Saturday, 17 June 2017

നിരണം തൃക്കപാലീശ്വരം മഹാദേവക്ഷേത്രം

നിരണം തൃക്കപാലീശ്വരം മഹാദേവക്ഷേത്രം
പുരാതന കാലംതൊട്ടുതന്നെ പല അത്ഭുത കഥകൾക്കും പേരുകേട്ട ക്ഷേത്രമാണ് തൃക്കപാലീശ്വരം ക്ഷേത്രം.
പത്തനംതിട്ട ജില്ലയിലെ നിരണത്ത് സ്ഥിതിചെയ്യുന്ന പുരാതന ശിവക്ഷേത്രമാണ് നിരണം തൃക്കപാലീശ്വരം മഹാദേവക്ഷേത്രം. ഭാരതത്തിലെ 108 ശിവക്ഷേത്രങ്ങളിൽ പറയുന്ന മൂന്നു തൃക്കപാലീശ്വരങ്ങളിൽ ഒന്നാണിത്. മറ്റുള്ള രണ്ടു തൃക്കപാലീശ്വരങ്ങൾ പെരളശ്ശേരിയിലും, നാദാപുരത്തും ആണ്. നിരണം തൃക്കപാലീശ്വരം മഹാദേവക്ഷേത്രത്തിലെ പ്രതിഷ്ഠ നടത്തിയത് പരശുരാമനാണ്. ഇവിടെ ശിവപ്രതിഷ്ഠാ സങ്കല്പം ദക്ഷിണാമൂർത്തിയാണ്. തൃക്കപാലീശ്വരം ക്ഷേത്രദർശനം വിദ്യാസമ്പത്തിനു വിശേഷമാണ്.
പുൽപള്ളി ശ്രീ സീതാദേവി ക്ഷേത്രലുള്ളത് പോലെ ഇവിടെ ഉള്ള ദേവീരൂപങ്ങളിലുള്ള സപ്തമാതാക്കളുടെ പ്രതിഷ്ഠ വളരെ പ്രത്യേകതയുള്ളതാണ്. മറ്റു പ്രധാനക്ഷേത്രങ്ങളിൽ ദക്ഷിണഭാഗത്തായി ബലിക്കല്ലുരൂപത്തിലാണ് സപ്തമാതൃക്കളെ പ്രതിഷ്തിച്ചിരിക്കുന്നത്. ഇവിടെ അവർക്കായി പ്രത്യേക പ്രതിഷ്ഠകൾ ഉണ്ട്. ആദി പരാശക്തിയുടെ വിഭിന്നരൂപങ്ങളാണ് സപ്തമാതാക്കാൾ. ദേവീമാഹാത്മ്യത്തിൽ സപ്തമാതാക്കളെപറ്റി പറയുന്നുണ്ട്. ബ്രഹ്മാണി, വൈഷ്ണവി, മഹേശ്വരി, കൌമാരി, വരാഹി, ഇന്ദ്രാണി, ചാമുണ്ഡി എന്നീ ദേവിമാരാണ്‌ സപ്തമാതാക്കൾ. മറ്റുക്ഷേത്രങ്ങളിലൊന്നും കാണാത്ത പ്രതിഷ്ഠയാണ് ഇത്.
കണ്ണശ്ശ കവികൾ എന്നു പ്രസിദ്ധരായ നിരണം കവികൾക്കു ജ്ഞാനോദയം കൊടുത്ത് അനുഗ്രഹിച്ചത് ഇവിടുത്തെ തൃക്കപാലീശ്വര ദക്ഷിണാമൂർത്തിയാണ്.
ഈ തിരുനടയിൽ ഇരുന്നാണ് അവർ കണ്ണശ്ശരാമായണം മലയാളത്തിന് സമർപ്പിച്ചത്.
വളരെ പുരാതനക്ഷേത്രമാണിത്. പമ്പാനദിയുടേയും മണിമലയാറിന്റേയും മദ്ധ്യത്തിലുള്ള പ്രദേശമാണ് നിരണം. ക്ഷേത്രം നിരവധി പ്രത്യേകതകളാൽ സമ്പന്നമാണ്. ഇവിടുത്തെ ശിവലിംഗം, നന്ദികേശ്വര പ്രതിഷ്ഠ, സപ്തമാതൃപ്രതിഷ്ഠകൾ, സർപ്പ സാന്നിധ്യം എന്നിവ അവയിൽ ചിലതുമാത്രമാണ്. അത്യധികം സുന്ദരമായ ജീവൻ തുടിക്കുന്ന ഋഷഭവാഹനം മറ്റൊരു പ്രത്യേകതയാണ്. താന്ത്രിക വിധി പ്രകാരം പ്രത്യേകം പൂജകളും നേദ്യങ്ങളും മറ്റു വഴിപാടുകളും ഇവിടെ പതിവുണ്ട്.
ക്ഷേത്രത്തിലെ കൂവളത്തിൽ പതിവായി ഒരു നാഗം ഉണ്ടാവാറുണ്ട്. വളരെ വർഷങ്ങൾക്കുമുൻപു മുതൽക്കേ ഈ സർപ്പസാന്നിധ്യം ഇവിടെയുണ്ടായിരുന്നതായി ചരിത്രകാരന്മാർ പറയുന്നു. പണ്ടു ഇവിടെ ഉണ്ടായിരുന്ന കൂവളം നശിക്കുകയും ഈ അടുത്തിട ഒരു പുതിയ കൂവളം ക്ഷേത്ര പരിസരത്തു വളർന്നു വരികയും അതിൽ പതിവായി ഒരു സർപ്പം ചുറ്റികിടക്കുന്നുമുണ്ട്. ഈ സർപ്പ സാന്നിധ്യം ധാരാളം ഭക്തരെ ക്ഷേത്രത്തിലേക്ക് എത്തിക്കുന്നു.
സാധാരണ ക്ഷേത്രങ്ങളിൽ ഉത്സവ സംബന്ധിയായി കൊടിയേറ്റു നടത്തുമ്പോൾ ഇവിടെ ഓലക്കുടയാണ് കൊടിമരത്തിലേറ്റുക.
തിരുവല്ല നിരണം ഗ്രാമത്തിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. തിരുവല്ല റെയിൽവേ സ്റ്റേഷനിൽ നിന്നും, ബസ്സ്റ്റാൻഡിൽ നിന്നും മാവേലിക്കര റൂട്ടിൽ യാത്രചെയ്യുമ്പോൾ ആലംതുരുത്തി പാലം ജംഗഷനിൽ ഇറങ്ങിയാൽ ക്ഷേത്ര ഗോപുരം കാണാം. കേരളാ ക്ഷേത്ര സമിതിയുടെ കീഴിലാണ് തൃക്കപാലീശ്വരം ക്ഷേത്രം.

No comments:

Post a Comment