ്ങൾ ഇഴയുമ്പോൾ ശരീരത്തിൽ പോറലുണ്ടാകും. അതിനു മഞ്ഞൾ പൊടിയിടുമ്പോൾ വ്രണം നശിച്ചുപോകും.

ചില കാവുകളിൽ ഉപ്പ് വിതറരുത് എന്ന് എഴുതി വച്ചിരിക്കുന്നതു കണ്ടിരിക്കുമല്ലോ. അതായത് ഈ വ്രണത്തിൽ ഉപ്പു ചേരുമ്പോൾ അതിനെ നീർവീക്കലുണ്ടാകും അതിനാലാണ് ഇങ്ങനെ എഴുതിയിരിക്കുന്നത്.

മഞ്ഞൾ പൊടി വിതറിയാൽ സർ‌പ്പങ്ങളുടെ അനുഗ്രഹം ലഭിക്കും.

ആയില്യവ്രതം എങ്ങനെ?

ആയില്യത്തിന്റെ തലേ ദിവസം മുതൽ വ്രതം നോൽ‌ക്കണം.

ആയില്യത്തിന്റെ പിറ്റേ ദിവസം മഹാദേവനെ ദർശനം നടത്തി തീർഥം കുടിച്ച് വ്രതമാവസാനിക്കുന്നു

നാഗാരാധനയ്ക്കു പ്രാധാന്യമുളള ക്ഷേത്രങ്ങൾ:

ആലപ്പുഴ ജില്ലയിലെ വെട്ടിക്കോട്ട്, മണ്ണാറശാല, തൃശൂരിലെ പാമ്പു മേക്കാട്ട്‌, കൊല്ലത്തെ തൃപ്പാര, എറണാകുളത്തെ ആമേടമംഗലം, മഞ്ചേശ്വരത്തെ മദനന്തേശ്വരക്ഷേത്രം, കണ്ണൂരിലെ പെരളശ്ശേരി ക്ഷേത്രം, തിരുവനന്തപുരം അനന്തൻകാട്, മാന്നാർ പനയനാർകാവ്, നാഗർകോവിൽ, അനന്തപത്മനാഭ സ്വാമി ക്ഷേത്രം, തിരുവട്ടാർ ആദി കേശവ ക്ഷേത്രം, ശ്രീരംഗം ക്ഷേത്രം.

രാഹുവിനെ ഭയക്കുന്നതെന്തിന്?

കാര്യമായി ഗുണഫലം നൽകുന്ന ഗ്രഹമാണു രാഹു.

നവഗ്രഹങ്ങളിൽ ഏറ്റവും നല്ല ഫലവും നൽകുന്ന ഗ്രഹമാണു രാഹു.

ദോഷ ഫലത്തിനും കഴിവുണ്ട്. ഒരു വ്യക്തിയുടെ ജാതകത്തിലോ പ്രശ്നചിന്തയിലോ രാഹു ചില ഗ്രഹങ്ങളുമായി യോഗം ചെയ്തു നിൽക്കുന്നതിന്റെ അടിസ്ഥാനത്തിലാണു ഫലങ്ങൾ നൽകുന്നത്.

രാഹുദശാകാലം കൂടി മോശമായാൽ ഏതു ആനയും അടിതെറ്റി വീഴും പോലെ നശിച്ചതു തന്നെ. ഒരു ജാതകം പരിശോധിച്ചാൽ നല്ല ഫലം ഉണ്ടെങ്കിലും രാഹുവിന്റെ സ്ഥിതി മോശമായാൽ ഗുണാനുഭവം കുറയും. അനുഭവത്തിൽ രാഹുവിന്‌ അത്രയ്ക്കേറെ പ്രാധാന്യമുണ്ട്‌.

രാഹുവിന്റെ ഉൽപ്പത്തി

സിംഹികേയൻ എന്ന അസുരൻ പാലാഴിമഥനക്കാലത്ത്‌ അമൃതപാനം ചെയ്യാൻ ദേവസദസ്സിലിരുന്നു.

പാലാഴി കടയാൻ ദേവന്മാർ അസുരന്മാരെ കൂട്ടുപിടിച്ച് അമൃതു നൽകാമെന്നു സമ്മതിക്കുകയും ചെയ്തു. പക്ഷേ കാര്യസാധ്യം നടന്ന ശേഷം കൈയൊഴിഞ്ഞു.

അമൃതു കഴിക്കാൻ തുടങ്ങിയ സിംഹികേയനെ വിഷ്ണു സുദർശനചക്രം കൊണ്ടു ഭേദിച്ചു. അപ്പം അമൃതു കഴിച്ചതിനാൽ രണ്ടു ഭാഗമായെങ്കിലും ജീവൻ നിലനിന്നു.

ശിരസ്സുഭാഗം രാഹുവും മറുഭാഗം കേതുവുമായി ഇന്നും ജനങ്ങളെ അനുഗ്രഹിക്കുന്നു എന്ന്‌ ഐതിഹ്യം.

🔥🌷🔥🌷🔥🌷🔥

ആറ്റുകാല്‍ പൊങ്കാല ആചരിക്കേണ്ടതും അരുതാത്തതും

ആറ്റുകാല്‍ പൊങ്കാല
ആചരിക്കേണ്ടതും അരുതാത്തതും
ആറ്റുകാല്‍ പൊങ്കാല ഒരു ആത്മസമർപ്പണമാണ്. പൊങ്കാല അർപ്പിച്ച് പ്രാർത്ഥിച്ചാൽ ഉദ്ദിഷ്ട കാര്യങ്ങൾ കരുണാമയിയായ ദേവി സാധിച്ച് തരും എന്നുള്ള ദൃഡമായ വിശ്വാസമാണ് പൊങ്കാലയിലേക്ക് സ്ത്രീജനങ്ങളെ ആകർഷിക്കുന്നത്.
പൊങ്കാല ഇടുവാന്‍ ആഗ്രഹിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
പൊങ്കാലയ്ക്ക് മുൻപ് ഒരാഴ്ചയെങ്കിലും വ്രതം നോല്‍ക്കണം . കുറഞ്ഞത് മൂന്നു ദിവസമെങ്കിലും വ്രതം നിര്‍ബന്ധമാണ്‌.
മാസമുറ കഴിഞ്ഞ് ഏഴു ദിവസം കഴിഞ്ഞു മാത്രമേ പൊങ്കാല ഇടാവൂ.
പുല വാലായ്മകള്‍ ഉള്ളവര്‍ പൊങ്കാല ഇടരുത്. (പുല 16 ദിവസവും വാലായ്മ 11 ദിവസവും)
മനഃശുദ്ധിയോടും ശരീര ശുദ്ധിയോടും കൂടി വേണം വ്രതം എടുക്കാൻ.
ഈ ദിവസങ്ങളില്‍ സസ്യാഹാരം മാത്രം കഴിക്കുക.
പൊങ്കാലയുടെ തലേ ദിവസം ഒരിക്കല്‍ മാത്രമേ അരി ആഹാരം കഴിയ്ക്കാൻ പാടൂള്ളൂ
പൊങ്കാലയ്ക്ക് മുൻപ് കഴിവതും ക്ഷേത്രദർശനം നടത്തുക. കാരണം പൊങ്കാല ഇടുവാൻ ദേവിയോട് അനുവാദം ചോദിക്കുന്നതിനായിട്ടാണ് ഇങ്ങനെ ചെയ്യുന്നത്. അതിനു സാധിക്കാത്തവര്‍ മനസ്സില്‍ ദേവിയെ പ്രാര്‍ധിച്ച് അനുജ്ഞ വാങ്ങുക.
കിഴക്കോട്ട് തിരിഞ്ഞു നിന്ന് പൊങ്കാല ഇടുന്നതാണ് ഉത്തമം.

പൊങ്കാല അടുപ്പിന് സമീപം ഗണപതിയ്ക്ക് അവില്‍.മലര്‍ മുതലായ പൂജാ ദ്രവ്യങ്ങള്‍ വയ്ക്കുക
പുതിയ മൺകലത്തിലാണ് പൊങ്കാല ഇടേണ്ടത്.
ക്ഷേത്രത്തിനു മുൻപിലുള്ള പണ്ഡാര അടുപ്പിൽ തീ കത്തിച്ചതിനു ശേഷം മാത്രമേ മറ്റുള്ള അടുപ്പുകളിൽ തീ കത്തിക്കാൻ പാടുള്ളൂ.
പൊങ്കാല അടുപ്പിൽ തീകത്തിച്ചതിനുശേഷം മാത്രമേ ജലപാനം പാടുള്ളൂ
 നിവേദ്യം തയാറായതിനു ശേഷം മാത്രമേ ആഹാരം കഴിക്കാവൂ.
ക്ഷേത്രത്തിൽ നിന്നും നിയോഗിക്കുന്ന പൂജാരികൾ തീർത്ഥം തളിക്കുന്നതോടെ മാത്രമേ പൊങ്കാല സമാപിക്കുന്നുള്ളൂ.
പൊങ്കാല ഇട്ടതിനു ശേഷം അന്നേ ദിവസം മറ്റു ക്ഷേത്ര ദര്‍ശനം ഉചിതമല്ല.

*ജ്വാലാമുഖി*

*ജ്വാലാമുഖി*
ദക്ഷയാഗത്തില്‍ പങ്കെടുക്കാന്‍ ചെന്നപ്പോള്‍ ഉണ്ടായ അപമാനത്തില്‍ മനം നൊന്ത് പ്രാണത്യാഗം ചെയ്തത്തിൽ കുപിതനായ മഹാദേവന്‍ സതീദേവിയുടെ മ്യതശരീരവുമായി സംഹാരതാണ്ഡവമാടി..
*ശിവന്റെ കോപം തണുപ്പിക്കുവാനായി മഹാവിഷ്ണു സതിദേവിയുടെ ശരീരം അമ്പത്തിയൊന്നു കഷ്ണങ്ങളാക്കി ഭൂമിയിലേക്കിട്ടു*
ശരീര ഭാഗങ്ങള്‍ വന്ന് വീണ സ്ഥലങ്ങളെല്ലാം . പിന്നിട് വളരെ പ്രശസ്തമായ ദേവി ക്ഷേത്രങ്ങളായി തീർന്നു.*അതില്‍ നാക്ക് വീണ സ്ഥലമാണ് ജ്വാലാമുഖി*
നല്ല നീല നിറത്തില്‍ " S " ന്റെ ആക്രിതിയിൽ‍ പാറപുറത്ത് കത്തിനില്ക്കുന്ന ജ്വാല അതി മനോഹരവും വർണ്ണനാതീതവുമാണ്.
മഹാവിഷ്ണുവിന്റെ ആയുധത്താല്‍ മുറിഞ്ഞ നാവ് വന്ന് വീണ സ്ഥലം ഹിമാരണ്യത്തിലെ "*ധോളിധര്‍*" എന്ന പർവ്വത പ്രദേശത്താണ്.നൂറ്റാണ്ടുകളോളം അറിയപെടാതെ കിടന്ന സ്ഥലം.
*ഭൂമിചന്ദ്ര എന്ന രാജാവിന്റെറ കാലത്ത് കാലിയെ മേക്കുന്നവരാണ് പാറപുറത്ത് കത്തി നില്ക്കു ന്ന ജ്വാല കണ്ടത്*. ഈ കാര്യം രാജാവിനെ അറിയിച്ചപ്പോള്‍ ഭൂമി രാജാവ് നേരിട്ടെത്തി ക്ഷേത്രം പണിയിക്കുകയാണ് ഉണ്ടായത്.
അവിടത്തെ പ്രതിഷ്ഠയും ജ്വാല തന്നെയാണ്, ഈ ജ്വാല കൂടാതെ ഒൻപത് ജ്വാലകള്‍ കൂടി അവിടെ ഉണ്ട്.
*ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹറുവിന്റെ നിർദ്ദെശ പ്രകാരം ഇന്ത്യന്‍ ആർക്കിയോളജിയിലെ ശാസ്ത്രഞ്ജന്മാര്‍ നാല്പ്പത് വർഷത്തോളം കിണഞ്ഞു ശ്രമിച്ചിട്ടും ജ്വാലാമുഖിയുടെ ചുറ്റും എണ്ണയുടെയോ പ്രക്യതി വാതകത്തിന്റെിയോ സാന്നിധ്യം കണ്ടെത്തുവാന്‍ കഴിഞ്ഞിട്ടില്ല*
യാതൊരു മാധ്യമത്തിന്റെയും സഹായമില്ലാതെ വശ്യശോഭയോടെ കത്തിനില്ക്കു ന്ന ജ്വാലാമുഖി നിരീശ്വരവാദികൾക്ക് ഇന്നും ഉത്തരം കിട്ടാത്ത ചോദ്യമാണ്.

ഏഴരപ്പൊന്നാന ദർശ്ശനപുണ്യം .......!

ഏഴരപ്പൊന്നാന ദർശ്ശനപുണ്യം .......!

ഏറ്റുമാനൂരിൽ എട്ടാം ഉത്സവം അർദ്ധരാത്രിയായാൽ ഏഴരപ്പൊന്നാന ദർശ്ശനപുണ്യം .അതിവിടെ എത്തിയതിന്റെ പിന്നിലുള്ള ചരിത്രം കേട്ടിട്ടില്ലാത്തവർക്കായി ..........

ആധുനിക തിരുവിതാംകൂറിന്റെ സ്ഥാപകൻ അനിഴം തിരുനാൾ ശ്രീ മാർത്താണ്ഡ വർമ്മ രാജ്യ വിസ്തൃതി വ്യാപിപ്പിക്കുന്നതിനായി പട യോട്ടം നടത്തി. വടക്കുംകൂർ ആക്രമിച്ചപ്പോൾ ഏറ്റുമാനൂർ ദേശത്തിനും ക്ഷേത്രം വക സ്വത്തിനും സങ്കേതത്തിനും വലിയ നാശ നഷ്ടങ്ങൾ സംഭവിച്ചു. ഇതിന്റെ ഫല മായി മഹാരാജാവിനും കുടുംബത്തിനും അനവധി അനർഥ ങ്ങൾ വന്നു ചേർന്നു .ഇതിന് പരിഹാരമായി ഏറ്റുമാനൂരപ്പന് അഷ്ട ദിഗ് ഗജങ്ങളെ സ്വർണ്ണത്തിൽ തീർത്ത് അവയ്ക്കുള്ള തോട്ടിയും വളറും സഹിതം നടയ്ക്കു വെയ്ക്കാമെന്ന് നേർന്നു. എന്നാൽ വഴിപാട് പൂർത്തീ കരിക്കുന്നതിന് മുൻപ് 1758 ജൂലൈ മാസത്തിൽ അദ്ദേഹം നാട് നീങ്ങി. തുടർന്ന് അധികാരമേറ്റ ധർമ്മ രാജാ ശ്രീ കാർത്തിക തിരുനാൾ മഹാരാജാവിനാണ് വഴിപാട് നടത്തുന്നതിനുള്ള ഭാഗ്യമുണ്ടായത്. 1759 മെയ് മാസം 23 -ആം തീയതി കൊല്ലവർഷം 934 - ആമാണ്ട് ഇടവ മാസം 12 -ആം തീയതി തിങ്കളാഴ്ച ഉച്ച പൂജയ്ക്ക് മുമ്പായിട്ടാണ് പൊന്നാനകളെ നടയ്ക്കു വെച്ചത്. അഷ്ട ദിഗ്ഗജങ്ങളെ പ്രതിനിധാനം ചെയ്യുന്ന എട്ടാനകൾ ഏഴര യായതിനു പിന്നിലും രസകരമായ ഒരു കഥയുണ്ട് . കൌശലമുണ്ട് . ഏറ്റുമാനൂർ ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശവും ഭരണവും എട്ടു മനക്കാർക്കായിരുന്നു . എട്ടുമനയൂരിൽ നിന്നാണ് ഏറ്റുമാനൂർ എന്ന സ്ഥല നാമം നിഷ്പന്നമായതെന്ന് ഉള്ളൂർ "കേരള സാഹിത്യ ചരിത്രത്തിൽ" സൂചിപ്പിക്കുന്നുണ്ട് . ഉണ്ണൂനീലിസന്ദേശത്തിൽപ്പോലും ഈ സ്ഥലനാമം പ്രദിപാദിക്കുന്നുണ്ട് . പുന്നയ്ക്കൽ , അയ്യങ്ങണിക്കൽ , ചിറക്കര , പുളിന്താനം ,പട്ടമന , മംഗലം , ചെന്തിട്ട , എട്ടൊന്നശ്ശേരി ഇവരാണ് എട്ടുമനക്കാർ
ഒരേപോലെ യുള്ള എട്ട് പൊന്നാനകളെ നടയ്ക്കു വെച്ചാൽ എട്ടുമനക്കാരും കൂടി വീതം വെച്ചെടുത്താലോ എന്ന് കുശാഗ്ര ബുദ്ധിയായിരുന്ന രാമയ്യൻ ദളവയ്ക്ക് സംശയമായി . അദ്ദേഹം മുന്നോട്ടു വെച്ച ഉപായമാണ് പൊന്നാനകളെ എഴരയാക്കുക എന്നത് അപ്പോൾ തുല്യമായി വീതിക്കുവാൻ കഴിയാതെ വരും അപ്രകാരം വന്നാൽ അവ ക്ഷേത്ര ത്തിൽ തന്നെ നില നില്ക്കുകയും ചെയ്യും അങ്ങനെ എട്ടാന ഏഴര യായി . രണ്ടടി പൊക്കമുള്ള ഏഴ് ആനകളും ഒരടി പൊക്കമുള്ള ഒരു അരയാനയും . പ്രായശ്ചിത്തമായി ഒരു സ്വർണ പഴുക്കാക്കുല കൂടി ഏറ്റുമാനൂരപ്പന് സമർപ്പിച്ചു . വലിയ ആനകൾ ആനകളോരോന്നിനും ഒരു തുലാം (ഏകദേശം 10 കിലോ ) തൂക്കവും അരയാനയയ്ക്ക് അര തുലാം (ഏകദേശം 5 കിലോ ) തൂക്കവുമാനുള്ളത് ആനകൾക്ക് ഓരോന്നിനും പേരുകളുമുണ്ട് . ദിക്കുകളും
ഐരാവതം - കിഴക്ക്
പുണ്ഡരീകൻ - തെക്ക് കിഴക്ക്
വാമനൻ - തെക്ക് (അരയാന)
കുമുദൻ - തെക്ക് പടിഞ്ഞാറ്
അഞ്ജനൻ - പടിഞ്ഞാറ്
പുഷ്പദന്തൻ - വടക്ക് പടിഞ്ഞാറ്
സാർവ്വഭൌമൻ - വടക്ക്
സുപ്രതീകൻ - വടക്ക് കിഴക്ക്
എട്ടാം ഉത്സവത്തിന് ഏഴര പൊന്നാന കളെ ആസ്ഥാനമണ്ഡ പത്തിലും ആറാട്ട് വരവിന് അകമ്പടിയായും എഴുന്നെള്ളിക്കും. . ശംഭോ മഹാദേവ .

ഗുരുവായൂർ ക്ഷേത്രത്തിന്റെ ഉദ്ഭവത്തിനുകാരണമായ ഒരു കഥ നാരദപുരാണത്തിൽ വർണ്ണിക്കുന്നുണ്ട്.🙏🙏

ഗുരുവായൂർ ക്ഷേത്രത്തിന്റെ ഉദ്ഭവത്തിനുകാരണമായ ഒരു കഥ നാരദപുരാണത്തിൽ വർണ്ണിക്കുന്നുണ്ട്.🙏🙏

 കുരുവംശത്തിലെ പിന്മുറക്കാരനും അർജുനന്റെ പൗത്രനും അഭിമന്യുവിന്റെ പുത്രനുമായ പരീക്ഷിത്ത് മഹാരാജാവ് മുനിശാപത്തെത്തുടർന്ന് ഉഗ്രസർപ്പമായ തക്ഷകന്റെ കടിയേറ്റ് അപമൃത്യു വരിച്ചു. തുടർന്ന് അദ്ദേഹത്തിന്റെ പുത്രൻ ജനമേജയൻ തന്റെ പിതാവിന്റെ അന്ത്യത്തിനുകാരണമായ സർപ്പവംശത്തെ മുഴുവൻ ഉന്മൂലനം ചെയ്യുന്നതിനായി 'സർപ്പസത്രം' എന്ന ഉഗ്രയാഗം നടത്തി. നിരപരാധികളായ അസംഖ്യം സർപ്പങ്ങൾ യാഗാഗ്നിയിൽ ചത്തൊടുങ്ങി. എന്നാൽ അമൃത് കുടിച്ചവനായതിനാൽ തക്ഷകൻ മാത്രം ചത്തില്ല. തന്മൂലം ജനമേജയനെ ഉഗ്രമായ സർപ്പശാപം പിടികൂടുകയും അദ്ദേഹം കുഷ്ഠരോഗബാധിതനാകുകയും ചെയ്തു. രോഗശാന്തിക്കായി ധാരാളം വഴികൾ നോക്കിയിട്ടും ഒന്നും ഫലം കണ്ടില്ല. അങ്ങനെ ശരീരം കൊണ്ടും മനസ്സുകൊണ്ടും ഏറെ തളർന്ന ജനമേജയനുമുമ്പിൽ ദത്താത്രേയമഹർഷി പ്രത്യക്ഷപ്പെടുകയും രോഗശാന്തിക്കായി ഗുരുവായൂരിലെ മഹാവിഷ്ണുവിനെ ഭജിക്കണമെന്ന് ഉപദേശിക്കുകയും ചെയ്തു. തുടർന്ന് അദ്ദേഹം ആ പ്രതിഷ്ഠയുടെ മാഹാത്മ്യം ജനമേജയന് വിവരിച്ചുകൊടുത്തു. അതിങ്ങനെ:

പണ്ട്, പദ്മകല്പത്തിന്റെ ആദിയിൽ (കല്പം ഹിന്ദുമതത്തിലെ ഒരു കാലയളവാണ്) ബ്രഹ്മാവ് സൃഷ്ടികർമ്മത്തിലേർപ്പെട്ടുകൊണ്ടിരിയ്ക്കെ മഹാവിഷ്ണു അദ്ദേഹത്തിനുമുന്നിൽ പ്രത്യക്ഷനായി. തനിയ്ക്കും തന്റെ സൃഷ്ടികൾക്കും കർമ്മബന്ധം കൂടാതെ മുക്തിപ്രഭാവത്തിനുള്ള അവസരമൊരുക്കണമെന്ന് ബ്രഹ്മാവ് അഭ്യർത്ഥിച്ചപ്പോൾ മഹാവിഷ്ണു തന്റേതുതന്നെയായ ഒരു അഞ്ജനവിഗ്രഹം നിർമ്മിച്ച് അദ്ദേഹത്തിനു സമ്മാനിച്ചു. പിന്നീട് വരാഹകല്പത്തിൽ ബ്രഹ്മാവ് ഈ വിഗ്രഹം സുതപസ്സ് എന്ന രാജാവിന് സമ്മാനിച്ചു. വംശവർദ്ധനയ്ക്കായി ഭഗവാനെപ്പോലൊരു പുത്രനെ വേണമെന്ന് ആവശ്യപ്പെട്ട് സുതപസ്സും പത്നി പ്രശ്നിയും വളരെവർഷക്കാലമായി മഹാവിഷ്ണുവിനെ ഭജിയ്ക്കുകയായിരുന്നു. വിഗ്രഹം കിട്ടിയ ശേഷവും അവർ ഭജനം തുടർന്നു. അവരുടെ പ്രാർത്ഥനയിൽ സംപ്രീതനായ ഭഗവാൻ അവർക്കുമുന്നിൽ പ്രത്യക്ഷനാകുകയും താൻ തന്നെ പുത്രനായി നാലുജന്മങ്ങളിൽ അവതരിയ്ക്കാമെന്നും അപ്പോഴെല്ലാം തങ്ങൾക്ക് മേല്പറഞ്ഞ വിഗ്രഹം പൂജിയ്ക്കാനുള്ള ഭാഗ്യമുണ്ടാകുമെന്നും പറയുകയും ചെയ്തു. അങ്ങനെ സത്യയുഗത്തിലെ ആദ്യജന്മത്തിൽ ഭഗവാൻ സുതപസ്സിന്റെയും പ്രശ്നിയുടെയും പുത്രനായി 'പ്രശ്നിഗർഭൻ' എന്ന പേരിൽ അവതരിച്ചു. പിന്നീട് സുതപസ്സും പ്രശ്നിയും കശ്യപനും അദിതിയുമായി പുനർജനിച്ചപ്പോൾ ത്രേതായുഗത്തിലെ രണ്ടാം ജന്മത്തിൽ ഭഗവാൻ വാമനനായി അവതരിച്ചു. പിന്നീട് അവർ ദശരഥനും കൗസല്യയുമായി പുനർജനിച്ചപ്പോൾ ത്രേതായുഗത്തിലെത്തന്നെ മൂന്നാം ജന്മത്തിൽ ഭഗവാൻ ശ്രീരാമനായി അവതരിച്ചു. പിന്നീട് അവർ വസുദേവരും ദേവകിയുമായി പുനർജനിച്ചപ്പോൾ ദ്വാപരയുഗത്തിലെ നാലാം ജന്മത്തിൽ ഭഗവാൻ ശ്രീകൃഷ്ണനായി അവതരിച്ചു. ഈ ജന്മങ്ങളിലെല്ലാം അവർക്ക് മേല്പറഞ്ഞ വിഗ്രഹം പൂജിയ്ക്കാനുള്ള ഭാഗ്യം സിദ്ധിയ്ക്കുകയും ഭഗവാൻ അവരുടെ പുത്രനായി അവതരിയ്ക്കുകയും ചെയ്തു.

മാതാപിതാക്കൾ നിത്യപൂജ ചെയ്തിരുന്ന ഈ വിഗ്രഹം അവരുടെ കാലശേഷം ശ്രീകൃഷ്ണഭഗവാൻ ദ്വാരകയിലേയ്ക്ക് കൊണ്ടുപോയി. അവിടെ അദ്ദേഹം ഒരു ക്ഷേത്രം നിർമ്മിച്ച് വിഗ്രഹം അവിടെ പ്രതിഷ്ഠിച്ചു. എന്നും അദ്ദേഹം ഇവിടെ വന്ന് പൂജ നടത്തുമായിരുന്നു. ഒടുവിൽ ദ്വാപരയുഗത്തിന്റെ അന്ത്യത്തിൽ ഭഗവാൻ സ്വർഗ്ഗാരോഹണത്തിനൊരുങ്ങുമ്പോൾ ഭക്തോത്തമനും ശിഷ്യനുമായ ഉദ്ധവരോട് ദ്വാരക ഏഴുദിവസം കഴിഞ്ഞാൽ കടലടിച്ചുപോകുമെന്നും ആ സമയത്ത് താനും തന്റെ മാതാപിതാക്കളും നാലുജന്മങ്ങളിൽ പൂജിച്ച ദിവ്യവിഗ്രഹം മാത്രം രക്ഷപ്പെട്ട് കടൽവെള്ളത്തിൽ ഒഴുകിനടക്കുമെന്നും അത് ദേവഗുരുവായ ബൃഹസ്പതിയെ ഏല്പിയ്ക്കണമെന്നും ആവശ്യപ്പെട്ടു. ദുഃഖങ്ങളും ദുരിതങ്ങളും നിറഞ്ഞ കലിയുഗത്തിൽ ഭക്തരുടെ രക്ഷയ്ക്കായി താൻ ആ വിഗ്രഹത്തിൽ എന്നും സാന്നിദ്ധ്യമരുളുമെന്നും ഭഗവാൻ പറഞ്ഞു. ഭഗവാൻ പറഞ്ഞതുപോലെ ദ്വാരക ഏഴാംദിവസം സമുദ്രത്തിനടിയിലായി. ഉദ്ധവർ ഇതിനുമുമ്പുതന്നെ ശിഷ്ടകാലം തപസ്സനുഷ്ഠിയ്ക്കുന്നതിനായി ബദരീകാശ്രമത്തിലേയ്ക്ക് പോയിക്കഴിഞ്ഞിരുന്നു. പോകുന്നതിനുമുമ്പ് അദ്ദേഹം ബൃഹസ്പതിയോട് ഇക്കാര്യം പറഞ്ഞു. ബൃഹസ്പതി എത്തുമ്പോഴേയ്ക്കും ദ്വാരക പൂർണ്ണമായും കടലടിച്ചുപോയിക്കഴിഞ്ഞിരുന്നു. എന്നാൽ അപ്പോൾത്തന്നെ നാലുജന്മങ്ങളിൽ ഭഗവാന്റെ മാതാപിതാക്കൾ പൂജിച്ച ദിവ്യവിഗ്രഹം കടൽവെള്ളത്തിൽ ഒഴുകിനടക്കുന്നത് അദ്ദേഹം കണ്ടു. പക്ഷേ അതെങ്ങനെയെടുക്കും? ഉടനെത്തന്നെ ബൃഹസ്പതി ശിഷ്യനായ വായുദേവനെ വിളിച്ചു. ഇരുവരും കൂടി വിഗ്രഹം കരയ്ക്കെത്തിച്ചു. തുടർന്ന് വിഗ്രഹം പ്രതിഷ്ഠിയ്ക്കാൻ ഉചിതമായ സ്ഥാനം തേടി ആകാശമാർഗ്ഗേണ ഭാരതം മുഴുവൻ യാത്ര ചെയ്തു. ഒടുവിൽ ഭാർഗ്ഗവക്ഷേത്രത്തിന്റെ പടിഞ്ഞാറുഭാഗത്ത് കടലിനോടടുത്തായി അതിമനോഹരമായ ഒരു താമരപ്പൊയ്ക അവർ കാണാനിടയായി. ചുറ്റും പക്ഷികളുടെ കളകൂജനം. എങ്ങും പച്ചപ്പുനിറഞ്ഞ അന്തരീക്ഷം. അതിനിടയിൽ അവർ ആകാശത്തുനിന്ന് ആ അത്ഭുതക്കാഴ്ച കണ്ടു: ലോകമാതാപിതാക്കളായ പാർവ്വതീപരമേശ്വരന്മാർ ആനന്ദതാണ്ഡവനൃത്തമാടുന്നു! ആ കാഴ്ച കണ്ടപ്പോൾതന്നെ അവർ താഴെയിറങ്ങി. ഇരുവരും പാർവ്വതീപരമേശ്വരന്മാരെ വന്ദിച്ചു. തങ്ങൾ നിൽക്കുന്ന സ്ഥലം തന്നെയാണ് വിഗ്രഹപ്രതിഷ്ഠയ്ക്ക് ഏറ്റവും അനുയോജ്യമെന്ന് ശിവൻ ബൃഹസ്പതിയോടും വായുദേവനോടുമായി പറഞ്ഞു. താൻ ഒരുപാടുകാലം ഇവിടെ തപസ്സുചെയ്തതും പ്രജാപതിസ്ഥാനത്തിനായി തപസ്സിരിയ്ക്കാൻ വന്ന പ്രചേതസ്സുക്കൾക്ക് വിഷ്ണുസ്തുതി പറഞ്ഞുകൊടുത്തതുമെല്ല്ലാം അദ്ദേഹം പറഞ്ഞു. ഇതു കേൾക്കേണ്ട താമസം ബൃഹസ്പതി ദേവശില്പിയായ വിശ്വകർമ്മാവിനെ വിളിച്ചു. അദ്ദേഹം ഉടനെത്തന്നെ പഞ്ചപ്രാകാരങ്ങളോടുകൂടിയ ഒരു മഹാക്ഷേത്രം പണികഴിപ്പിച്ചു. ബൃഹസ്പതിയും വായുദേവനും താന്ത്രികവിധിപ്രകാരം അവിടെ പ്രതിഷ്ഠ കഴിച്ചു. ഇന്ദ്രാദിദേവകൾ പുഷ്പവൃഷ്ടി ചൊരിഞ്ഞു. നാരദമഹർഷി സ്തുതിഗീതങ്ങൾ പാടി. ഈ മംഗളമുഹൂർത്തത്തിന് സാക്ഷിയാകാൻ നിന്ന പാർവ്വതീപരമേശ്വരന്മാർ അടുത്തുതന്നെയുള്ള മമ്മിയൂരിൽ സ്വയംഭൂവായി അവതരിച്ചു. അങ്ങനെ ഗുരുവും വായുവും ചേർന്ന് വിഷ്ണുപ്രതിഷ്ഠ നടത്തിയ പുണ്യഭൂമി ഗുരുവായൂരായും അവിടത്തെ ദേവൻ ഗുരുവായൂരപ്പനായും മാറി. വൈകുണ്ഠത്തിലേതുപോലെ ഭഗവാൻ ഇവിടെയും സർവ്വചൈതന്യസമ്പൂർണനായി വാഴുന്നതിനാൽ ഇവിടം ഭൂലോകവൈകുണ്ഠമാകുന്നു.

ഈ കഥ കേട്ടറിഞ്ഞ ജനമേജയൻ ഉടനെത്തന്നെ കുടുംബസമേതം ഗുരുവായൂരിലേക്ക് പുറപ്പെട്ടു. ഒരു വർഷം അദ്ദേഹം അവിടെ ഭജനമിരുന്നു. ഭജനത്തിനിടയിൽ അദ്ദേഹം മമ്മിയൂരിലും ദർശനം നടത്തി. തന്മൂലം ഏറെക്കാലം കഴിയും മുമ്പുതന്നെ അദ്ദേഹം കുഷ്ഠരോഗവിമുക്തി നേടി. പിന്നീട് ഏറെ വർഷക്കാലം അദ്ദേഹം അരോഗദൃഢഗാത്രനായി ജീവിച്ചു.

കളമെഴുത്തിന്റെ ഐതീഹ്യം

കളമെഴുത്തിന്റെ ഐതീഹ്യം

പണ്ട് രാക്ഷസവംശം വിഷ്ണു ചക്രത്താല്‍ നശിച്ചകാലം നാലു രാക്ഷസസ്ത്രീകള്‍ പാതാളത്തില്‍ ചെന്ന് ഒളിച്ചിരുന്നു. അതില്‍ ഒരു രാക്ഷസി ബ്രഹ്മാവിനെ തപസുചെയ്ത് രാക്ഷസവംശത്തിന്റ നിലനില്പിനായി തനിക്ക് ഒരു സന്തതിയെ വേണമെന്ന് ആവശ്യപ്പെട്ടു. *ബ്രഹ്മാവിന്റെ അനുഗ്രഹത്താല്‍ ദാരികന്‍ എന്ന പുത്രന്‍ ജനിച്ചു.

ദാരികന് യൗവ്വനം ആയപ്പോള്‍ രാക്ഷസവംശത്തിന്റെ അഭിവൃദ്ധിക്കായി ബ്രഹ്മാവിനെ തപസ്സുചെയ്ത് അനേകം വിദ്യായുധങ്ങള്‍ സ്വന്തമാക്കി. ആരാലും വധിക്കപ്പെടരുത് എന്ന വരം വേണ്ടേയെന്ന് ബ്രഹ്മാവ് ചോദിച്ചപ്പോള്‍ തന്റെ ശക്തിയില്‍ അഹങ്കാരം കൊണ്ട ദാരികന്‍ ആ വരം വേണ്ടെന്ന് പറഞ്ഞു. എന്നാല്‍ സ്ത്രീയാല്‍ തന്നെ നീ വധിക്കപ്പെടുമെന്ന് പറഞ്ഞ് ബ്രഹ്മാവ് മറഞ്ഞു.

ദാരികന്‍ പാതാളത്തില്‍ നിന്നും പുറത്തുവന്നു. ത്രിലോകങ്ങളും കീഴടക്കി. ഭയന്നോടിയ ദേവന്മാരും മുനികളും കൈലാസത്തിലെത്തി ശ്രീപരമേശ്വരനില്‍ അഭയം തേടി. ദാരികന്റെ ദുഷ്ടതകള്‍ കേട്ട് കോപിച്ച പരമശിവന്റെ തൃക്കണ്ണില്‍ നിന്നും ഭദ്രകാളി ഉത്ഭവിച്ചു.

ശ്രീപരമേശ്വരന്റെ നിര്‍ദ്ദേശപ്രകാരം ഭദ്രകാളി അനേകായിരം ഭൂതഗണങ്ങളോടും ഘണ്ഠാകര്‍ണ്ണനോടുമൊപ്പം വേതാളത്തിന്റെ പുറത്തു കയറിച്ചെന്ന് ദാരികനെ പോരിന് വിളിച്ചു. ഭദ്രകാളിയും ദാരികനുമായി ഘോരയുദ്ധം തുടങ്ങി. ദാരികന് പരാജയം ഉണ്ടാകുമെന്നു ഭയന്ന ദാരികപത്‌നി പരമശിവനോട് തന്റെ ഭര്‍ത്താവിനെ രക്ഷിക്കാന്‍ വരം വേണമെന്ന് അപേക്ഷിച്ചു. ക്ഷിപ്രപ്രസാദിയായ പരമേശ്വരന്‍ തന്റെ നെറ്റിയില്‍ നിന്നും വിയര്‍പ്പ് വടിച്ചു നല്‍കി. ഇത് ആരില്‍ പ്രയോഗിക്കുന്നുവോ അവന്‍ വീണുപോകുമെന്ന് പറഞ്ഞു. വസൂരിയുടെ വിത്താണ് ഭഗവാന്‍ നല്‍കിയത്. ശ്രീപരമേശ്വരന്‍ നല്‍കിയ വിത്തുമായി തിരിച്ച ദാരിക പത്‌നി കണ്ടത് തന്റെ ഭര്‍ത്താവിന്റെ ശിരസുമായി കോപാക്രാന്തയായി വരുന്ന കാളിയെയാണ്. കോപവും സങ്കടവും കൊണ്ട് ദാരികപത്‌നി വസൂരിയുടെ വിത്ത് ഭദ്രകാളിയുടെ നേരേ എറിഞ്ഞു. ദേവി കുഴഞ്ഞു. കൂടെയുണ്ടായിരുന്ന ഘണ്ഠാകര്‍ണ്ണന്‍ ദേവിയുടെ വ്രണങ്ങള്‍ നക്കിയെടുത്ത് ദേവിയെ അസുഖത്തില്‍ നിന്നും മോചിപ്പിച്ചു.

ഭഗവതിയെ വിട്ട് ഓടിയെ വസൂരിദേവതയെ ഭദ്രകാളി പിടിച്ചുകൈകാലുകള്‍ ബന്ധിച്ചു. കണ്ണും കാതും പൊടിച്ചു. തന്നെ വധിക്കരുതെന്ന് അപേക്ഷിച്ച വസൂരിമാലയെ ദേവി തന്റെ അധീനതയിലാക്കി. അന്നുമുതല്‍ ഭദ്രകാളിയുടെ കീഴിലാണ് വസൂരിദേവത.

കോപാക്രാന്തയായി വേതാളത്തിന്റെ പുറത്ത് പാഞ്ഞുവരുന്ന ദേവിയുടെ കോപം ശമിപ്പിക്കാന്‍ ഈ രൂപം കാണണമെന്ന് പരമേശ്വരന്‍ സുബ്രഹ്മണ്യനോട് നിര്‍ദ്ദേശിച്ചതനുസരിച്ച് കൈലാസ കവാടത്തില്‍ വര്‍ണ്ണപ്പൊടികള്‍ കൊണ്ട് കളം വരച്ചു. ഇതാണ് ആദ്യകളം എന്നാണ് ഐതീഹ്യം. ദേവിയുടെ ഈ രൂപമാണ് വടക്കുപുറത്തു പാട്ടിന് വരയ്ക്കുന്നത്. പുതുശ്ശേരി കുറുപ്പന്മാരാണ് കളം വരയ്ക്കുന്നത്. ദേവിയുടെ ഈ രൂപം വരച്ച് ആരാധിക്കുന്നത് നാടിനും നാട്ടുകാര്‍ക്കും ശ്രേയസ്‌കരമാണ്.

Saturday, 4 March 2017

ഉഡുപ്പി കൃഷ്ണന്റ മാത്രമേ ഉള്ളൂ

ശ്രീകോവിലിൽ പിന്തിരിഞ്ഞിരിക്കുന്ന ഒരേ ഒരു പ്രതിഷ്ഠ ഉഡുപ്പി കൃഷ്ണന്റ മാത്രമേ ഉള്ളൂ . ഇവിടെ കൃഷ്ണൻ ഒരു കുട്ടിയായി, കൈയ്യില്‍ തയിരു കലക്കുന്ന മത്തും എടുത്തു കൊണ്ടു നില്‍ക്കുന്ന രൂപമാണ്.
'ദിഗ്വാസസം കനക ഭൂഷിത ഭൂഷിതാംഗം'
പറയുന്ന സുന്ദര രൂപം.
 അരയില്‍ ഒരു പട്ടുകോണകം പോലും ഇല്ല. എന്നാലോ യശോദ അണിയിച്ചിട്ടുള്ള ആഭരണങ്ങള്‍ എല്ലാം അണിഞ്ഞീട്ടും ഉണ്ട്. ശ്രീകോവിലിന്റെ പിന്നിലെ
കിളിവാതിലിലൂടെ സ്വർണ്ണാലങ്കാരങ്ങളാൽ മൂടി വിടര്‍ന്ന കണ്ണുകളോടെ നില്‍ക്കുന്ന  കരിങ്കറുപ്പനായ കൃഷ്ണനെ കാണാൻ എന്തു ഭംഗ്യാന്നോ?
എന്തിനാ കണ്ണൻ ഇങ്ങിനെ തിരിഞ്ഞു നിന്നത് ന്നറിയാമോ?
ഭക്തിയുടെ മഹത്വവും കണ്ണന്റെ ഭക്തവാത്സല്യവും മനസ്സിലാക്കിത്തരുന്ന ഒരു സംഭവം ഇതിനു പിന്നിലുണ്ട്.
അബ്രാഹ്മണനായ കനകദാസര്‍ തികഞ്ഞ  കൃഷ്ണ ഭക്തനായിരുന്നു. അദ്ദേഹത്തിന് ക്ഷേത്രത്തില്‍ പോയി കണ്ണനെ കാണണമെന്ന് അടക്കാനാവാത്ത ആഗ്രഹം തോന്നി. പക്ഷേ എന്താ ചെയ്യാ? അയിത്തം കല്പിച്ച കീഴ്ജാതിക്കാർ
ക്ഷേത്രത്തിനു മുന്നിലെ വഴിയിൽപ്പോലും
വരാൻ പാടില്ലാത്ത കാലമായിരുന്നു അത്. അദ്ദേഹം എന്നും ക്ഷേത്രത്തിന്റെ പുറകിലിരുന്ന് കണ്ണനെ മനസ്സിൽ കണ്ട് കീർത്തനങ്ങൾ പാടുക പതിവായിരുന്നു. ഒരോ ദിവസം കഴിയും തോറും അദ്ദേഹത്തിന് കണ്ണനെ കാണാനുള്ള കൊതി കൂടിക്കൂടി വന്നു. ഒരു ദിവസം അദ്ദേഹം ഹൃദയം പൊട്ടുന്ന സങ്കടത്തോടെ പാടി

"കൃഷ്ണാ നീ ബേഗനെ ബാരോ...’
ബേഗനേ ബാരോ മുഖവന്നീ തോരോ'

കൃഷ്ണാ നീ വേഗം വരൂ
വേഗം വരൂ, ആ തിരുമുഖം ഒന്ന് കാണിയ്ക്കൂ

കാലലന്ദിഗേ ഗജ്ജെ നീലദ ബാവുലി  നീലവർണ്ണനെ നാട്യവാടുത്ത ബാരോ

കാലിൽ പാദസരമിട്ട്, നീല നിറമുള്ള കൈവളയിട്ട്, നീലവർണ്ണാ നൃത്തം ചെയ്തുകൊണ്ടു വരൂ

ഉടിയല്ലി ഉടിഗജ്ജെ,ബെരളല്ലി ഉങ്ങുര;
കോരളോളൂ ഹാകിദ വൈജയന്തി മാലേ

അരയിൽ മണികെട്ടിയ അരഞ്ഞാണമിട്ട് വിരലിൽ മോതിരമിട്ട് കഴുത്തിൽ വൈജയന്തി മാല ഇട്ടുകൊണ്ടു വരൂ

കാശീ പീതാംബര കൈയ്യല്ലി കൊളലു മെയ്യോളൂ പൂസീത ശ്രീഗന്ധ ഗമഗമ

കാശി മഞ്ഞപ്പട്ടുടുത്ത് കയ്യിൽ ഓടക്കുഴൽ പിടിച്ച് ദേഹത്ത് പൂശിയ ചന്ദനഗന്ധവുമായി വരൂ
( കാശിയിലെ പട്ട് അതി വിശേഷമാണ്)

തായികേ ബായല്ലീ മുജ്ജഗവന്ന തോരോ ജഗദോദ്ദാരകാ നമ്മ ഉഡുപ്പീ ശ്രീകൃഷ്ണാ

വാ തുറന്നു മൂവുലകവും അമ്മയെ കാണിച്ച ഉഡുപ്പിയിലുള്ള ജഗദോദ്ധാരകനായ ശ്രീകൃഷ്ണാ വരൂ

അവസാനത്തെ വരി പാടിയതും അദ്ദേഹം കരഞ്ഞുപോയി. തന്റെ കുഞ്ഞി വായ്ക്കുള്ളിൽ സർവ്വപ്രപഞ്ചവും കാണിച്ചുകൊടുത്ത കണ്ണാ ഈ ജഗത്തിനെ ഉദ്ധരിക്കുന്ന നിനക്ക് എന്റെ മുന്നിൽ ഒന്നു വരാൻഎന്താണ് പ്രയാസം? എന്നീട്ടും വന്നില്ലല്ലോ എന്ന ഒരു പരിഭവം കൂടി ഈ വരികളിൽ ഉണ്ട്. ആ ഭക്തന്‍റെ സങ്കടം സഹിക്കാൻ വയ്യാതായപ്പോൾ കണ്ണനും ഭക്തവാത്സല്യത്താൽ തളർന്നുപോയി.  പെട്ടെന്ന് കണ്ണൻ പുറകിലേക്ക് തിരിഞ്ഞു. തന്റെ കൈയിലുള്ള മത്തു കൊണ്ടു ചുവരില്‍  ദ്വാരങ്ങൾ ഉണ്ടാക്കി കനകദാസര്‍ക്ക്‌ ദര്‍ശനം നല്‍കി. പിന്നീട് ആ വിഗ്രഹത്തെ പഴയതുപോലെ
തിരികെ വയ്ക്കാൻ ആർക്കും ധൈര്യം വന്നില്ല. അതുകൊണ്ട് ശ്രീകോവിലിൽ പിന്തിരിഞ്ഞിരിക്കുന്ന  ഉഡുപ്പി കൃഷ്ണൻ ഭക്തവാത്സല്യത്തിന്റെ പ്രതീകമായി ഇന്നും നിലകൊള്ളുന്നു.
കണ്ണാ ഈ അക്ഷരപ്പൂക്കൾ ആ തൃപ്പാദത്തിൽ പ്രേമപുഷ്പാഞ്ജലിയായി സമർപ്പിക്കുന്നു.