Monday, 6 March 2017

ആറ്റുകാല് പൊങ്കാലയും പൊരുളും?

1:ആറ്റുകാല് പൊങ്കാലയും പൊരുളും?
2:പൊങ്കാലയുടെ പ്രാധാന്യം വ്യക്തമാക്കാമോ?
3:പൊങ്കാല സമര്പ്പിക്കാന് എത്ര ദിവസത്തെ വ്രതം വേണം?
ആറ്റുകാല് പൊങ്കാല ലോകപ്രസിദ്ധമാണ്.
മണ്ഡലകാലത്ത് ശബരിമലയിലേയ്ക്ക് തീര്ത്ഥാടകപ്രവാഹം പോലെയാണ് സ്ത്രീകളുടെ ശബരിമലയെന്ന് വിശേഷിപ്പിക്കുന്ന ആറ്റുകാലില് പൊങ്കാലയ്ക്ക് ഭക്തജനപ്രവാഹം. കുംഭമാസത്തിലെ പൂരം നാളിലാണ് ആറ്റുകാലമ്മയ്ക്ക് പൊങ്കാല സമര്പ്പിക്കുന്നത്.
പാതിവ്രത്യത്തിന്റെ പ്രതീകമായ കണ്ണകി മധുര ചുട്ടുചാമ്പലാക്കിയശേഷം കൊടുങ്ങല്ലൂരിലേക്കുള്ള യാത്രാമദ്ധ്യേയാണ് ആറ്റുകാലില് എത്തുന്നത്. ഒരു ബാലികയുടെ രൂപത്തില് കിള്ളിയാറിന്റെ തീരത്തെത്തിയ ഭഗവതി അവിടെ കുളിച്ചുകൊണ്ടുനിന്ന ദേവീഭക്തനായ മുല്ലുവീട്ടില് കാരണവരോട് തന്നെ അക്കരെ കടത്താന് ആവശ്യപ്പെട്ടു. അസാധാരണ ചൈതന്യം തുളുമ്പുന്ന ബാലികയെ അക്കരെ കടത്തിവിട്ട ആ കാരണവര്ക്ക് അന്ന് രാത്രിയില് ദേവി സ്വപ്നദര്ശനം നല്കി. താന് കടന്നുപോയ വഴിയില് മൂന്ന് വെളുത്തവരകള് തെളിയുമെന്നും അവിടെ പ്രതിഷ്ഠിച്ച് പൂജിക്കണമെന്നുമായിരുന്നു ദര്ശനം. അദ്ദേഹം ഇന്ന് ആറ്റുകാല്ക്ഷേത്രമിരിക്കുന്നിടത്ത് ഭഗവതി പറഞ്ഞ ദൃഷ്ടാന്തങ്ങള് കണ്ടെത്തുകയും അവിടെ ചെറിയ ഓലമേഞ്ഞ തെക്കത് പടുത്തുയര്ത്തി താല്ക്കാലികമായി ഒരു വിഗ്രഹവും വച്ച് പൂജ നല്കി. പ്രതിഷ്ഠ കഴിഞ്ഞതും അദ്ദേഹം പുത്തന് മണ്കലത്തില് നാഴി ഉണക്കലരി വേവിച്ച് നേദിച്ചു. ഇതാണ് അദ്യ പൊങ്കാല. പിന്നീട് നാട്ടുകാരില് അഞ്ച് സ്ത്രീകള് പൊങ്കാലനിവേദ്യം സമര്പ്പിച്ചു. ഇന്നുതന്നെ ഏറ്റവുമധികം സ്ത്രീകളെ ആകര്ഷിക്കുന്ന ക്ഷേത്രമായി വളര്ന്നുകഴിഞ്ഞു. ഏറ്റവുമധികം പൊങ്കാല നടക്കുന്ന തിരുസന്നിധിയെന്നനിലയില് ലോക ഗിന്നസ്സ് ബുക്കില് സ്ഥാനവും നേടി.
2:പൊങ്കാലയുടെ പ്രാധാന്യം വ്യക്തമാക്കാമോ?
'പൊങ്കല്' എന്ന വാക്കിന് 'സമൃദ്ധി', 'മുളയ്ക്കല്', 'ഉരയല്' എന്നൊക്കെ അര്ത്ഥം പറയാം. ജഗദീശ്വരിപൂജയും സൂര്യോപാസനയും ഒത്തുചേരുന്നതാണ് പൊങ്കാല. കര്ഷകര് കൊയ്ത്തുകഴിയുമ്പോള് ഇഷ്ടദേവതയായ ജഗദംബയ്ക്ക് പായസാന്നം നേദിക്കും. ഇതാണ് മകരപൊങ്കല് തുടര്ന്നുവരുന്ന മാട്ടുപ്പൊങ്കലും.
അതുപോലെ ഇവിടെ ആറ്റുകാലമ്മയ്ക്ക് പൊങ്കാല സമര്പ്പിക്കുമ്പോള് അത് സൂര്യോപാസന കൂടിയായി മാറുകയാണ്. മണ്കലം ശരീരവും തിളച്ചുമറിയുന്ന പായസം മനസ്സുമാണ്. കാമ, ക്രോധ, ലോഭ, മദ, മത്സരാദി അഷ്ടരാഗങ്ങള് തിളച്ചുമറിഞ്ഞ് ആവിയായി പോകും. ശേഷിക്കുന്ന ശുദ്ധമനസ്സായ പൊങ്കാല നിവേദ്യം പ്രപഞ്ച ചൈതന്യമായ സൂര്യദേവനെ സാക്ഷിയാക്കി ദേവിപാദങ്ങളില് സമര്പ്പിക്കുന്ന മഹത്തായ ചടങ്ങാണ് പൊങ്കാല.
3:പൊങ്കാല സമര്പ്പിക്കാന് എത്ര ദിവസത്തെ വ്രതം വേണം?
കാപ്പുകെട്ട് തുടങ്ങുന്നതുമുതല് പൊങ്കാലവരെ ഒന്പതുദിവസവും വ്രതമെടുക്കുന്നത് സര്വ്വൈശ്വര്യപ്രദം.
കണ്ണകി ബാലികാരൂപത്തില് ആറ്റുകാലില് ദര്ശനം നല്കിയശേഷം വടക്കോട്ട് തിരിച്ച് കൊടുങ്ങല്ലൂരമ്മയായി മാറിയെന്നാണ് ഐതിഹ്യം. ആറ്റുകാലില് ഉത്സവം തുടങ്ങുന്നത് ഒന്നാം ഉത്സവദിനമായ കാര്ത്തികനാളില് കൊടുങ്ങല്ലൂരമ്മയെ ക്ഷണിച്ചുവരുത്തുന്ന പവിത്രവും പുണ്യവുമായ ചടങ്ങോടെയാണ്. അന്നുമുതല് കണ്ണകീചരിതം തോറ്റംപാട്ടായി പാടിത്തുടങ്ങും. 'ആറ്റുകാല്ക്ഷേത്രത്തിലെ കാപ്പുകെട്ട് ചടങ്ങിന് കൊടുങ്ങല്ലൂരമ്മേ ആഗതയാകണേ' എന്ന് അകമഴിഞ്ഞ് പ്രാര്ത്ഥിച്ചും അപേക്ഷിച്ചും ക്ഷേത്രപൂജാരിമാര് നടത്തുന്ന പൂജകളെ പ്രകീര്ത്തിച്ചുമാണ് പ്രധാന പാട്ടുകാരന്(ആശാന്) കണ്ണകീ ചരിതം തോറ്റംപാട്ട് തുടങ്ങുന്നത്. അന്നുമുതല് പത്താംനാള് പൊലിപ്പാട്ട് പാടിയുള്ള കാപ്പഴിക്കല്വരെ കൊടുങ്ങല്ലൂരമ്മയുടെ സാന്നിദ്ധ്യം ആറ്റുകാല് ഉണ്ടെന്നാണ് വിശ്വാസം. ആയതിനാല് ഒന്പതുദിവസവും വ്രതമെടുത്ത് പൊങ്കാല സമര്പ്പിക്കുന്നത് വളരെ നന്ന്. അതിന് കഴിയാത്തവര് സാധാരണ വ്രതമായി പൊങ്കാല ദിവസമോ, മൂന്നുദിവസമോ എങ്കിലും വ്രതമെടുക്കേണ്ടതാണ്.
പൊങ്കാല വ്രതമെടുക്കുന്ന സ്ത്രീ ആറ്റുകാലമ്മയുടെ പ്രതിരൂപമാണ്. ശുദ്ധവൃത്തി, കുളി, സസ്യാഹാരം, രണ്ട് നേരവും ദേവീസ്തുതികള് ചൊല്ലുക, പ്രാര്ത്ഥന, തികഞ്ഞ ശ്രദ്ധയും ഭക്തിയും ഒക്കെ നിര്ബന്ധം. ദേവീ ചിന്തമാത്രമേ മനസ്സിലുണ്ടാകാവൂ.

No comments:

Post a Comment