Thursday, 3 August 2017

ഹിഡിംബ ക്ഷേത്രം -മനാലി,ഹിമാലയം

ഹിഡിംബ ക്ഷേത്രം -മനാലി,ഹിമാലയം
•••••••••••••••••••••••••••••••••••••••••••
ഹിമാചൽ പ്രദേശിൽ മണാലിയിലെ കുളു ജില്ലയിലാണ് ഹിഡിംബ ക്ഷേത്രം.. ഹിമാലയൻ താഴ്വരകളിലെ നിബിഡ വനത്തിനു നടുക്കാണ് ഹിഡിംബ തപസ്സു ചെയ്ത ഗുഹ. ദുഗിരി എന്നും ഈ പ്രദേശം അറിയപ്പെടുന്നു. ദേവി ഹിഡിംബയുടെ കാല്പാദം പതിഞ്ഞ ശിലയാണ് ഈ ക്ഷേത്രത്തിൽ ആരാധിക്കുന്നത്.
കഥ
.......
അരക്കില്ലത്തിൽ നിന്നും രക്ഷപെട്ട പാണ്ഡവർ വനാന്തരങ്ങളിൽ അലഞ്ഞു നടന്നു. അവിടെ കാട്ടിനുള്ളിൽ താമസിച്ചിരുന്ന അതിശക്തനായ രാക്ഷസൻ ഹിഡിംബന്റെ സഹോദരി ഹിഡിംബ പാണ്ഡവരിൽ രണ്ടാമനായ ഭീമനെ പ്രണയിച്ചു. വിവാഹ അഭ്യർത്ഥന നടത്തി. അപ്പോഴേക്കും ഹിഡിംബൻ പാണ്ഡവരെ കൊല്ലാൻ അടുക്കുകയും ഘോര യുദ്ധത്തിന് ശേഷം ഭീമൻ ഹിഡിംബനെ വധിക്കുകയും ചെയ്തു.
മാതാവായ കുന്തിയുടെ നിർദ്ദേശം അനുസരിച്ചു ഭീമൻ ഹിഡിംബയെ വിവാഹം കഴിച്ചു. അവർക്ക് ജനിച്ച പുത്രനാണ് ധീരനായ ഘടോത്കചൻ. പാണ്ഡവർ നാട്ടിലേക്കു പോയപ്പോൾ ഹിഡിംബ അവർക്കൊപ്പം പോയില്ല.. കാട്ടിൽ ഒരു ഗുഹയിൽ തപസ്സു ചെയ്തു.
അങ്ങനെ ഹിഡിംബ തപസ്സിൽ നിന്നും ശക്തി നേടി ദേവി തുല്യയായി തീർന്നു. ദേവി തപസ്സു ചെയ്തിരുന്ന ശിലയാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠ.
ആദ്യകാലത്തു ദേവിയുടെ ശിഷ്യർ കാട്ടിൽ പണിത ക്ഷേത്രം.. പുനർ നിർമ്മിച്ചതു AD 1553-ൽ രാജ ബഹാദൂർ സിംഗ് ആണ്
മരത്തടിയിൽ ആണ് ഈമനോഹരക്ഷേത്രം പണിതിരിക്കുന്നത്

മണ്ണാറശാല നാഗരാജക്ഷേത്രം

മണ്ണാറശാല നാഗരാജക്ഷേത്രം

നാഗരാജാവിന്റെ അവതാരദിനമായി കേരളീയര്‍ ആചരിക്കുന്നത് കന്നിമാസത്തിലെ ആയില്യമാണ്. എന്നാല്‍ മണ്ണാറശ്ശാലയില്‍ തുലാമാസത്തിലും കന്നിമാസ ആയില്യത്തിനു തുല്യമായി കൊണ്ടാടപ്പെടുന്നു. "മണ്ണാറശ്ശാല ആയില്യം" ഇന്ന് ലോക പ്രസിദ്ധമാണ്. ആലപ്പുഴ ജില്ലയിലെ കാര്‍ത്തികപ്പള്ളി താലൂക്കില്‍ ഹരിപ്പാട് നിന്നും ഏകദേശം 3 കി.മീ വടക്ക് പടിഞ്ഞാറായിട്ടാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് . കിഴക്കോട്ടു ദര്‍ശനമുള്ള ഇവിടുത്തെ പ്രധാന പ്രതിഷ്ഠ വാസുകിയും സര്‍പ്പയക്ഷിയുമാണ്.

ദ്വാപര യുഗത്തില്‍ ഭഗവാന്‍ ശ്രീകൃഷ്ണന്റെ സഹായത്തോടെ അര്‍ജ്ജുനന്‍ ഖാണ്ടവ ദഹനം ഭാരത വര്‍ഷത്തിലെ വിസൃതമായ വനപ്രദേശങ്ങള്‍ അഗ്നിക്കകപ്പെട്ടു. ഭൂമിയ്ക്ക് ചൂടേറി സര്‍പ്പങ്ങള്‍ ചത്തൊടുങ്ങാന്‍ തുടങ്ങി. തതവസരത്തില്‍ ഈ പ്രദേശത്തു താമസിച്ചിരുന്ന ഒരമ്മ ആറ്റില്‍ നിന്നും വെള്ളം കോരിയെടുത്ത്‌ ഭൂമിയില്‍ ഒഴിച്ച് തണുപ്പിച്ചു. അങ്ങനെ വെള്ളം വീണ് മണ്ണാറിയ ആ സ്ഥലത്തിന് മണ്ണാറശ്ശാല എന്നു പെരുവന്നുവെന്നും വിശ്വാസം. ആ അമ്മയുടെ കുടുംബത്തിലെ അമ്മമാരാണ് ഇപ്പോഴും മണ്ണാറശ്ശാല അമ്മ.

പരശുരാമനാണ് കേരളത്തിലെ നാഗാരാധനയ്ക്ക് ആരംഭം കുറിച്ചത് . കേരളം സൃഷ്ടിച്ചപ്പോള്‍ പാമ്പുകളുടെ ആധിക്യവും ജലത്തിലെ ലവണാംശ കൂടുതലും കാരണം ഭൂമി വാസ യോഗ്യമല്ലാതായി .ഇതിനാല്‍ പരശുരാമന്‍ ശ്രീ പരമേശ്വരനെ തപസ്സു ചെയ്തു ഉപദേശം സ്വീകരിച്ചു .അനന്തരം വീണ്ടും തപസ്സനുഷ്ടിച്ച് നാഗരാജനായ അനന്തനെയും സര്‍പ്പ ശ്രേഷ്ടനായ വാസുകിയെയും പ്രത്യക്ഷപെടുത്തി. സര്‍പ്പങ്ങള്‍ക്ക് പ്രത്യേക വാസസ്ഥലം നല്‍കുകയും പൂജകള്‍ ചെയ്യുകയും ചെയ്‌താല്‍ സര്‍പ്പ ശല്യം ഉണ്ടകുകയില്ലന്നും ,ജലത്തിലെ ലാവണാംശ നിവാരണത്തിനു അവരെ നിയോഗിക്കയും ചെയ്തു. പരശുരാമന്‍ വിഷ്ണുസ്വരൂപമായ അനന്തനേയും ശിവമയമായ വാസുകിയേയും മണ്ണാറശ്ശാലയില്‍ പ്രതിഷ്ടിച്ചു എന്നും ഒരു ഐതീഹ്യം ഉണ്ട്.

ഈ ക്ഷേത്രത്തില്‍ ആയില്യവുമായി ബന്ധപ്പെട്ടു നടക്കുന്ന പ്രധാന വിശേഷമാണ് ആയില്യം എഴുന്നെള്ളത്ത്. ആയില്യം നാളില്‍ മണ്ണാറശ്ശാല അമ്മ ക്ഷേത്രത്തില്‍ നിന്ന് നാഗരാജാവിനെ ഇല്ലത്തേയ്ക്ക് എഴുന്നള്ളിക്കുന്ന ഭക്തിനിര്‍ഭരമായ ചടങ്ങാണ് ആയില്യം എഴുന്നെള്ളത്ത്. അമ്മയുടെ ഇല്ലത്തെ നിലവറയില്‍ കുടികൊള്ളുന്ന അനന്ത സാന്നിധ്യത്തിന്റെയും ക്ഷേത്രത്തിലെ വാസുകീ ചൈതന്യത്തിന്റെയും ഒരു കൂടിച്ചേരലായി ഈ ചടങ്ങ് സങ്കല്‍പ്പിക്കപ്പെടുന്നു. എഴുന്നെള്ളത്തിനായി ക്ഷേത്രകുളത്തില്‍ നിന്നും കുളിച്ചു വന്നു അമ്മ ശ്രീകോവിലിനുള്ളില്‍ പ്രവേശിച്ചു കൊവിലിനുള്ളില്‍ നിനും കൂത്ത് വിളക്കിലെയ്ക്ക് ദീപം പകരും. ഈ സമയം ശംഖു, വായ്ക്കുരവ, തിമിലപ്പാണി എന്നിവ മുഴങ്ങി കേള്‍ക്കും. തുടര്‍ന്ന് അമ്മ നാഗരാജവിന്റെ തിരുമുഖവും നാഗഫണവുമായി ശ്രീകോവിലിനു പുറത്തേയ്ക്ക് എഴുന്നെള്ളും. കുടുംബത്തിലെ ഇളയമ്മ സര്‍പ്പയക്ഷിയുടെയും കാരണവന്‍മാര്‍ നാഗചാമുണ്ടിയുടേയും , നാഗയക്ഷിയുടേയും വിഗ്രഹവുമായി അമ്മയെ അനുഗമിക്കും. സര്‍വ്വവിധ രാജചിഹ്നങ്ങളോടും കൂടിയുള്ള എഴുന്നെള്ളത്ത് ക്ഷേത്രത്തിന് വലംവെച്ച്‌ ഇല്ലത്തെ നിലവറയ്ക്കു സമീപമുള്ള തെക്കേതളത്തില്‍ എത്തുന്നതോടെ അവസാനിക്കും. ശേഷം ഇല്ലത്ത് പൂജ, നൂറുംപാല്‍ സര്‍പ്പബലി, ഗുരുതി പൂജ എന്നിവ നടക്കും. ഈ പൂജകള്‍ കഴിയുമ്പോള്‍ അമ്മ ഭഗവത് ചൈതന്യമുള്‍കൊണ്ട് കൂത്തുവിളക്കിന്റെ അകമ്പടിയോടു കൂടി തിരികെ ക്ഷേത്രത്തില്‍ മടങ്ങിയെത്തും. ഈ എഴുന്നെള്ളത്തു ദര്‍ശിച്ച് ആയില്യം തൊഴുതു മടങ്ങിയാല്‍ നാഗദേവതാ പ്രീതിയിലൂടെ സന്താനഭാഗ്യം, രോഗശമനം, ധനാഭിവൃദ്ധി, ദാമ്പത്യസുഖം തുടങ്ങീ സര്‍വ്വൈശ്വര്യങ്ങളും കൈവരുമെന് വിശ്വാസം.

സമാനതകളില്ലാത്ത പുണ്യഭൂമിയായ മണ്ണാറശാല നാഗചൈതന്യത്തിന്റെ പ്രഭവ കേന്ദ്രം കൂടിയാണ്. ഐതിഹ്യവും ചരിത്രവും ഇഴചേര്‍ന്നു കിടക്കുന്നതാണ് മണ്ണാറശാല നാഗരാജ ക്ഷേത്രം. ആലപ്പുഴ ജില്ലയിലെ ഹരിപ്പാടിനടുത്താണ് മണ്ണാറശാല. തിരുവനന്തപുരം എറണാകുളം ദേശീയപാതയില്‍ ഹരിപ്പാട്ടു നിന്നും രണ്ടു കിലോമീറ്റര്‍ വടക്കുപടിഞ്ഞാറാണു ക്ഷേത്രം. മണ്ണാറശാല ശ്രീ നാഗരാജ ക്ഷേത്രം ലോകോത്തര നാഗാരാധന കേന്ദ്രം കൂടിയാണ്.

മനുഷ്യന്‍ ഒരുപക്ഷേ ഏറ്റവും ഭയപ്പെടുന്ന ഒരു ജീയാണ് പാമ്പ്. സര്‍പ്പാരാധന ഒരു പാരമ്പര്യമായി കൊണ്ടുനടന്ന നമ്മപടെ സമൂഹത്തിന് മണ്ണാറ ശാലയെ ഒരിക്കലും വിസ്മരിക്കാന്‍ പറ്റില്ല. ഈ സര്‍പ്പാരാധനയിലൂടെ ഒരു പ്രകൃതി സംരക്ഷണം പോലും നടക്കുന്നു. കാവുകളും സര്‍പ്പക്കാവുകളും അന്യമാകുന്ന ഇക്കാലത്ത് മണ്ണാറ ശാല ഒരു വിസ്മയം തന്നെ.

സര്‍വം സഹയായ അമ്മയാണ് മണ്ണാറശാല ക്ഷേത്രത്തിലെ മുഖ്യ പൂജാരിണി. മരണമില്ലാത്ത അനന്തനും നാഗരാജാവും സര്‍പ്പയക്ഷിയും നാഗയക്ഷിയും നാഗചാമുണ്ഡിയുമെല്ലാം ഭക്തര്‍ക്ക് അനുഗ്രഹം നല്‍കി ഇവിടെ വസിക്കുന്നു.

മണ്ണാറശാലയുടെ ഐതിഹ്യം കേരളോത്പത്തി കഥയുമായി ബന്ധപ്പെട്ടവയാണ്. പരശുരാമന് കേരളം സൃഷ്ടിച്ച ശേഷം പരദേശങ്ങളില്‍ നിന്നു ബ്രാഹ്മണരെ ഇവിടെ കൊണ്ടുവന്നു പാര്‍പ്പിച്ചു. സര്‍പ്പങ്ങള്‍ നിറഞ്ഞിരുന്നതിനാലും ഉപ്പുരസം അധികരിച്ചിരുന്നതിനാലും മനുഷ്യവാസം അസാധ്യമായി. ശിവന്റെ നിര്‍ദേശ പ്രകാരം സര്‍പ്പരാജാവായ വാസുകിയെ പരശുരാമന്‍ തപസു ചെയ്ത് പ്രത്യക്ഷപ്പെടുത്തി വാസുകിയുടെ നിര്‍ദേശപ്രകാരം സര്‍പ്പങ്ങള്‍ ജലത്തിലെ ഉപ്പു നീക്കി ബ്രാഹ്മണാധിവാസം സാധ്യമാക്കി.

മനുഷ്യര്‍ക്ക് ഉപദ്രവമുണ്ടാകാത്ത വിധം സര്‍പ്പങ്ങളെ കാവുകളുണ്ടാക്കി പാര്‍പ്പിച്ച് പൂജിക്കുകയും ആരാധിക്കുകയും ചെയ്താല്‍ നാടിനും ജനതയ്ക്കും ഐശ്വര്യവും സമൃദ്ധിയും ഉണ്ടാകുമെന്ന വാസുകി അരുളിപ്പാട് നല്‍കി.വാസുകിയുടെ അരുളിപ്പാട് യാഥാര്‍ഥ്യമാക്കാന്‍ അനുയോജ്യമായ പ്രദേശം തേടി പരശുരാമന്‍ യാത്ര തുടര്‍ന്നു. പൂവിട്ട മന്ദാരം കാറ്റിലിളകുന്ന ഒരു കാനനപ്രദേശം കണ്ടെത്തി. ഇവിടമാണ് മന്ദാരശാല.

മഹാഭാരതത്തിലെ ഖാണ്ഡവ വനമായി കരുതുന്ന, പത്തിയൂര്‍ മുതല്‍ കുട്ടനാട് വരെയുള്ള വനപ്രദേശം അക്കാലത്ത് അഗ്‌നി ബാധയേറ്റ്് വെന്തെരിഞ്ഞു. തീജ്വാലകള്‍ മന്ദാരശാലയുടെ അതിരുകള്‍ വരെയെത്തി. പൊള്ളലേറ്റ നാഗങ്ങളെ, സന്താന സൗഭാഗ്യമില്ലാത്തതിനാല്‍ അതീവ ദുഃഖിതയായി കഴിഞ്ഞിരുന്ന ബ്രാഹ്മണപത്‌നി പാല്, തേന്, കരിക്കിന്‍ വെള്ളം മഞ്ഞള്‍പൊടി എന്നിവ തൂകി രക്ഷപെടുത്തുകയും ഇവിടം വെള്ളം കോരിയൊഴിച്ച് തണുപ്പിക്കുകയും ചെയ്തു. ഇങ്ങനെ മന്ദാരശാല മണ്ണാറശാലയായെന്നും മണ്ണാറിയശാല മണ്ണാറശാലയായെന്നും ഐതിഹ്യത്തില്‍ പരാമര്‍ശമുണ്ട്.

മൂര്‍ത്തിത്രയ രൂപിയായ വാസുകിയെ സര്‍പ്പയക്ഷി, നാഗയക്ഷി എന്നീ കളത്രങ്ങളോടും നാഗചാമുണ്ഡി എന്ന ഭഗിനിയോടും പരിവാരങ്ങളായ നാഗങ്ങളോടും കൂടി ഇവിടെ പ്രതിഷ്ഠിച്ചു. ഇരിങ്ങാലക്കുട ഗ്രാമത്തില്‍ നിന്നും പണ്ഡിതനായ ഒരു ബ്രാഹ്മണനെ പരശുരാമന്‍് നാഗപൂജയ്ക്കായി നിയോഗിക്കുകയും പൂജാമന്ത്രങ്ങളും ക്രമങ്ങളും കൈമാറുകയും ചെയ്തു. മണ്ണാറശാല ക്ഷേത്രത്തിനു സമീപം ഈ ബ്രാഹ്മണന്‍ താമസിച്ചിരുന്ന എരിങ്ങാടപ്പള്ളി ഇല്ലം ഇപ്പോഴുമുണ്ട്.

ഇരിങ്ങാലക്കുടയിലേതുപോലെ പിന്നീട് ബ്രാഹ്മണന്‍ സര്‍പ്പസ്ഥാനത്തിനു സമീപം ഗൃഹം വെച്ച് കുടുംബ സമേതം താമസമായി. ഇതാണ് ഇപ്പോഴത്തെ മണ്ണാറശാല ഇല്ലം. ബ്രാഹ്മണന്റെ പരമ്പരയിലെ ഒരമ്മ കാട്ടുതീയില്‍ പെട്ട നാഗങ്ങളെ രക്ഷിച്ച അതീവ പുണ്യ പ്രവൃത്തി ചെയ്തതിനാല്‍ അമ്മയുടെ മകനായി അഞ്ചു തലകളോടു കൂടിയ ഒരു സര്‍പ്പശിശുവും ഒരു മനുഷ്യശിശുവും ജനിച്ചു. സര്‍പ്പശിശു നാഗരാജാവായി നിലവറ പൂകുകയും മനുഷ്യശിശു ഗൃഹസ്ഥാശ്രമിയുമായി.

നിലവറയിലെ മുത്തശ്ശനെന്ന് ഇല്ലത്തുള്ളവര്‍ ഭക്ത്യാദരവോടെ വിളിക്കുന്ന നാഗരാജാവിന്റെ അഭീഷ്ട പ്രകാരമാണ് അതതു കാലത്ത് മൂപ്പുള്ള അമ്മ ഇവിടെ മുഖ്യ പൂജാരിണിയായത്. ഇതും മണ്ണാറശാലയ്ക്കു മാത്രമുള്ള അപൂര്‍വതയാണ്. കുടുംബത്തിലെ ഏറ്റവും മുതിര്‍ന്ന അംഗത്തിന്റെ പത്‌നിയാണ് അമ്മ സ്ഥാനത്തെത്തുന്നത്.

കന്നി, തുലാം, കുംഭം മാസങ്ങളിലെ ആയില്യ ദിവസങ്ങളും മഹാശിവരാത്രിയുമാണ് ക്ഷേത്രത്തിലെ പ്രധാന ആട്ടവിശേഷങ്ങള്‍.

ഉരുളി കമിഴ്ത്ത്

മണ്ണാറശാലയ്ക്കു മാത്രം കാണുന്ന സവിശേഷമായ വഴിപാടാണ് ഉരുളി കമഴ്ത്ത്. സന്താന ഭാഗ്യമില്ലാത്ത ദമ്പതികള്‍ ഇവിടെയെത്തി ഉരുളിയുമായി ക്ഷേത്രപ്രദക്ഷിണം നടത്തി നടയ്ക്കു വയ്ക്കണം. വലിയമ്മ ഇത് നിലവറയില്‍ കമഴ്ത്തും. ഇതിനുളളില്‍ സര്‍പ്പം തപസിരിക്കുന്നതായാണു വിശ്വാസം. കുട്ടിയുണ്ടായി ആറു മാസത്തിനു ശേഷം കുട്ടിയുമായെത്തി ഉരുളി നിവര്‍ത്തണമെന്നാണു വിധി. ആയിരക്കണക്കിനു ഭക്തരാണ് ഉരുളി കമഴ്ത്തലിനായി മണ്ണാറശാലയില്‍ എത്തുന്നത്.

മുത്തശനെന്നും അപ്പൂപ്പനെന്നും വിളിക്കപ്പെടുന്ന അഞ്ചു ശിരസുള്ള നാഗഭഗവാന്റെ വിഹാരകേന്ദ്രമായി ക്ഷേത്രത്തിന്റെ വടക്കുഭാഗത്ത് അപ്പൂപ്പന്‍ കാവ് സ്ഥിതിചെയ്യുന്നു.

സര്‍പ്പം പാട്ടും തുള്ളലും ഇവിടത്തെ പ്രധാന ആരാധനയാണ്. ഇല്ലത്തിന്റെ തെക്കേ മുറ്റത്ത് ഓരോ 41 വര്‍ഷം കൂടുമ്പോഴുമാണ് സര്‍പ്പം പാട്ടു നടത്തുന്നത്.

ആയില്യ പൂജയും വളരെ പ്രധാനമാണ്. അതീവ പ്രാധാന്യമുള്ള ആയില്യംപൂജ നടത്താന്‍ വലിയമ്മയ്ക്കു മാത്രമാണ് അവകാശം

Sunday, 16 July 2017

🕉ക്ഷേത്ര പരിചയം🕉

🕉ക്ഷേത്ര പരിചയം🕉

അച്ചൻകോവിൽ ശ്രീ ധർമ്മശാസ്താ ക്ഷേത്രം

അച്ചൻകോവിൽ അരസേ ശരണമയ്യപ്പോ.
🕉🕉🕉🕉🕉🕉🕉🕉🕉

കൊല്ലം ജില്ലയിൽ പുനലൂരിൽ നിന്നും കിഴക്കോട്ടു സഞ്ചരിച്ചു സഹ്യ പർവത താഴ്‌വരയിൽ വനമദ്ധ്യ ഗ്രാമമായ അച്ചൻകോവിലിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രം..

പൂർണ്ണാ പുഷ്കലാ  എന്നീ പത്നിമാരോടൊപ്പം ഗൃഹസ്ഥാശ്രമി ഭാവത്തിൽ ആണ് ഇവിടെ ഭഗവാൻ വാഴുന്നത്..
തമിഴ് ശൈലിയിൽ നിർമിച്ച ശ്രീകോവിലിൽ ശാസ്താ പ്രതിഷ്ഠക്ക് ചേർന്നു തന്നെ  വലതു വശത്ത് പൂർണ്ണാ ദേവിയും ഇടതു വശത്ത് പുഷ്കലാ ദേവിയേയും പ്രതിഷ്ഠകൾ ദർശിക്കാം..
ക്ഷേത്രം തമിഴ്ശൈലിൽ ആണെങ്കിലും പൂജകൾ എല്ലാം കേരള രീതികൾ ആണ്..  എന്നിരുന്നാലും ചില തമിഴ് ആചാരങ്ങളും നിലവിൽ ഉണ്ട്...

നാടിനും നാട്ടാർക്കും രാജാവ്‌ എന്ന് സങ്കല്പത്തിൽ ഭഗവാനെ അച്ചൻകോവിൽ അരസൻ എന്നാണ് എന്നാണ് വിളികുന്നത്..
അച്ചൻകോവിൽ അരസ്സ് വിഷഹാരി കൂടി ആണ്.
ഏത് രാത്രിയും പാമ്പുകടിയേറ്റു ആരു വന്നാലും ശ്രീകോവിൽ തുറന്ന് ഭഗവാന്റെ തൃക്കയ്യിൽ വച്ചിരിക്കുന്ന ചന്ദനവും കിണറിലെ തീർത്ഥവും കൊടുകുന്നത് ആണ് ചികിത്സ.. എത്ര കൊടിയ വിഷവും ഏൽക്കാതെ പോകുന്നു എന്നതാണ് ഇന്നു വരെ ഉള്ള അനുഭവം.. വിഷം ഏറ്റയാൾ അന്നേ ദിവസം അവിടെ ഭജനം പാർക്കുന്നു...

🕉വൃശ്ചികം ധനു മാസങ്ങളിൽ വരുന്ന തിരുവുത്സവത്തിനു പുനലൂർ പുതിയിടം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ സൂക്ഷിച്ചിട്ടുള്ള തിരുവാഭരണങ്ങൾ ആണ് ചാർത്തുന്നത്..
തങ്ക വാൾ,  തിരുമുഖം,  കൈപ്പട്ടകൾ,  പട്ടബന്ധം, കവചം, കുണ്ഡലങ്ങൾ, മണിമാലകൾ, കിരീടം, ദേവിമാരുടെ മാലകളും കിരീടവും  എന്നിവ അടങ്ങിയതാണ്‌ തിരുവാഭരണം.. തിരുവിതാംകൂർ മഹാ രാജാവിന്റെ സമർപ്പണം ആണ് ഇവയെല്ലാം..

🕉🕉🕉
ശബരിമല തന്ത്രികൾക്ക് തന്നെ ആണ് ഇവിടയും താന്ത്രിക അവകാശം
(താഴ്മൺ മഠം,  ചെങ്ങന്നൂർ).

🕉🕉🕉🕉🕉
ശാസ്താവിന്റെ പഞ്ചാശ്രമ മഹാ പ്രതിഷ്ഠകൾ

1) കുളത്തുപ്പുഴ
(കൊല്ലം ജില്ല )
     🕉ബാല്യ ഭാവം 🕉

2)ആര്യൻകാവ്
(കൊല്ലം ജില്ല )
🕉യൗവന ഭാവം 🕉

3)അച്ചൻകോവിൽ
(കൊല്ലം ജില്ല)
🕉ഗൃഹസ്ഥൻ 🕉

4)ശബരിമല
(പത്തനംതിട്ട ജില്ല)
🕉 സന്യാസി ഭാവം 🕉

5)കാന്തമല
(കണ്ണുകൾ കൊണ്ട് ദൃശ്യം അല്ല ഈ ക്ഷേത്രം ....  പൊന്നമ്പലമേടെന്നു സങ്കൽപ്പിക്കുന്നു    )
🕉വാനപ്രസ്ഥം 🕉

Friday, 14 July 2017

കല്ലുകള്‍ കഥ പറയുന്ന മഹാബലിപുരം

കല്ലുകള്‍ കഥ പറയുന്ന മഹാബലിപുരം

മഹാബലിപുരം.... ചെന്നൈ നഗരത്തില്‍
കേട്ടതിനേക്കാള്‍ സുന്ദരം, കണ്ടിട്ടുള്ളതില്‍ അതിമനോഹരം. അത്ഭുതപ്പെടുത്തുന്ന കരവിരുത് കല്ലുളിയാല്‍ കൊത്തിവെച്ച മഹാചരിത്രത്തിന്റെ അടയാളങ്ങളെ നേരിട്ട് കണ്ടപ്പോള്‍ അറിയാതെ വാപൊളിച്ചു പോയി.

തമിഴ്നാടിന്റെ വരണ്ട ചരിത്രത്തില്‍ ഇടയ്ക്കിടെ ഉണ്ടായ വസന്തങ്ങളില്‍ ഒന്നിന്റെ ബാക്കിപത്രമാണ് മഹാബലിപുരം. മഹാബലിപുരത്ത് ചെന്ന് ഓട്ടോ പിടിച്ച് സ്ഥലങ്ങള്‍ കാണാന്‍ പോകരുത്. കാരണം പല സ്ഥലങ്ങളും അടുത്തടുത്തായാണ് നിലകൊള്ളുന്നത്. കാല്‍നടയായോ, സൈക്കിള്‍ വാടകയ്ക്കെടുത്തോ ചുറ്റി കാണാന്‍ സാധിക്കുന്നവയാണ് എല്ലാം. ഇന്ത്യന്‍ പുരാവസ്തു വകുപ്പിന്റെ കീഴില്‍ സംരക്ഷിത സ്മാരകമാണ് മഹാബലിപുരം. യുനസ്കോയുടെ ലോക പൈതൃകപദവിയുള്ള പ്രദേശം.

ഒറ്റക്കല്‍ മണ്ഡപങ്ങളും ശില്പങ്ങളും ക്ഷേത്രങ്ങളും അടങ്ങിയതാണ് മഹാബലിപുരത്തെ സ്മാരകങ്ങള്‍. പല്ലവ കലയുടെ ഉത്തമോദാഹരണം. സ്മാരകങ്ങളില്‍ ഭൂരിഭാഗവും പാറ തുരന്ന് നിര്‍മ്മിച്ചവയാണ്‌. പലതും ഒറ്റ പാറയാല്‍ നിര്‍മ്മിച്ചവയാണ് എന്ന് കേള്‍ക്കുമ്പോള്‍ ആശ്‌ചര്യം നമ്മെ കീഴടക്കും. വലിയ പാറ തുരന്നും കൊത്തുപണികള്‍ കൊണ്ടും അതിമനോഹരമായ കലാസൃഷ്‌ടി രൂപീകരിച്ചെടുത്ത അന്നത്തെ കലാകാരന്മാ‍രുടെ മുന്നില്‍ മനസാ വണങ്ങി ഓരോ ശില്പങ്ങളിലും വിരലുകളോടിച്ചു. ക്രിസ്തുവര്‍ഷം ഏഴു മുതല്‍ ഒമ്പത് നൂറ്റാണ്ടുകള്‍ വരെയുള്ള ചരിത്രമാണ് മഹാബലിപുരത്തെ ഓരോ ശില്പങ്ങളും പേറുന്നത്. ആ ചരിത്രകാലത്തെ എഴുത്ത് കൊണ്ട് എത്തിപ്പിടിക്കാനുള്ള ചെറിയ ശ്രമം മാത്രം. ക്രിസ്തു വര്‍ഷം ഏഴാം നൂറ്റാണ്ടില്‍ തെക്കന്‍ ഭാരതത്തിലെ പല്ലവ രാജവംശത്തിലെ രാജാക്കന്മാരാണ്‌, ഇന്ന് തമിഴ്നാടിന്റെ തലസ്ഥാനമായ ചെന്നൈ നഗരത്തിനു 60 കി.മീ തെക്കുള്ള ഈ നഗരം രൂപപ്പെടുത്തിയത്. പല്ലവരാജാവായിരുന്ന മാമല്ലന്റെ പേരിലാണ്‌ ഈ സ്ഥലം അറിയപ്പെടുന്നത്. സമുദ്രനിരപ്പില്‍ നിന്നും 12 മീറ്ററുകളോളം ഏതാണ്ട് 39 അടിയെങ്കിലും ഉയരത്തിലുള്ള ഈ പുരാതന നഗരം ഇന്ന് തമിഴ്നാട്ടിലെ കാഞ്ചിപുരം ജില്ലയിലാണ്. തിരുക്കടല്‍ മല്ലൈ - ഹിന്ദു ദൈവമായ വിഷ്ണുവിന്റെ ഒരു ആരാധനാലയം ആണിത്. ശില്പങ്ങളെ സം‌രക്ഷിക്കാനായി പല്ലവ രാജാക്കന്മാര്‍ നിര്‍മ്മിച്ചതാണ്‌ ഈ അമ്പലം. ഗംഗന്മാരുടെ പതനം - ശിലാ ശില്പം, അര്‍ജ്ജുനന്റെ തപസ്സ് - അതി ഭീമമായ ഒരു ശില്പം, വരാഹ ഗുഹാ ക്ഷേത്രം അഥവാ മഹിഷമര്‍ദ്ദിനി ഗുഹാക്ഷേത്രം - ഏഴാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ചത്,   തീരക്ഷേത്രം - ബംഗാള്‍ ഉള്‍ക്കടല്‍ തീരത്ത് പടിഞ്ഞാറ് മുഖമായി നിര്‍മ്മിക്കപ്പെട്ട ഒരു ക്ഷേത്രം തുടങ്ങിയവയാണ് മഹാബലിപുരത്ത് കാഴ്ചയുടെ വിസ്മയമായി നിലകൊള്ളുന്നത്

കൂട്ടത്തില്‍ കല്ലില്‍ കൊത്തിയ അഞ്ച് രഥങ്ങള്‍, അത് അത്ഭുതം തന്നെയാണ്. പിരമിഡ് ആകൃതിയില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ ക്ഷേത്രങ്ങള്‍, പാണ്ഡവ ക്ഷേത്രമായി കണക്കാക്കുന്നു. എന്നാല്‍ ഇത് ഒരേ കാലത്ത് നിര്‍മ്മിച്ചതല്ലെന്നാണ് പുരാവസ്തു ഗവേഷകര്‍ പറയുന്നത്. കാരണം ഇതില്‍ പല ശില്പങ്ങളുടെയും നിര്‍മ്മാണത്തില്‍ കാലത്തിന്റെ വ്യത്യാസം കാണാമെന്നാണ് അവര്‍ പറയുന്നത്. ഒരു ചരിത്ര വിദ്യാര്‍ഥി അല്ലാത്തതിനാലും ശില്‍പ്പങ്ങളുടെ സൌന്ദര്യത്തെ കാലമനുസരിച്ച് വേര്‍തിരിക്കാന്‍ ആഗ്രഹിക്കാത്തതിനാലും അക്കാര്യമൊക്കെ ഒരു ചെവിയില്‍ നിന്ന് മറുചെവിയിലൂടെ പുറത്തു കളഞ്ഞു. എങ്കിലും ക്ഷേത്രം ഹൃദയഹാരിയാണ്. അഞ്ചു രഥങ്ങളും കാഴ്ചയില്‍ വ്യത്യാസമാണെങ്കിലും എല്ലാം ഒന്നിനൊന്ന് മെച്ചമാണ്. ഏറ്റവും വലിയ രഥം പാണ്ഡവരില്‍ വല്യേട്ടനായ യുധിഷ്ഠിരനുള്ളതാണ്. നകുലനും സഹദേവനും ഒറ്റ രഥമാണുള്ളത്. എന്നാല്‍ പാഞ്ചാലിക്ക് ചെറിയ രഥമാണുള്ളത്. അക്കാര്യത്തില്‍ മാത്രമാ‍ണ് ശില്‍പ്പികളോട് കുറുമ്പ് തോന്നിയത്. എന്നാലോ കാണാന്‍ ഏറെ കൊത്തുപണികള്‍ കൊണ്ട് പാഞ്ചാലിയുടെ രഥത്തിനെ സമ്പുഷ്‌ടമാക്കിയിട്ടുണ്ട്. എല്ലാത്തിനും കാവല്‍ നില്‍ക്കുന്ന നന്ദികേശനും മൃഗരാജാവായ സിംഹവും.

കടലിന് അഭിമുഖമായി മൂന്ന് ക്ഷേത്രങ്ങളാണ് മഹാബലിപുരത്ത് ഉള്ളത്. രണ്ട് ശിവക്ഷേത്രവും ഒരു വിഷ്ണു ക്ഷേത്രവും. മൂന്ന് ക്ഷേത്രങ്ങളുടെയും പ്രത്യേകത എന്തെന്നാല്‍ കടലില്‍ നിന്ന് ഉയര്‍ന്നു പൊങ്ങുന്ന സൂര്യന്റെ ആദ്യകിരണങ്ങള്‍ ഈ ക്ഷേത്രത്തിന്റെ മുഖദാവില്‍ ആദ്യം പതിച്ചിരിക്കും എന്നതാണ്. ആധുനിക ആര്‍ക്കിടെക്ചര്‍ വിദ്യാര്‍ഥികള്‍ക്കായുള്ള തുറന്ന പുസ്തകമാണ് മഹാബലിപുരത്തേ ഓരോ നിര്‍മ്മാണങ്ങളും. കടല്‍ക്കാറ്റും മഴയും വെയിലും കൊണ്ടിട്ടും കാലങ്ങള്‍ വളരെ വേഗം ഒടിമറഞ്ഞിട്ടൂം ഇതിലെ ശില്പകലകള്‍ക്ക് ഇന്നും അധികം കോട്ടം സംഭവിച്ചിട്ടില്ല എന്ന് കേട്ടാല്‍ അത്ഭുതം തോന്നും. കാരണം ഓരോ ശില്‍പ്പങ്ങളിലും അതി സൂക്ഷ്മമായി മഴച്ചാലുകള്‍ സൃഷ്ടിച്ച് കാലപ്രയാണത്തില്‍ നിന്ന് അവയെ നമ്മുടെ പൂര്‍വ്വികര്‍ കാത്തു സൂക്ഷിച്ചിരിക്കുന്നു.മലയടിവാരത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന ഗണേശ മണ്ഡപമാണ് മറ്റൊരത്ഭുതം. മണ്ഡപത്തില്‍ കൊത്തിവച്ചിരിക്കുന്ന ആനയാണ് ഇതിന്റെ മുഖമുദ്ര. ദേവന്മാര്‍ മാത്രമല്ല, ഇതിഹാസ പുരുഷന്മാര്‍, മഹാബലിപുരത്തിന്റെ ജീവിതങ്ങളും കല്ലില്‍ തെളിമയോടെ നിറഞ്ഞു നില്‍ക്കുന്നു. ഏഴാം നൂറ്റാണ്ടു മുതല്‍ ഒമ്പതാം നൂറ്റാണ്ടു വരെയുള്ള ദ്രാവിഡസംസ്കൃതിയുടെ മുന്നേറ്റമാണ് ഇവിടുത്തെ ഒരോ കല്ലിലും കൊത്തി വെച്ചിരിക്കുന്നത്. അന്നത്തെ കലാകാരന്മാര്‍ തങ്ങള്‍ക്ക് ലഭിച്ച കലയെ എത്ര ആത്മാര്‍ഥതയോടെ സ്നേഹിച്ചിരുന്നു എന്നതിന്റെ തെളിവാണ് മഹാബലിപുരം. ആധുനിക യന്ത്ര, ആര്‍ക്കിടെക്ചര്‍ വിദ്യകള്‍ പ്രചാരത്തില്‍ ഇരുന്നിട്ടും ഇന്നുണ്ടാക്കുന്ന ഒരൊറ്റ ശില്‍പ്പങ്ങള്‍ക്കും മഹാബലിപുരത്തെ ശില്‍പ്പങ്ങളൊട് കിട പിടിക്കില്ല.

എങ്കിലും ഒരു കാര്യം ഉറപ്പ്, മഹാബലിപുരം ഒരു ക്ഷേത്ര നഗരമല്ല, മറിച്ച് ഒരു കലാകേന്ദ്രമായിരിക്കണം. അല്ലായിരുന്നു എങ്കില്‍ ഇത്രയധികം കലാസൃഷ്‌ടികള്‍ ഇവിടെ ഉണ്ടാകുമായിരുന്നില്ല. ഏഴാം നൂറ്റാണ്ടില്‍ തെക്കന്‍ ഭാരതത്തിലെ പല്ലവ രാജവംശത്തിലെ രാജാക്കന്മാരാണ്‌ മഹാബലിപുരത്തിന്റെ അടിസ്ഥാനമായി നിന്നവര്‍. അന്നവര്‍ കല്ലുളികള്‍ കൊണ്ട് ചരിത്രം കോറിയിട്ടതു കൊണ്ട് ഇന്ന് നമുക്ക് ആ ചരിത്രത്തെ ഇങ്ങനെ കാണാനൊക്കുന്നു. ചെന്നൈ സെന്‍ട്രലില്‍ നിന്ന് ട്രയിന്‍ മാര്‍ഗമോ, ബസ് മാര്‍ഗമോ നമുക്ക് മഹാബലിപുരത്തെത്താം. ട്രയിനിലാണെങ്കില്‍ മഹാബലിപുരത്തിന് ഏറ്റവും അടുത്ത സ്റ്റേഷനായ ചെങ്കല്‍പേട്ട് ഇറങ്ങി ബസ് മാര്‍ഗം എത്താം. അല്ലേങ്കില്‍ ബസ് മാര്‍ഗം ദീര്‍ഘദൂരം സഞ്ചരിക്കേണ്ടതായി വരും. ചെന്നൈ നഗരത്തില്‍ നിന്ന് 54 കിലോമീറ്ററെങ്കിലും സഞ്ചരിക്കേണ്ടതായുണ്ട്.

Tuesday, 11 July 2017

കര്‍ക്കടക വാവിന്റെ പ്രാധാന്യവും ശാസ്ത്രീയതയും



കര്‍ക്കടക വാവിന്റെ പ്രാധാന്യവും ശാസ്ത്രീയതയും
കർക്കടകവാവ്; 
കർക്കടക മാസം ദേവന്മാരുടെ മധ്യാഹ്ന വേളയാകുന്നു. കർക്കടക അമാവാസി ദിവസം ദേവന്മാരുടെ മധ്യാഹ്ന വേളയോടൊപ്പം പിതൃക്കളുടെ മധ്യാഹ്നവേളയും ഒത്തുചേരുന്നു. പിതൃക്കളും ദേവന്മാരും ഉണർന്നിരിക്കുന്നതും ഭക്ഷണം സ്വീകരിക്കുന്നതിന് സജ്ജമായിരിക്കുന്നതുമായ ഒരേയൊരു വാർഷിക ദിവസമാണ് കർക്കടകമാസ അമാവാസി.
കർക്കടക മാസം ദേവന്മാരുടെ മധ്യാഹ്ന വേളയാകുന്നു. കർക്കടക അമാവാസി ദിവസം ദേവന്മാരുടെ മധ്യാഹ്ന വേളയോടൊപ്പം പിതൃക്കളുടെ മധ്യാഹ്നവേളയും ഒത്തുചേരുന്നു. പിതൃക്കളും ദേവന്മാരും ഉണർന്നിരിക്കുന്നതും ഭക്ഷണം സ്വീകരിക്കുന്നതിന് സജ്ജമായിരിക്കുന്നതുമായ ഒരേയൊരു വാർഷിക ദിവസമാണ് കർക്കടകമാസ അമാവാസി. അതുകൊണ്ട് അന്നാണ് പിതൃബലിക്ക് അനുയോജ്യമായ ദിനം.
ഒരു വ്യക്തി അയാൾ ആണായാലും പെണ്ണായാലും മാതാപിതാക്കളോടാണ് കടപ്പെട്ടിരിക്കുന്നത്. അതിനെ പിതൃകടം എന്നുപറയുന്നു. ബാല്യത്തിലും ശൈശവത്തിലും കുട്ടികളെ മാതാപിതാക്കൾ സംരക്ഷിക്കുന്നു. വാർദ്ധക്യത്തിൽ മാതാപിതാക്കളെ മക്കൾ സംരക്ഷിക്കുന്നു. അത് അവരുടെ കടമയാണ്. അങ്ങനെ വാർദ്ധക്യത്തിൽ മാതാപിതാക്കളെ വേണ്ടവിധത്തിൽ സംരക്ഷിച്ച് അവർ മരിച്ചാൽ പരേതരുടെ ജീവാത്മാവിന് ശാന്തിയും ഇഹലോക ബന്ധത്തിൽ നിന്ന് മോക്ഷവും കിട്ടാൻ മക്കൾ അനുഷ്ഠിക്കേണ്ടുന്ന കർമ്മമാണ് പിതൃകർമ്മങ്ങൾ.
മരിച്ചുപോയ അച്ഛനോ അമ്മയ്‌ക്കോ വേണ്ടി എല്ലാക്കൊല്ലവും മരിച്ച നാളിൽ ചെയ്യുന്ന ശ്രാദ്ധത്തിനാണ് ഏകോദിഷ്ട ശ്രാദ്ധം എന്നുപറയുന്നത്. പിതൃപിതാമഹപ്രപിതാമഹന്മാരടങ്ങിയ പിതൃഗണത്തെ ഉദ്ദേശിച്ച് നടത്തുന്ന ശ്രാദ്ധമാണ് ബഹുദിഷ്ട ശ്രാദ്ധം. അത് അമാവാസി നാളിലാണ് നിർവഹിക്കേണ്ടത്.
പിതൃകർമം ദേവകർമത്തെക്കാൾ ശ്രദ്ധാപൂർവം അവശ്യം നിർവഹിക്കേണ്ടതാണെന്ന് മാത്രമല്ല, അത് ദേവസാന്നിദ്ധ്യം നൽകി അനുഷ്ഠിക്കേണ്ടതുമാണ്. പിതൃകർമങ്ങൾക്ക് ഉദകതർപ്പണം (ജലതർപ്പണം) സുപ്രധാനമായതിനാലും ദേവസാന്നിദ്ധ്യം ക്രിയയ്ക്ക് പുഷ്ടിപ്രദമായതിനാലും ആവാം. ഉദക (വെള്ളം) സമൃദ്ധിയാർന്ന കടൽത്തീരം, നദീതീരം എന്നിവയും ക്ഷേത്രപരിസരവും പിതൃകർമ്മങ്ങൾക്ക് മഹത്വമേകുന്ന സ്ഥാനങ്ങളാണ്. കേരളത്തിൽ തിരുനെല്ലി, തിരുനാവായ, ആലുവ, വരയ്ക്കൽ തുടങ്ങി നിരവധി പിതൃബലി കേന്ദ്രങ്ങളെത്തേടി കർക്കടവാവ് ദിനത്തിലും ശിവരാത്രി ദിനത്തിലും മറ്റും പതിനായിരങ്ങൾ ഒത്തുചേരുന്നത് ജനങ്ങളുടെ പിതൃബലിപരമായ പ്രബുദ്ധതയ്ക്ക് പ്രത്യക്ഷ നിദർശനമാണ്.
ശ്രദ്ധയോടെയും ഭക്തിയോടെയും പിതൃകർമ്മം നിർവഹിച്ച് ദേവനെ തൊഴുത് തിരിച്ചുപോരുന്ന ജനങ്ങളുടെ മനസംതൃപ്തി സമാധാനപരമായ സമൂഹത്തെ സൃഷ്ടിക്കുകയും ചെയ്യുന്നു.
ചാന്ദ്രമാസത്തിലെ 28 ദിവസങ്ങൾ നമ്മുടെ വെളുത്തപക്ഷം പിതൃക്കൾക്ക് രാത്രിയും കറുത്തപക്ഷം പകലുമാണ്. മനുഷ്യരുടെ മരണാനന്തര ഗതി ചന്ദ്രലോകത്തേക്കാണെന്നാണ് ഉപനിഷത്തുക്കൾ വ്യക്തമാക്കുന്നത്.
ചന്ദ്രന്റെ ഭൂമിയ്ക്കഭിമുഖമല്ലാത്ത മറുഭാഗത്താണ് പിതൃക്കളുടെ വാസം. അമാവാസി ദിവസം ചന്ദ്രൻ ഭൂമിക്കും സൂര്യനുമിടയിലായിരിക്കുമല്ലോ. ഭൂമിയ്ക്കഭിമുഖമില്ലാത്ത ഭാഗത്ത് സൂര്യരശ്മി കിട്ടും. ഭൂമിയലപ്പോൾ ഇരുട്ടായിരിക്കും. അതായത് ചന്ദ്രലോകത്ത് പിതൃക്കൾ അമാവാസി നാളിൽ സൂര്യരശ്മി ചന്ദ്രോപരിയേറ്റ് നിർവൃതരാകുന്നു. ഇങ്ങനെ കർമ്മപുരാണത്തിലാണ് പറയുന്നത്. പിതൃക്കളുടെ മധ്യാഹ്നം അമാവാസിയിലായതിനാൽ പിതൃക്കൾക്ക് നൽകുന്ന ബലിയും പൂജകളുമെല്ലാം അമാവാസികളിലാവുന്നത് നല്ലതാണെന്ന് പറയുന്നു. പിതൃയജ്ഞത്തെ ദേവസാന്നിദ്ധ്യംകൊണ്ട് സമ്പുഷ്ടമാക്കുന്ന ഏകദിനമാണ് കർക്കടക അമാവാസി. ചന്ദ്രമാസങ്ങളിൽ ചിങ്ങം മുതൽ വരുന്ന 13-ാമത്തെ അമാവാസിയാണ് കർക്കടകവാവ്.
ഭൂമിയുടെ ഉത്തരധ്രുവപ്രദേശത്താണ് മേരു പർവതമെന്നും ദേവന്മാർ മേരു നിവാസികളാണെന്നും പുരാണപ്രസിദ്ധമാണല്ലോ. കർക്കടക അമാവാസിയെ ജ്യോതിശാസ്ത്രപരമായി നോക്കികാണേണ്ടിയിരിക്കുന്നു. സൂര്യന്റെ ദക്ഷിണായന വേളയിൽ തുലാ വിഷു ദിവസം ഭൂമധ്യരേഖയ്ക്ക് നേരെയാണ് ഉദയം. അതിനു താഴെയാവും തുടർന്നുള്ള ദക്ഷിണായന ദിനങ്ങളിൽ സൂര്യോദയം. അപ്പോൾ ഉത്തരധ്രുവീകർക്ക് സൂര്യദർശനം സാധ്യമല്ലാതെ വരുന്നു. അഥവാ തുല്യ വിഷു മുതൽ മേട വിഷു വരെ ഉത്തരധ്രുവത്തിൽ രാത്രിയാണ്.
മേടവിഷുദിനത്തിൽ ദേവന്മാർ സൂര്യനെ കിഴക്കൻ ചക്രവാളത്തിൽ ഉദയംകൊണ്ടതായി കാണുന്നു. മേടവിഷു മുതൽ തുലാവിഷുവരെ ഉത്തരധ്രുവത്തിൽ പകലും അനുഭവപ്പെടുന്നു. ആ കാലത്ത് മേടവിഷു കഴിഞ്ഞ് മൂന്നുമാസം കഴിഞ്ഞാലാണ് അവിടെ മധ്യാഹ്നം. മേട സംക്രമശേഷം മൂന്നുമാസം കഴിയുക എന്നുവെച്ചാൽ മേടം, ഇടവം, മിഥുനം എന്നീ മാസങ്ങൾ കഴിഞ്ഞാൽ കർക്കടകമായി. അതായത് കർക്കടകം ദേവന്മാരുടെ മധ്യാഹ്നവേളയാകുന്നു. കർക്കടക അമാവാസി ദിവസം ദേവന്മാരുടെ മധ്യാഹ്നവേളയോടൊപ്പം പിതൃക്കളുടെ മധ്യാഹ്നവേളയും ഒത്തുചേരുന്നു. പിതൃക്കളും ദേവന്മാരും ഉണർന്നിരിക്കുന്നതും ഭക്ഷണം സ്വീകരിക്കുന്നതിന് സജ്ജമായിരിക്കുന്നതുമായ ഒരേയൊരു വാർഷിക ദിനമാണ് കർക്കടക അമാവാസി.
അതുകൊണ്ട് അന്നാണ് പിതൃബലി നടക്കുന്നത്. ദേവസാന്നിദ്ധ്യത്തോടെ പിതൃബലി നടത്തുന്നതിന് ഇത്രയും ഉത്തമമായ മറ്റൊരു ദിവസം വേറെയില്ല. പിതൃകർമ്മമായി ഫലഭൂയിഷ്ഠമായ ഒരു അടിത്തറയ്ക്കുമേൽ കർക്കടകത്തിലെ അമാവാസി പിതൃബലിയെന്ന ആചാരം ആസൂത്രണം ചെയ്തവരുടെ ജ്യോതിശാസ്ത്രപരമായ ഉദ്ബുദ്ധത പ്രശംസനീയമാണ്. ഭാരതമൊട്ടാകെ പുണ്യതീർത്ഥ സ്ഥാനങ്ങളിൽ ആയിരമായിരം ജനങ്ങൾ അവരുടെ പിതൃപിതാമഹപ്രപിതാമഹന്മാർക്കും മാതൃമാതാമഹതികൾക്കും ഭക്തി ശ്രദ്ധാപുരസ്സരം അർപ്പിക്കുന്ന പിതൃബലി കർമ്മം വഴി പിതൃമഹാസമൂഹത്തെയാകെ സന്തുഷ്ടമാകും. അവരിൽനിന്ന് അനുഗ്രഹാശ്ശിസുകളാൽ ആഗോളമനുഷ്യസമൂഹത്തിന് നന്മ വിതറാനും ഉതകുന്ന അമൂല്യമായ ഒരു സുവർണാവസരമാണ് കർക്കടകവാവ് സമ്മാനിക്കുന്നത്.....
പിതൃക്കളെ ഉദ്ദേശിച്ച് നാം നല്‍കുന്ന നിത്യഭക്ഷണം ആണ് ശ്രാദ്ധം. ശ്രദ്ധയോടെ നല്‍കുന്നത് എന്ന അര്‍ത്ഥത്തിലാണ് ബലിക്ക്, ‘ശ്രാദ്ധം’ എന്നു പേര്‍ വന്നത്.
ഔരസന്‍ ചെയ്തിടും ശ്രാദ്ധകര്‍മം തന്നെ
നേരേ പിതൃക്കള്‍ക്ക് സ്വര്‍ഗതി കാരണം
ഓരോ വര്‍ഷവും മരണം നടന്ന മാസത്തിലെ മരണതിഥി അഥവാ മരണദിവസത്തെ നക്ഷത്രം വരുന്ന ദിവസമാണ് പിതൃക്കളിലൊരാളെ മാത്രം ഉദ്ദേശിച്ച് ശ്രാദ്ധം ചെയ്യേണ്ടത്. പിതൃപരമ്പരയില്‍ മൂന്നുപേര്‍ വരെ മുമ്പോട്ടെടുത്താല്‍ (പിതാവ്, പിതാമഹന്‍, പ്രപിതാമഹന്‍ എന്നിങ്ങനെ) മതി; ഈ ഒരേയൊരു പിതൃവിനെ ഉദ്ദേശിച്ച ശ്രാദ്ധം-ഏകോദ്ദിഷ്ടശ്രാദ്ധം ചെയ്യേണ്ടത് ബ്രാഹ്മണാദികള്‍ ചെയ്യുന്ന ശ്രാദ്ധം. ഇങ്ങനെ പിതൃക്കളിലൊരാളെ മാത്രം ഉദ്ദേശിച്ച് ചെയ്യുന്ന ശ്രാദ്ധത്തിന് ഏകോദ്ദിഷ്ട ശ്രാദ്ധം എന്നും, ഒന്നിലധികം പിതൃക്കളെ ഉദ്ദേശിച്ച് ചെയ്യുന്ന ശ്രാദ്ധത്തിന്-ബഹുദ്ദിഷ്ട ശ്രാദ്ധമെന്നും പറയുന്നു.
”പ്രേതോദ്ദേശ്യേന ശ്രദ്ധയാ ദ്രവ്യസ്യ ത്യാഗഃശ്രാദ്ധ” പിതൃ (പിതാവിന്റെ) പരമ്പരയിലും, മാതൃപരമ്പരയിലും ഇങ്ങനെ ശ്രാദ്ധം വേണ്ടതാണ്. ബഹുദ്ദിഷ്ട ശ്രാദ്ധത്തിന് ഏറ്റവും പറ്റിയ സമയം അമാവാസി (കര്‍ക്കിടക വാവ്)-കറുത്ത വാവ് ആണ്. പ്രതിമാസം അമാവാസിക്ക് ശ്രാദ്ധം ചെയ്യുന്നവരുണ്ട്. (പാര്‍വണ ശ്രാദ്ധം)
ഒരു മാനുഷ മാസം പിതൃക്കള്‍ക്ക് ഒരു ദിവസം (ഒരു അഹോ-(പകല്‍) രാത്ര(രാത്രി)മാണ്). ഈ ഒരു ദിവസത്തെ (30 മനുഷ്യ ദിവസം) കൃഷ്ണപക്ഷമെന്നും ശുക്ലപക്ഷമെന്നും രണ്ടായിത്തിരിക്കുന്നു. പിതൃക്കള്‍ക്ക് ഉണര്‍ന്ന് കര്‍മങ്ങളിലേര്‍പ്പെടാവുന്ന പകലാണ് കൃഷ്ണപക്ഷം (നമ്മുടെ കറുത്തപക്ഷം). രാത്രി, ശുക്ലപക്ഷം-വെളുത്തപക്ഷവും. പിതൃക്കള്‍ ഉണര്‍ന്നിരിക്കുന്ന സമയമാണ് അമാവാസി (കറുത്തവാവ്)
വിധൂര്‍ധ്വഭാഗേ പിതരോ വസന്തഃ
സ്വാധഃ സുധാ ദീധിതി മാമനന്തി
പശ്യന്തി തേര്‍ക്ക നിജമസ്തകോര്‍ധ്വം
ദര്‍ശായതോസ്മാദ്യുപലം തദൈഷാം
ഇപ്രകാരം ചന്ദ്ര മണ്ഡലത്തിനും മുകളിലായി സ്ഥിതി ചെയ്യുന്ന പിതൃലോകത്തിന് അമാവാസി മധ്യാഹ്നമായി (ഉച്ചഭക്ഷണ സമയമായി) അനുഭവപ്പെടുന്നു. അതുകൊണ്ട് അമാവാസിയിലെ തര്‍പ്പണം, ശ്രാദ്ധം എന്നിവ പിതൃക്കള്‍ക്ക് പ്രീതികരമായ മധ്യാഹ്ന ഭോജ്യമായി മാറുന്നു. അവര്‍ സംതൃപ്തരാവുന്നു. സന്തതി പരമ്പരകളില്‍ സംപ്രീതനായിത്തീരുന്നു.
മറ്റ് അമാവാസികളേക്കാള്‍ കര്‍ക്കിട അമാവാസിക്ക് ഇത്രയധികം പ്രാധാന്യം വരാന്‍ കാരണമുണ്ട്. 30 മനുഷ്യദിവസങ്ങളോളം ദൈര്‍ഘ്യമുള്ള പിതൃക്കളുടെ ഒരു ദിവസത്തിലെ ഭക്ഷണയോഗ്യമായ മധ്യാഹ്ന വേള അമാവാസിയിലാണ് എന്നതിനാലാണല്ലോ അമാവാസി തോറും ബലി (ശ്രാദ്ധം) വിധിക്കപ്പെട്ടത്. കര്‍ക്കിടക അമാവാസി പിതൃ (ബലി)യജ്ഞത്തെ ദേവസാന്നിദ്ധ്യംകൊണ്ട് സമ്പുഷ്ടമാക്കാന്‍ ഉപകരിക്കുന്നു. അതിന്റെ ശാസ്ത്രീയ അടിത്തറ നോക്കുന്നതിന് മുമ്പായി പുരാണ പ്രസിദ്ധമായ ഒരു കാര്യം മനസ്സില്‍ വരേണ്ടതുണ്ട്. ഭൂമിയുടെ ഉത്തരധ്രുവ പ്രദേശത്താണ് മേരു പര്‍വതം. ദേവന്മാര്‍ മേരു നിവാസികളാണ്.
സൂര്യന്റെ ദക്ഷിണായന വേളയില്‍ തുലാ വിഷു ദിവസം ഭൂമദ്ധ്യരേഖക്ക് നേരെയാണ് ഉദയം.
ഭൂമദ്ധ്യരേഖ ഉത്തരധ്രുവീയരുടെ ചക്രവാളത്തെ സൂചിപ്പിക്കുന്നു. അതിന് താഴെക്കാവും ദക്ഷിണായന ദിവസങ്ങളില്‍ സൂര്യോദയം. ദക്ഷിണായന കാലത്ത് ഉത്തരധ്രുവീയര്‍ക്ക് സൂര്യദര്‍ശനം സാധ്യമല്ലാതെ വരുന്നു. തുലാ വിഷു മുതല്‍ ഉത്തരധ്രുവീയരുടെ രാത്രി തുടങ്ങുന്നു.
പിന്നീട് ഉത്തരായനം തുടങ്ങി സൂര്യന്‍ ഭൂമദ്ധ്യരേഖ മുറിച്ച് കടന്ന് ഉത്തരാര്‍ദ്ധ ഗോളത്തിലേക്ക് നീങ്ങുന്ന മേഷ വിഷുവരെ അവരുടെ രാത്രി നീളുന്നു.
മേഷ വിഷുദിനം, മേരു പര്‍വത നിവാസികള്‍ ദേവന്മാര്‍ സൂര്യനെ കിഴക്കന്‍ ചക്രവാളത്തില്‍ ഉദിച്ചു കാണുന്നു.
ചക്രവാളത്തിലൂടെ സൂര്യന്‍ പടിഞ്ഞാറോട്ടും വീണ്ടും കിഴക്കോട്ടും വര്‍ത്തുളഗതിയില്‍ കറങ്ങുന്നതായിട്ടാവും അവര്‍ക്ക് തോന്നുക (ദൃശ്യമാവുക) ഓരോ ദിവസം കഴിയുന്തോറും സൂര്യന് ഭൂമദ്ധ്യരേഖയില്‍ (ഉ.ധ്രുവീകരുടെ ചക്രവാളം)നിന്നുള്ള ഉയരം കൂടിക്കൂടി വന്ന് മൂന്ന് മാസം കഴിഞ്ഞ് ഉത്തരായന രേഖയില്‍ 23 1/20 വടക്ക് എത്തുമ്പോള്‍ ഉത്തരധ്രുവക്കാര്‍ക്ക് സൂര്യന്‍ അസ്തമയമില്ലാതെ വൃത്തത്തില്‍ ചലിക്കുന്ന ദൃശ്യം സാധ്യമാവുന്നു.
തുടര്‍ന്ന് ദക്ഷിണായനത്തില്‍ സൂര്യന്‍ ചക്രവാളത്തിലെത്തി തുലാ വിഷു ദിനത്തില്‍ അസ്തമിക്കുന്നു.
അങ്ങനെ ഉത്തരധ്രുവീയര്‍ക്ക് തുലാവിഷു മുതല്‍ മേഷ (മേട) വിഷുവരെ രാത്രി അനുഭവപ്പെടുന്നു. മേഷ വിഷു മുതല്‍ അടുത്ത തുലാ വിഷുവരെ പകലും അതായത് മധ്യരേഖയ്ക്കടുത്ത് ഉള്ളവരുടെ 360 ദിവസം, ഒരു കൊല്ലം, ഉത്തരധ്രുവീയര്‍ക്ക് 6 മാസം രാത്രിയും (രാത്രം) ആറുമാസം പകലും (അഹസ്സ്) ആയി ഒരു അഹോരാത്രം (ഒരു ദിവസം) ആയിത്തീരുന്നു.
പകല്‍ സമയത്താവട്ടെ സൂര്യന്‍ ഏറ്റവും ഉയരത്തായി കാണുന്ന മദ്ധ്യാഹ്ന സമയം (23 1/20 ) മേഷ വിഷു കഴിഞ്ഞ് മൂന്ന് മാസം കഴിഞ്ഞാണ് വരുക.
മേഷാദാവുദിതഃ സൂര്യഃ
ത്രീന്‍ രാശീനുദ ഗുത്തരം
സഞ്ചരന്‍ പ്രാഗഹര്‍മധ്യം
പൂരയേന്മേരു വാസിനാം – (സൂര്യ സിദ്ധാന്തം 12-48)
മേഷ സംക്രമശേഷം മൂന്നുമാസം കഴിയുക എന്നാല്‍ മേടം, ഇടവം, മിഥുനം കഴിഞ്ഞ് കര്‍ക്കിടകമാസം വന്നെത്തുക എന്നര്‍ത്ഥം. സപിണ്ഡീകരണ പ്രക്രിയകളിലൂടെ പിതൃപദവി ലഭിച്ച പ്രേതന് ദേവന്മാരുടെ കാലപദ്ധതി തന്നെയാണ്. ബാധമാവുക. അപ്പോള്‍ അവരുടെ ഒരു ദിവസവും മനുഷ്യവര്‍ഷത്തിന് തുല്യമായിരിക്കും. അപ്പോള്‍ വാര്‍ഷികമായി മനുഷ്യരൂട്ടുന്ന ഈ ശ്രാദ്ധ(ബലി)അവര്‍ക്ക് മുടങ്ങാത്ത നിത്യ ഭക്ഷണമായിത്തീരുന്നു.
പ്രേതന്റെ (മരണം വരിച്ചയാള്‍) മരണസമയം/നക്ഷത്രം അറിഞ്ഞ് വേണം ഏകോദ്ദിഷ്ടശ്രാദ്ധം ചെയ്യേണ്ടത്. പക്ഷേ പല കാരണങ്ങളാല്‍ മരിച്ചുപോയ കാരണവന്മാരുടെ മരണദിനം അറിയാത്തവരുണ്ടാകാം. അവര്‍ക്ക് പാര്‍വണ ശ്രാദ്ധം (അമാവാസി ശ്രാദ്ധം-കറുത്തവാവ് ബലി) ഊട്ടി തൃപ്തരാവാം എന്ന് ഗരുഡ പുരാണം (16-19).
”അജ്ഞാനാദ് ദിനമാസാനം തസ്മാത് പാര്‍വണമീഷ്യതേ”
കര്‍ക്കിടക അമാവാസി ദിനത്തില്‍ ദേവന്മാരുടെ മധ്യാഹ്ന വേളയോടൊപ്പം പിതൃക്കളുടെ മധ്യാഹ്നവേളയും ഒത്തുചേരുന്നു. രണ്ടുകൂട്ടരും ഭക്ഷണ സ്വീകരണത്തിന് സജ്ജരായിരിക്കുന്നു. അങ്ങനെയുള്ള ഒരേയൊരു ദിനമാണ് കര്‍ക്കിടക അമാവാസി. അതിനാല്‍ പിതൃബലി ദേവസാന്നിദ്ധ്യത്തോടെ നടത്താന്‍ ഇത്ര ഉത്തമമായ സമയം വേറെയില്ല.
ഉദകക്രിയ എന്ന പേര്‍ എന്തുകൊണ്ട്?
ശ്രാദ്ധത്തിന് ഏറെത്തവണ ആവര്‍ത്തിക്കപ്പെടുന്ന പ്രക്രിയയാണ് ജലാഞ്ജലി-ജലതര്‍പ്പണം. പിതൃക്കള്‍ ഭുവര്‍ ലോകവാസികളാണെന്നതും ഭുവര്‍ ലോകം ആപസ്തത്വ (ജലതത്വം)ത്തില്‍ അധിഷ്ഠിതമാണെന്നതും പിതൃകര്‍മത്തിലെ ജലപ്രാധാന്യം വ്യക്തമാക്കുന്നു.
”ആപോ(ജല)ഹ്യസ്‌മൈ ശ്രദ്ധാം സനമന്തേ പുണ്യായ കര്‍മണേ” എന്ന് ശ്രുതി/വേദം.
പിതൃക്രിയകളില്‍ ഉദകതര്‍പ്പണം= ജലതര്‍പ്പണം പരമപ്രധാനമായതിനാലും ദേവസാന്നിദ്ധ്യം ക്രിയയ്ക്ക് സുപ്രധാനമായതിനാലും ഉദകസമൃദ്ധി (=ജലസമൃദ്ധി)യുള്ള കടല്‍ത്തീരം, നദീതീരം എന്നിവയും ക്ഷേത്ര പരിസരവും ഒത്തുചേര്‍ന്ന സ്ഥാനങ്ങള്‍ പിതൃബലിക്ക് ഉത്തമമായ സ്ഥാനങ്ങള്‍ ആണ്. കേരളത്തില്‍ തിരുനെല്ലി, തിരുനാവായ, വരയ്ക്കല്‍, ആലുവ ശിവക്ഷേത്ര മണല്‍പുറം, വര്‍ക്കല പാപനാശം കടല്‍പ്പുറം, പദ്‌നാഭന്റെ സാമീപ്യം നിറഞ്ഞ ശംഖുമുഖം കടല്‍ തീരം, തിരുവല്ലം പരശുരാമ ക്ഷേത്ര/നദീതീരം എന്നിവ പിതൃബലി എന്ന തിലോദക ക്രിയയ്ക്ക് (തിലം=എള്ള്, ഉദകം=ജലം) ചേര്‍ന്ന പുണ്യകേന്ദ്രങ്ങളായി മാറിയിരിക്കുന്നു.

Saturday, 8 July 2017

കാളഹസ്‌തി ക്ഷേത്രം

കാളഹസ്‌തി ക്ഷേത്രം

ആന്ധ്രാപ്രദേശിലെ ശ്രീകാളഹസ്‌തിയിലാണ്‌ കാളഹസ്‌തി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്‌.
ഏറ്റവും പ്രധാനപ്പെട്ട ശിവക്ഷേത്രങ്ങളില്‍ ഒന്നാണിത്‌. തിരുപ്പതിയില്‍ നിന്ന്‌ 36 കിലോമീറ്റര്‍ അകലെയാണ്‌ കാളഹസ്‌തി ക്ഷേത്രം.
പഞ്ചഭൂതങ്ങളില്‍ ഒന്നായ വായുവിനെ പ്രതിനിധീകരിക്കുന്ന വായുലിംഗം ഇവിടെ സ്ഥിതി ചെയ്യുന്നു. ക്ഷേത്രത്തില്‍ പ്രതിഷ്‌ഠിച്ചിരിക്കുന്ന ഈ ലിംഗം ശിവന്റെ പ്രതിരൂപമായി കണക്കാക്കപ്പെടുന്നു.
*ശിവനെ ഇവിടെ കാളഹസ്‌തീശ്വരനായാണ്‌ ആരാധിക്കുന്നത്‌*.
*ശിവഭക്തനായ കണ്ണപ്പ ക്ഷേത്രത്തില്‍ വച്ച്‌ ശിവനെ ആരാധിച്ചെന്നും സ്വന്തം കണ്ണുകള്‍ ഭഗവാന്‌ സമ്മാനമായി നല്‍കി തന്റെ നിര്‍മ്മലമായ ഭക്തി ഭഗവാന്‌ മുന്നില്‍ തെളിയിച്ചെന്നുമാണ്‌ ഐതിഹ്യം*.
കണ്ണപ്പയുടെ ഭക്തിയില്‍ സംപ്രീതനായ ശിവഭഗവാന്‍ കണ്ണപ്പയ്‌ക്ക്‌ മുന്നില്‍ പ്രത്യക്ഷപ്പെടുകയും അദ്ദേഹത്തിന്‌ മോക്ഷം നല്‍കുകയും ചെയ്‌തു.
ക്ഷേത്രം രണ്ടു ഘട്ടങ്ങളായാണ്‌ നിര്‍മ്മിച്ചത്‌. *അകത്തെ ഭാഗം അഞ്ചാം നൂറ്റാണ്ടിലും പുറംഭാഗം പന്ത്രണ്ടാം നൂറ്റാണ്ടിലും നിര്‍മ്മിച്ചു*. പുറംഭാഗത്തിന്റെ നിര്‍മ്മാണം നടന്നത്‌ ചോളരാജാക്കന്മാരുടെ കാലത്താണ്‌.
ചോളരാജാക്കനമാരുടെ വാസ്‌തുവിദ്യാശൈലിയിലാണ്‌ ക്ഷേത്രത്തിന്റെ പുറംഭാഗം പണിതിരിക്കുന്നത്‌.
ശിവഭക്തന്മാര്‍ക്ക്‌ പുറമെ ജാതകത്തില്‍ രാഹുദോഷവും കേതുദോഷവും ഉള്ളവരും ഇവിടെ പ്രത്യേക പൂജകള്‍ ദോഷമുക്തി തേടുന്നു.
*തിരുപ്പതി സന്ദര്‍ശിക്കുന്ന ഭക്തര്‍ കാളഹസ്‌തി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്ന പതിവുണ്ട്‌*.
*നിരന്തരമായ പരാജയവും നിരാശാബോധവും അപകർഷതാബോധവും ആരോഗ്യനാശവും വരുത്തുന്ന യോഗമാണു മഹാകാലസർപ്പയോഗം* .
ഇത് 12 വിധത്തിൽ ഉണ്ട്.
അനന്തകാലസർപ്പയോഗം, കുളികാ(ഗുളികാ കാലസർപ്പയോഗം), വാസുകി കാലസർപ്പയോഗം, ശംഖപാല കാലസർപ്പയോഗം, പത്മകാലസർപ്പയോഗം,
മഹാപത്മ കാലസർപ്പയോഗം, 
തക്ഷക കാലസർപ്പയോഗം, 
കാർക്കോടക കാലസർപ്പയോഗം, ശംഖചൂഡ കാലസർപ്പയോഗം, 
ഘാതക കാലസർപ്പയോഗം, 
വിഷധാര കാലസർപ്പയോഗം, 
ശേഷനാഗ കാലസർപ്പയോഗം എന്നിങ്ങനെ.
*കൂടാതെ രാഹുകേതുക്കൾക്ക് വെളിയിലായി ലഗ്നമോ ക്ഷീണ നീച ചന്ദ്രനോ വന്നാൽ അർധ കാലസർപ്പയോഗം എന്ന ഒരു തരം കാലസർപ്പയോഗത്തെക്കുറിച്ച് തമിഴ് ജ്യോതിഷം പറയുന്നു*.
കാലസർപ്പയോഗം ഏറ്റവും മോശമായ യോഗമാണ്. *വിനാശകാരിയായ ഈ യോഗം മൂലം ശാരീരികവൈകല്യം, മാനസിക വൈകല്യം, ടെൻഷൻ, അപകർഷതാബോധം, ആക്രമണ സ്വഭാവം, സൻമാർഗിക പിഴവുകൾ, നിർഭാഗ്യം, ചതി, വഞ്ചന, ഒറ്റു കൊടുക്കൽ, ഭീകരപ്രവർത്തനം, രാജ്യദ്രോഹം, മദ്യപാനാസക്തി, മയക്കുമരുന്ന് ആസക്തി, മഹാൻമാരെ അപമാനിക്കാനും വികൃതമായി സംസാരിക്കാനും ഉള്ള താത്പര്യം, സ്വഭാവവൈകല്യം എന്നിവയാണു ഫലം*.
*ജാതകത്തിലെ അനുകൂല യോഗങ്ങളെ കാലസർപ്പയോഗം തടഞ്ഞുവയ്ക്കുന്നതു കൊണ്ടുള്ള ദുരിതവും അനുഭവിക്കേണ്ടി വരും. രാഹുകേതുകൾക്കുള്ളിലായി എല്ലാ ഗ്രഹങ്ങളും വരുന്നതാണു മഹാകാലസർപ്പയോഗം*.
കാല സർപ്പദോഷത്തെക്കുറിച്ചുള്ള ശ്ലോകം ഇതാണ്:
*അഗ്രേരാഹുരധോകേതു സർവേ മധ്യേ ഗതാഃ ഗ്രഹാഃ യോഗഃ സ്യാത് കാലസർപ്പാഖ്യോ നൃപ സസ്യ വിനാശനം.**
*കാലസർപ്പയോഗം മൂലമുള്ള കേടുപാടുകൾ കുറയ്ക്കാനും ജീവിത സ്ഥിതി മെച്ചപ്പെടുത്താനും ബ്രഹ്മാവിനാൽ ശ്രീശൈല പർവതത്തിനു പിറകിലായി പ്രതിഷ്ഠിക്കപ്പെട്ടതും ദക്ഷിണ കൈലാസം എന്ന് അറിയപ്പെടുന്നതും രാഹു കേതുക്കളുടെ ഭൂമിയിലെ ആസ്ഥാനമെന്ന് ഐതിഹ്യം പറയുന്നതുമായ ശ്രീകാളഹസ്തിയിൽ രാഹു-കേതു സർപ്പദോഷ നിവാരണ പൂജയും (ആശീർവാദ പൂജയെന്നും പറയും) തുടർന്ന് രുദ്രാഭിഷേകവും നടത്തുക*.
*ഈ ക്ഷേത്രം ആന്ധ്രാപ്രദേശ് സർക്കാരിന്റെ മേൽനോട്ടത്തിലാണ്. പൂജ ചടങ്ങുകൾ വളരെ സുതാര്യമാണ്*.
*രാഹു-കേതു ആശീർവാദ പൂജ നടത്താനുള്ള ശരിയായ സ്ഥലം ക്ഷേത്രത്തിന് ഉള്ളിലെ ശ്രീമുരുകന്റെയും പത്നിമാരുടെയും വിഗ്രഹത്തിനു മുന്നിൽ കാണുന്ന ഇടം ആണ്*.
അവിടെ വലിയ രാഹു-കേതു വിഗ്രഹങ്ങൾ അലങ്കരിച്ചുവച്ചിട്ടുണ്ട്. സമീപത്തായി സരസ്വതി നദിയിലെ കിണറും കല്യാണോത്സവ മണ്ഡപവും ഗണപതിക്ഷേത്രവും കാണാം.
ക്ഷേത്ര കൗണ്ടറിൽ നിന്നു പൂജാ ടിക്കറ്റുകൾ എടുത്ത് ഇവിടേക്കു വരണം. ടിക്കറ്റിനൊപ്പം പൂജാസാധനങ്ങളും പുഷ്പങ്ങളും ക്ഷേത്രം അധികാരികൾ നൽകും.
*ഭക്തർ സ്വയം പൂജകൾ നടത്തുന്ന രീതിയാണ് ഇവിടെ ഉള്ളത്*.
രാഹുവിനു കറുത്ത പട്ടും കേതുവിന് ചുവന്ന പട്ടും തറയിൽ വിരിച്ച് അതിനു മുകളിൽ യഥാക്രമം രാഹുവിന് ഉഴുന്നും, കേതുവിന് മുതിരയും സമർപ്പിച്ച് രണ്ട് ചെറുനാരങ്ങകൾ വയ്ക്കുന്നു.
പട്ടുകൾക്ക് ഇടയിൽ ആയി വെറ്റില, അടയ്ക്ക എന്നിവ വയ്ക്കുന്നു. ഉഴുന്നിന് മുകളിൽ രാഹുവിന്റെ ചെറിയ വെള്ളി വിഗ്രഹവും, മുതിരയ്ക്ക് മുകളിലായി കേതുവിന്റെ വെള്ളി വിഗ്രഹവും വച്ചശേഷം തേങ്ങ ഉടച്ച് വയ്ക്കുന്നു.
തുടർന്ന് പൂജാരി മന്ത്രങ്ങൾ ഉരുവിടുന്നു. അത് ഏറ്റ് ചൊല്ലി പുഷ്പം കൊണ്ടും, സിന്ദൂരം കൊണ്ടും ചെറു വിഗ്രഹങ്ങളിൽ അർപ്പിച്ച് ദീപാരാധന നടത്തുന്നു. ശേഷം പൂജാരി ഭക്തരുടെ കഴുത്തിൽ പട്ട് വസ്ത്രങ്ങൾ അണിയിക്കുന്നു. ആശീർവദിച്ച് ദക്ഷിണ വാങ്ങുന്നു.
*പൂജ കഴിഞ്ഞ് രാഹു-കേതു വിഗ്രഹങ്ങൾ കയ്യിൽ എടുത്തുകൊണ്ട് ശ്രീകാളഹസ്തീശ്വരന്റെ ക്ഷേത്രത്തിലേക്ക് ഭക്തർ പോകുന്നു. അവിടെ ശ്രീകാളഹസ്തീശ്വരനെ തൊഴുത് പ്രാർഥിച്ച് പ്രസാദവും സ്വീകരിച്ചശേഷം കയ്യിലുള്ള രാഹു-കേതു പ്രതിമകൾ അവിടത്തെ ഭണ്ഡാരത്തിൽ(ഹുണ്ടിക) പുറം തിരിഞ്ഞ് നിന്ന് മൂന്ന് തവണ തലയ്ക്ക് ഉഴിഞ്ഞ് കാലസർപ്പയോഗം തീരണം എന്ന പ്രാർഥനയോടെ നിക്ഷേപിക്കുക*.
ശിവക്ഷേത്രത്തിന് പുറത്തേക്ക് വരുമ്പോൾ ശിവനെ തിരിഞ്ഞ് നോക്കാനോ തൊഴാനോ പടിതൊട്ട് നമസ്ക്കരിക്കാനോ പാടില്ല.
പുറത്ത് കർപ്പൂര തീർഥം നൽകും അത് സേവിച്ച് ശനീശ്വര വിഗ്രഹത്തിന് സമീപത്ത് കൂടിയോ അല്ലാതെയോ പാർവതി(ജ്ഞാനപ്രസൂനാംബിക) ദേവിയുടെ ദർശനത്തിനായി പൂജകൾ എത്തുമ്പോൾ സർപ്പാലങ്കാര ഭൂഷിതയായി (ഉദരത്തിൽ സർപ്പത്തെ ബന്ധിച്ച നിലയിൽ) ദേവിയുടെ വിഗ്രഹം കാണാം.
അവിടെ തൊഴുത് പ്രാർഥിച്ച് സിന്ദൂരം തിലകം ചാർത്തുന്നതോടെ രാഹു-കേതു ആശീർവാദ പൂജ കഴിയുന്നു. തുടർന്ന് പിറ്റേദിവസം രാവിലെ 5 മണിക്ക് രുദ്രാഭിഷേകം, പുറത്തെ കൗണ്ടറിൽ നിന്ന് ടിക്കറ്റ് എടുത്ത് കാളഹസ്തീശ്വരക്ഷേത്രത്തിന് മുന്നിലെ തളത്തിൽ ഇരിക്കുന്നു.
അവിടെ പൂജാരിമാർ എത്തി സങ്കൽപ പൂജ നടത്തി ഭക്തരുടെ തലയിൽ അരിയും പൂവും ഇട്ട് അനുഗ്രഹിക്കുന്നു. തുടർന്ന് ഭക്തർ പാർവതിദേവിയുടെ (ജ്ഞാനപ്രസൂനാംബിക) *ദർശനത്തിനായി പൂജകർ എത്തുമ്പോൾ സർപ്പാലങ്കാര ഭൂഷിതയായി (ഉദരത്തിൽ സർപ്പത്തെ ബന്ധിച്ച നിലയിൽ) ദേവിയുടെ വിഗ്രഹം കാണാം അവിടെ തൊഴുത് പ്രാർഥിച്ച് സിന്ദൂരം തിലകം ചാർത്തുന്നതോടെ രാഹു-കേതു ആശീർവാദ പൂജ കഴിയുന്നു*.
തുടർന്ന് പിറ്റേദിവസം രാവിലെ 5 മണിക്ക് രുദ്രാഭിഷേകം, പുറത്തെ കൗണ്ടറിൽ നിന്ന് ടിക്കറ്റ് എടുത്ത് കാളഹസ്തീശ്വരക്ഷേത്രത്തിന് മുന്നിലെ തളത്തിൽ ഇരിക്കുന്നു.
അവിടെ പൂജാരിമാർ എത്തി സങ്കൽപ്പ പൂജ നടത്തി ഭക്തരുടെ തലയിൽ അരിയും പൂവും ഇട്ട് അനുഗ്രഹിക്കുന്നു.
തുടർന്ന് ഭക്തർ പാർവതിദേവിയുടെ (ജ്ഞാനപ്രസുനാംബിക) ക്ഷേത്രത്തിലേക്ക് ആനയിക്കപ്പെടുന്നു.
അവിടെ പാർവ്വതിദേവിയുടെ അഭിഷേകം കണ്ട് പ്രാർഥ തുടർന്ന് സ്ഫടികശിവലിംഗ പ്രതിഷ്ഠയുടെ സമീപം ഉപവിഷ്ടരാകുന്ന ഭക്തർക്ക് ‘ പുളിയോറ’ എന്ന ചോറും പഞ്ചാമൃതവും ഷാളും പട്ടുവസ്ത്രവും മറ്റ് ഉപഹാരങ്ങളും നൽകി പൂജാരിമാർ അനുഗ്രഹിക്കുന്നതോടെ രാഹു-കേതു ദോഷവും കാല സർപ്പദോഷവും അവസാനിക്കുന്നു എന്നു വിശ്വാസം.
കാലസർപ്പയോഗം ഈ പൂജകൾ നടത്തുന്നതോടെ അവസാനിക്കുകയും ശേഷം രാജയോഗ ഫലങ്ങൾ അനുഭവിക്കുകയും ചെയ്യുന്നു എന്നു പ്രമാണം. ഈ രണ്ടു പൂജകളും പരമാവധി മൂന്നു തവണ വരെ നടത്താം.
പാലഭിഷേകവും പഞ്ചാമൃതാഭിഷേകവും നടത്താം. അതുപോലെ രാഹു-കേതു ആശീർവാദപൂജ കുറഞ്ഞ ഫീസുള്ള ടിക്കറ്റിൽ ക്ഷേത്രത്തിന് പുറത്ത് രണ്ട് ഹാളുകളിലും നടത്തുന്നുണ്ട്. ക്ഷേത്രത്തിന് ഉള്ളിൽ നടത്തുന്നതാണ് ഉത്തമം.
ഒരു പ്രാവശ്യത്തെ പൂജ കൊണ്ട് ജീവിതത്തിന്റെ ദുരിതം മാറി സ്വസ്ഥത കിട്ടിയവർ ധാരാളം. കറകളഞ്ഞ ശിവഭക്തിയാണ് പ്രധാനം.
*ശിവനിൽ മാത്രമേ കാലസർപ്പയോഗം അടങ്ങുകയുള്ളു— വിശേഷിച്ച് കാളഹസ്തിയിലും പൂനയിലെ ത്രയംബകേശ്വർ ക്ഷേത്രത്തിലും*.
*കാലസർപ്പയോഗത്തിന്റെ താൽക്കാലിക ദോഷ പരിഹാരത്തിനായി കർണാടകയിലെ കുക്കി സുബ്രഹ്മണ്യക്ഷേത്രം, ഏറ്റുമാനൂർ ശിവക്ഷേത്രം എന്നിവിടങ്ങളിൽ ദർശനം നടത്തി വഴിപാടുകൾ നടത്തുന്നതും നല്ലതാണ്*.
*കാളഹസ്തിയിൽ ദർശനം കഴിഞ്ഞശേഷം ഹോട്ടലിൽ താമസിക്കുന്നതിൽ ദോഷം ഇല്ല. എന്നാൽ മറ്റ് ക്ഷേത്രങ്ങളിൽ പ്രവേശിക്കരുത്*. മറ്റ് ഭവനങ്ങളിലും സന്ദർശനം നടത്തരുത്. അവരവരുടെ സ്വന്തം വീട്ടിൽ പൂജ കഴിഞ്ഞ് തിരിച്ചെത്തണം. *ഇത് ഒരു ആചാരമാണ്*.
ശ്രീ കാളഹസ്തി ക്ഷേത്രത്തിലേക്കു തിരുവനന്തപുരം-റെനിഗുണ്ട റൂട്ടിൽ സഞ്ചരിക്കുന്ന ട്രെയിനിൽ എത്തിച്ചേരാം. തിരുപ്പതി ദർശനം ആഗ്രഹിക്കുന്നവർ തിരുപ്പതി ദർശനം കഴിഞ്ഞ് കാളഹസ്തിയിൽ എത്തുക.
തിരുപ്പതിയിൽ നിന്ന് കാളഹസ്തി റോഡ് മാർഗം 40 കിലോ മീറ്റർ റെനിഗുണ്ട റയിൽവേ സ്റ്റേഷനിൽ നിന്ന് 30 കി.മീ. ദൂരം. ചെന്നൈയിൽ നിന്നു കാളഹസ്തിയിലേക്ക് ബസ് സൗകര്യം ഉണ്ട്. നാഗർകോവിൽ-കോയമ്പത്തൂർ ബസ് സ്റ്റേഷനുകളിൽ നിന്നും തിരുപ്പതി ബസിൽ കയറിയും കാളഹസ്തിയിലെത്താം.
കൂടുതൽ സംശയനിവാരണത്തിന് ക്ഷേത്രത്തിൽ ഇൻഫർമേഷൻ സെന്റർ ഉണ്ട്. ഇവിടെ തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകൾ സാധാരണമായി സംസാരിക്കുന്നു.
പൂജയിൽ സഹായിക്കാൻ അംഗീകൃത ഗൈഡുകളുടെ സേവനവും ലഭിക്കും. കാലസർപ്പദോഷം മാറുവാൻ ഏറ്റവും നല്ല പരിഹാരമാണ് ഈ പൂജയെന്ന് നൂറ്റാണ്ടുകളായി വിശ്വസിക്കപ്പെട്ട് പോരുന്നു

കരിയാത്തൻ

കരിയാത്തൻ

(ശൈവ മൂർത്തി)

തെക്കന്‍ കരിയാത്തനും തെക്കന്‍ കരുമകനും, കൈക്കോലനും
കരിയാത്തന്‍ എന്നാല്‍ പരമശിവനാണ്. കരിയാത്തന്‍ തെക്കന്‍ ചാത്തു എന്ന പേരിലും അറിയപ്പെടുന്നുണ്ട്. എങ്കിലും തെക്കന്‍ കരിയാത്തന്‍ എന്ന പേരിലാണ് പ്രസിദ്ധം. ഈ തെയ്യത്തിന്റെ കൂടെ“കൈക്കോലന്‍” എന്ന തെയ്യവും കൂടി കെട്ടിയാടിക്കാറുണ്ട്.
ഇവരെക്കുറിച്ചുള്ള ഐതിഹ്യം ഇങ്ങിനെയാണ്‌: പാലാര്‍ വീട്ടില്‍ പട നായരും പാലക്കുന്നത്ത് കേളെന്ദ്ര നായരും മല പൊലിച്ച് നായാടാനും കറ്റല്‍ പൊലിച്ച് മീന്‍ പിടിക്കാനും പുറപ്പെട്ടുവത്രേ. നായാട്ടില്‍ ഒന്നും തടയാത്തതിനെ തുടര്‍ന്ന്‍ ക്ഷീണിച്ചവശരായ ഇവര്‍ വെള്ളം കുടിക്കാനായി കരിങ്കുലക്കണ്ടത്തക്കമ്മയുടെ വീട്ടിലെത്തുകയും അവര്‍ അവരെ ഭക്ഷണം കഴിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. കുളിക്കാനായി കരിഞ്ചിലാടന്‍ ചിറയിലെത്തിയ അവര്‍ ചിറയില്‍ അത്ഭുത രൂപത്തിലുള്ള മീനുകളെ കാണുകയും എന്നാല്‍ അവ അവര്‍ക്ക് പിടിക്കൊടുക്കാതെ നീങ്ങുകയും ചെയ്തു. വീട്ടിലെത്തിയപ്പോള്‍ വീട്ടിലെ കിണറിലും ഇവയെ തന്നെ കണ്ടെത്തിയതിനെ തുടര്‍ന്ന്‍ കദളിപ്പഴം വെള്ളിപ്പാളയിലിട്ടു കിണറിലേക്ക് താഴ്ത്തിയപ്പോള്‍ അവ തങ്ങളുടെ രൂപം ചെറുതാക്കി പാളയില്‍ കയറുകയും ഇവയെ കറിവെക്കാനായി മുറിക്കാന്‍ തുടങ്ങുമ്പോഴേക്കും അവയുടെ തനി രൂപം അവ കാണിച്ചു കൊടുക്കുകയും ചെയ്തതിനെ തുടര്‍ന്ന്‍ അറിയാതെ ചെയ്ത തെറ്റിന് മാപ്പിരക്കുകയും പ്രായശ്ചിത്തം ചെയ്യുവാനും തീരുമാനിച്ചു. ഈ രണ്ടു മീനുകളില്‍ ഒന്ന് ശിവ ചൈതന്യവും മറ്റൊന്ന് വിഷ്ണു ചൈതന്യവും ഉള്ളതായിരുന്നു.
അത് പ്രകാരം അന്ന് തൊട്ടു ഏഴാം ദിവസം മതിലകത്തെ കരിങ്കല്‍ പടിക്കിരുപുറവും രണ്ടു പൊന്മക്കള്‍ പിറന്നുവെങ്കില്‍ അവരെ വളര്‍ത്തി പയറ്റ് വിദ്യ പഠിപ്പിക്കുമെന്നും അവരോളം വണ്ണത്തില്‍ പൊന്‍ രൂപമുണ്ടാക്കി കുഞ്ഞിമംഗലത്ത് കൊട്ടയില്‍ കൊണ്ടോപ്പിക്കാമെന്നും പറഞ്ഞു. അത് പ്രകാരം ഏഴാം നാള്‍ കരിങ്കല്‍ പടിക്കിരുപുറവും പൊടിച്ചുണ്ടായ പൊന്മക്കളാണ് തെക്കന്‍ കൊമപ്പനും തെക്കന്‍ ചാത്തുവും. യഥാകാലം ഇവര്‍ വിദ്യകളെല്ലാം പഠിച്ചു ചുരിക കെട്ടി ചേകോനാകേണ്ട പ്രായമായപ്പോള്‍ പാണ്ടി പെരുമാളില്‍ നിന്നും ചുരിക വാങ്ങി ആചാരപ്പെട്ടപ്പോള്‍ തെക്കന്‍ ചാത്തു‘തെക്കന്‍ കരിയാത്തന്‍’ എന്നും തെക്കന്‍ കോമപ്പന്‍ ‘തെക്കന്‍ കരുമകനെന്നും’ആചാരപ്പേര്‍ ലഭിച്ചു.
ഇവര്‍ പിന്നീട് വലിയൊരു പനമുറിച്ചു വില്ലുകള്‍ ഉണ്ടാക്കുകയും ഇവരുടെ ജീവിതത്തില്‍ പല അത്ഭുതങ്ങളും സംഭവിക്കുകയും ചെയ്തു. മദ്യം കൊടുക്കാതിരുന്ന ചന്തന്‍ തണ്ടാനും തിരുനെല്ലൂര്‍ തണ്ടാത്തിക്കും ഭ്രാന്ത് നല്‍കിയ ഇവര്‍ പിന്നീട് അവരെ സല്ക്കരിച്ചപ്പോള്‍ മാത്രമേ ഭ്രാന്ത് മാറ്റിയുള്ളൂ. വഴിയില്‍ വെച്ച് അവരെ പരിഹസിച്ച ഒരു കുട്ടിയുടെ കൈ മുറിച്ചു കളയാനും കരിയാത്തന് മടിയുണ്ടായില്ല. കുട്ടി കരഞ്ഞു മാപ്പപേക്ഷിച്ചതിനെ തുടര്‍ന്നാണ്‌ കൈ തിരികെ ലഭിച്ചത്. കുട്ടി പിന്നീട് ഇവരുടെ സേവകനായി മാറി. കരിയാത്തന്‍ തെയ്യത്തോടോപ്പം കെട്ടിയാടിക്കുന്ന “കൈക്കോലന്‍ തെയ്യം”ആ കൈ പോയ കുട്ടിയുടെ സങ്കല്‍പ്പത്തില്‍ ഉള്ളതാണ്. വളരെ ലളിതമായ വേഷമാണ് ഈ തെയ്യത്തിന്റെത്. ശരീരത്തില്‍ വെള്ള കളറും മുഖത്ത് മഞ്ഞകളറുമാണ് ചമയം. കൊഴുപറ്റം എന്ന ചെറിയ ഒരു തലമുടിയും ഈ തെയ്യത്തിനുണ്ട്.കണ്ണൂര്‍ ജില്ലയിലെ ബ്ലാത്തൂര്‍ താഴെപ്പള്ളിയത്ത് കോട്ടത്തും,കോഴിക്കോട് ജില്ലയിലെ തിക്കൊടി പഞ്ചായത്തിലെ പുറക്കാട് ഗ്രാമത്തിലെ അരിമ്പൂര്‍ ശ്രീ കരിയാത്തന്‍ ക്ഷേത്രത്തിലും ഇവരാണ് പ്രധാന ഉപാസന മൂര്‍ത്തികള്‍.
നാവു തീയര്‍ എന്നും വളഞ്ചിയര്‍ എന്നും അറിയപ്പെടുന്ന നാതിയന്‍, നാദ്യന്‍,വിളക്കിത്തല നായര്‍ എന്നിങ്ങനെ ദേശഭേദമനുസരിച്ച് അറിയപ്പെടുന്നവരുടെ കുലത്തൊഴില്‍ സവര്‍ണ്ണര്‍ക്കുള്ള ക്ഷൌര വൃത്തിയാണ്. ഇവരുടെ കുല ദൈവങ്ങളില്‍ ഒന്നാണ് തെക്കന്‍ കരിയാത്തന്‍. കണ്ണപുരം,കണ്ടക്കൈ, കുണ്ടയം കൊവ്വല്‍, പരിയാരം എന്നിവിടങ്ങളില്‍ ഇവര്‍ക്ക് തെയ്യക്കാവുകളുണ്ട്. തെയ്യം ഇവരെ‘അറുവര്‍ കാരണോന്മാരേ’എന്നാണു വിളിക്കുക. എന്നാല്‍ അവര്‍ണ്ണരായ തീയര്‍ക്ക് പൌരോഹിത്യവും ക്ഷൌരവൃത്തിയും ചെയ്യുന്ന കാവുതീയരും സവര്‍ണ്ണര്‍ക്ക് മാത്രം ഇത് ചെയ്തു കൊടുക്കുന്ന നാവു തീയരും ഒരേ സമുദായമല്ല. ‘ക്ടാരന്മാരുടെ’കൂടി കുല ദൈവമാണ് തെക്കന്‍ കരിയാത്തന്‍.