ഒരു മാല...മുല്ലയും തുളസിയും പിച്ചകവുമൊക്കെ ഇടകലർത്തി കെട്ടി അതും കൊണ്ട് ആ അമ്മൂമ്മ കണ്ണൻറെ സവിധത്തിലേക്ക് പുറപ്പെട്ടു.എന്നും ഉള്ളതാണാ യാത്ര.കൊണ്ടു ചെല്ലുന്ന പാടേ മേൽശാന്തി അതു വാങ്ങി ആ ഓമൽ തിരുമേനിയിൽ ചാർത്തും.അതിനു ശേഷമേ മറ്റു മാലകൾ ചാർത്താറുള്ളൂ...അതും കണ്ട് കണ്ട് നിൽക്കുമ്പോൾ അമ്മൂമ്മയ്ക്ക് കണ്ണൻറെ പലഭാവങ്ങൾ മനസ്സിലേക്കോടിയെത്തും.
അങ്ങനെ സുഖകരമായ ആ അനുഭൂതിയും കൊണ്ട് വീട്ടിലേക്കു മടക്കം.അതായിരുന്നു നിത്യം.അന്നും പതിവുപോലെ മാലയും കൊണ്ടു ചെന്ന നേരം പക്ഷേ ശാന്തിക്കാരൻ പുതിയ ആളായിരുന്നു.അയാൾക്ക് അമ്മൂമ്മയുടെ പതിവ് അറിയാത്തതിനാൽ നേരത്തെ തന്നെ അലങ്കാരം കഴിഞ്ഞു.പഴയ ആള് ഇത്തിരി വൈകിയാലും അമ്മൂമ്മയെ കാത്തു നിൽക്കാറുണ്ടായിരുന്നു.പുതിയ ആൾക്ക് അതറിയാത്തതിനാൽ അയാൾ അലങ്കാരം കഴിഞ്ഞ് പൂജ തുടങ്ങി.
അമ്മൂമ്മയ്ക്കതു കണ്ടപ്പോ വലിയ സങ്കടമായി.എന്നാലും ആ മാല നടയിൽ വച്ചു.നിറ കണ്ണുകളോടെ കണ്ണനെ നോക്കി....പതുക്കെ തിരികെ നടന്നു....ശാന്തിക്കാരനാ മാലയും എടുത്ത് ഭഗവാനു തന്നെ മറ്റു മാലകളുടെ കൂട്ടത്തിൽ ചാർത്തി.
പിറ്റേന്ന് അമ്മൂമ്മ കുറച്ച് നേരത്തെ പുറപ്പെട്ടു.അങ്ങനെ ക്ഷേത്രത്തിലെത്തി.നേരത്തെയായതിനാൽ നട തുറക്കുന്നേയുള്ളൂ....അവിടെ കാത്തു നിന്ന അമ്മൂമ്മ ....നട തുറന്നപ്പോൾ അകത്തു കടന്ന് പതിവുപോലെ മാല തൃപ്പടിയിൽ വച്ചു.
ശാന്തിക്കാരൻ നിർമ്മാല്യം മാറ്റിത്തുടങ്ങി.തുടർന്ന് ആ മാലയും അയാൾ ചാർത്തി.അങ്ങിനെ അമ്മൂമ്മ തലേന്നത്തെ ദുഖമൊഴിഞ്ഞ് മടങ്ങി.
വീട്ടിൽ ചെന്ന് പതിവു പോലെ ഭാഗവതഗ്രന്ഥമെടുത്തു വായിക്കാനായി.വായന കഴിഞ്ഞു.നേരം പരപരാന്ന് വെളുത്തു തുടങ്ങി.പതുക്കെ എഴുന്നേറ്റ് ഉമ്മറത്തേക്ക് ചെന്നപ്പോളതാ ഒരു കുട്ടി .....അമ്മേ വിശക്കുന്നു ...വല്ലതും തരൂ...എന്നു പറഞ്ഞു നിൽക്കുന്നു.
അകത്തുപോയി കുറച്ചവിലും പഴവും എടുത്ത് പുറത്തു വന്നു നോക്കുമ്പോൾ ആ കുട്ടിയെ കാണാനില്ല.ഇതെവിടെ പോയെന്ന് ചിന്തിച്ച് തിരികെ വന്നു നോക്കുമ്പോളുണ്ട് താൻ എന്നും വായിക്കുന്ന ആ ഭാഗവതഗ്രന്ഥം ഒരു മാല കൊണ്ടലങ്കരിച്ചിരിക്കുന്നു.സൂക്ഷിച്ച് നോക്കിയപ്പോ......കണ്ടു അതു താൻ കെട്ടികൊണ്ടുപോയ മാല പോലെ തന്നെ....
അത്ഭുതത്തോടെ അതിലേറെ ആനന്ദത്തോടെ മടങ്ങി വന്നു നോക്കുമ്പോൾ താനാ കുട്ടിക്ക് കൊടുക്കാനായെടുത്ത അവിലും പഴവും കാണാനില്ല.....അന്നു മുഴുവൻ അതാലോചിച്ച് രാത്രി ഉറങ്ങിയ ആ അമ്മൂമ്മ സ്വപ്നത്തിൽ കണ്ടു......താൻ കൊടുത്ത അവിലും പഴവും കഴിച്ച് താനേകിയ മാലയും ചൂടി നിൽക്കുന്ന തൻറെ കണ്ണനെ.....ആകെ ആനന്ദത്തിലാറാടി ....
പിറ്റേന്ന് ക്ഷേത്രത്തിലെത്തിയ നേരം ശാന്തിക്കാരൻ എല്ലാവരോടുമായിഅവിടെ നിന്ന് പറയുന്നുണ്ടായിരുന്നു....ഇന്നലെ നടയടയ്ക്കുന്ന വരെ ഞാനാ അവിലും പഴവും കണ്ടിട്ടില്ല.....ഞാനൊട്ട് നേദിച്ചിട്ടുമില്ല.....പിന്നെങ്ങനെ അതവിടെ വന്നെന്ന് ഒരൂഹവുമില്ല.....അപ്പോ അമ്മൂമ്മയ്ക്ക് ഓർമ്മ വന്നത് തലേന്നത്തെ സ്വപ്നമാണ്....
അമ്മൂമ്മ അറിയാതെ മനസ്സിൽ പറഞ്ഞുപോയീ....അപ്പോ...കുസൃതീ....നീയാ അവിലു കഴിച്ചിരുന്നത് ഇവിടെ നിന്നായിരുന്നല്ലേ..ഇതിനകത്തു വച്ച് ആരും കാണാതെ....ആയിരുന്നല്ലേ.....അതും മനസ്സിലാലോചിച്ച് ശ്രീലകത്തേക്കു നോക്കിയ ആ അമ്മൂമ്മ കണ്ടു....തന്നെ നോക്കി ആരോടും പറയരുതെന്ന ഭാവത്തിൽ കള്ളക്കണ്ണിറുക്കി കാട്ടി ചിരിയോടെ നിൽക്കുന്ന ആ കായാമ്പൂവർണ്ണനെ...തൻറെ കുസൃതിക്കുടുക്കയെ.
🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺
No comments:
Post a Comment